ഒരു കണ്ണീർക്കഥ
അവൾ എന്തിനുവേണ്ടിയാണ് കരയുന്നത്? കാരണങ്ങൾ പലതാണ്, എങ്കിലും അവളുടെ കരച്ചിലിനു പിന്നിലെ കാരണങ്ങൾ എപ്പോഴും ഗൗരവമുള്ളതുതന്നെയാണ് ... ഭക്ഷണം വലിച്ചെറിയരുതെന്നു ഞാൻ ശകാരിച്ചാൽ അവൾ കരയും... പുറത്തെ പൈപ്പിൽ നിന്നും വെള്ളം കുടിക്കാൻ സമ്മതിക്കാതിരുന്നാൽ അവൾ കരയും... ചുവന്നനിറമുള്ള ആ പൊടി, അതേ, മുളകുപൊടി തന്നെ... അതു കൊടുത്തില്ലെങ്കിലും "വെളിച്ചെണ്ണ ജ്യൂസ് " തിരികെ വാങ്ങിയാലും അവൾ കരയും... വെള്ളം കുടിച്ചതിനു ശേഷം ഗ്ലാസ് വലിച്ചെറിയാൻ അനുമതി നല്കിയില്ലെങ്കിലും അവളുടെ ഭക്ഷണം വാതിലിനു പുറകിലോ പുറത്തു മുറ്റത്തോ ഞാൻ കണ്ടുപിടിച്ചാലും അവൾ കരയും.... ബിസ്ക്കറ്റ് രണ്ടായി ഒടിഞ്ഞു പോയാലും മിൽക്ക് ബിക്കിസ് ബിസ്ക്കറ്റിൻ്റെ കണ്ണിനും മൂക്കിനും ചുണ്ടിനും അല്പം രൂപമാറ്റമുണ്ടെങ്കിലും അവൾ കരയും... ഞാൻ ഭക്ഷണം കഴിക്കുകയാണെങ്കിലോ, 'അമ്മ കഴിക്കണ്ടാ...'ന്നു പറഞ്ഞും അച്ഛൻ കുളിക്കാൻ പോയപ്പോൾ 'കൂടെ കൂട്ടിയില്ല.... ' എന്നു പറഞ്ഞും അവൾ കരയും... അവൾക്ക് പനിയില്ലാത്തപ്പോൾ 'മരുന്ന് വേണമെന്നു' വാശിപിടിച്ചും ഇനിയിപ്പോ പനിയുണ്ടെങ്കിൽ 'മരുന്ന് കുടിക്കില്ല ' എന്നു വാശി പിടിച്...