ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....
ഗോഡ്ഫാദർ, 1991 ൽ സിദ്ദിഖ് ലാൽ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചലച്ചിത്രം. ഈ സിനിമയിലെ ഇന്നസെൻ്റ്( സ്വാമിനാഥൻ), ജഗദീഷ് ( മായിൻ കുട്ടി) എന്നിവരുടെ കോമ്പിനേഷൻ മലയാള സിനിമയിലെ തന്നെ ഏറ്റവും മികച്ച കോമഡി കൂട്ടുകളിൽ ഒന്നാണ്. സിനിമ ഇറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും സോഷ്യൽ മീഡിയയിലും ട്രോളുകളിലും ഏറ്റവും കൂടുതൽ ഉപയോഗിക്കപ്പെടുന്ന ഡയലോഗ് ആണ് "നീയൊക്കെ എന്തിനാടാ പഠിക്കുന്നത്...." പിന്നിട്ട വഴികളിൽ ഒരിക്കലെങ്കിലും നമ്മളിൽ പലരിലും ഒരു ഇന്നസെൻ്റ് ഉണർന്നിട്ടുണ്ടാകും അല്ലെങ്കിൽ ഒരു ഇന്നസെൻ്റിനെ അഭിമുഖീകരിച്ചിട്ടുണ്ടാകും. പ്രത്യേകിച്ച് ബോർഡിലെ ചോക്ക് വരകൾ ത്രികോണമിതിയിലെ സൈനും കോസും ഒക്കെ ആകുമ്പോൾ. "ഇതൊക്കെ പഠിച്ചിട്ട് എന്ത് കാര്യം?" എന്ന ആ ചോദ്യം കേവലം ഒരു സിനിമ ഡയലോഗ് അല്ല, മറിച്ച് തലമുറകൾ ആയുള്ള വിദ്യാർത്ഥികളുടെ നിശബ്ദ രോദനമാണ് . പഠിക്കുന്ന കാര്യങ്ങൾ ജീവിതവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്ന് അറിയാത്ത അവസ്ഥയിൽ പുസ്തകം പുഴയിൽ എറിയാൻ തോന്നുന്ന ആ വിപ്ലവകരമായ ചിന്ത പലർക്കും റിലേറ്റബിൾ ആണ്.
ഒരു ഗണിത അധ്യാപിക എന്ന നിലയിൽ വിഷയങ്ങളെ ജീവിതവുമായി ബന്ധപ്പെടുത്താൻ ശ്രമിച്ചിട്ടുണ്ട് . പക്ഷേ അന്നെല്ലാം ഉയരവും ദൂരവും അളക്കാനും കെട്ടിടങ്ങളുടെയും പാലങ്ങളുടെയും നിർമ്മാണ മേഖലയിലും മാത്രമായി ത്രികോണമിതി ഒതുങ്ങി നിന്നു. അദ്ധ്യാപന മേഖലയിൽ നിന്നും വിട്ടുമാറി ജീവിതം ഒരു അമ്മയുടെ റോൾ തകർത്താടുമ്പോഴാണ് ഗണിതത്തെ ഒരു പത്തടി അകലെ നിന്നു പോലും നോക്കി കാണാൻ മടിക്കുന്ന എൻറെ പ്രിയതമൻ ഒരു ചോദ്യം എനിക്ക് മുന്നിൽ വച്ചത്. ' ഓഷന്യോഗ്ര ഹി ' പഠിപ്പിക്കുന്ന ഇങ്ങേർക്ക് ത്രികോണമിതിയുമായി എന്ത് ബന്ധം എന്ന് ചിന്തിച്ച്, നോക്കിയപ്പോൾ, "തിന്നാൻ പോലും കൊള്ളില്ല" എന്ന് ചീത്ത പേരുള്ള cos x ഒരു മീനിൻ്റെ രൂപത്തിൽ എന്നെ നോക്കി ചിരിച്ചു. "നീ ഇതുവരെ കണ്ടതല്ല സത്യം, ഇനി കാണാൻ ഇരിക്കുന്നതാണ് സത്യം", എന്ന മോഹൻലാൽ ഡയലോഗ് ആ മീൻ എന്നെ നോക്കി പറഞ്ഞു എന്ന സംശയം ഇല്ലാതില്ല. ഓരോ മേഖലയിലും ത്രികോണമിതിയുടെ പ്രയോഗങ്ങളെ കുറിച്ച് സങ്കീർണമായ രീതിയിൽ വാചാലയാകാനുള്ള സങ്കീർണമായ ബുദ്ധി എനിക്ക് ഇല്ലാത്തതുകൊണ്ട് ലളിതമായ വാക്കുകളിൽ നമുക്കു നോക്കാം , ത്രികോണമിതിയുടെ പ്രായോഗികാവശ്യങ്ങൾ....
ഇത് എല്ലാവർക്കും ഉപകാരപ്രദമാകുമോ എന്ന് എനിക്ക് അറിയില്ല.എന്നാൽ എൻ്റെ മക്കളുടെ പഠന യാത്രയിൽ അവർക്ക് ഇതൊരു കൈത്താങ്ങാകും എന്ന് എനിക്ക് ഉറപ്പുണ്ട്. നാളെയുടെ ലോകത്ത് നടന്നു കയറേണ്ട ഉയരങ്ങൾ അളക്കാൻ, എൻ്റെ പ്രിയപ്പെട്ട മക്കൾക്കായി ഞാൻ കുറിക്കുന്ന ഗണിത സൂത്രങ്ങൾ .....
മൈതാനത്ത് നിൽക്കുന്ന ഒരാൾ ഒരു വലിയ മരത്തിൻ്റെ ഉയരം അളക്കുന്ന ലളിതമായ ഉദാഹരണത്തിലൂടെ നമുക്ക് തുടങ്ങാം. ഈ ഉദാഹരണം നമുക്കെല്ലാം സുപരിചിതമാണ്, പാഠപുസ്തകങ്ങളിലെ ഗണിത പ്രശ്നങ്ങളിൽ സ്ഥിരമായി കാണാറുള്ള ലോകപ്രശസ്തമായ ആ ചോദ്യം എങ്ങനെ മറക്കാനാണ്?
ഒരു മരത്തിൽ നിന്നും 10 മീറ്റർ അകലെ നിൽക്കുന്ന ഒരാൾ മരത്തിന്റെ മുകൾഭാഗം 45° കോണളവിൽ (Angle of elevation) നോക്കുന്നു. അയാളുടെ കണ്ണിൽ നിന്നുള്ള ഉയരം 1.5 മീറ്റർ ആണെങ്കിൽ മരത്തിന്റെ ആകെ ഉയരം എത്ര?
ഇവിടെ മരത്തിന്റെ മുകൾഭാഗം വരെയുള്ള ഉയരത്തെ ' h' എന്നും അകലത്തെ 'd' എന്നും എടുത്താൽ tan 45 = h/d
അതായത് , tan45 = h/10
Tan 45 എന്നത് 1 ആയതുകൊണ്ട് h= 10 m.
ആകെ ഉയരം എന്നത് ഈ ഉയരത്തോട് നോക്കുന്ന ആളുടെ കണ്ണിൽ നിന്നുള്ള ഉയരം കൂടി കൂട്ടുന്നതാണ്, 10+1.5= 11.5 m
എന്തുകൊണ്ട് tan ഉപയോഗിക്കുന്നുവെന്നും കോണളവ് എങ്ങനെ കണ്ടെത്താൻ സാധിക്കും എന്നുമുള്ള സംശയം സ്വാഭാവികമായും ഒരു വിദ്യാർത്ഥിക്ക് ഉണ്ടായിരിക്കും ....
ഉയരമുള്ള വസ്തുക്കളെ (മരങ്ങൾ, കെട്ടിടങ്ങൾ, ഗോപുരങ്ങൾ) നോക്കുമ്പോൾ ഉണ്ടാകുന്ന കോണളവ് അളക്കാൻ ക്ലൈനോമീറ്റർ (Clinometer) ഉപയോഗിക്കാം . ഒരു പ്രൊട്രാക്ടർ, ഒരു നൂൽ, ഭാരമായി ഒരു ചെറിയ ലോഹക്കഷണം എന്നിവ ഉപയോഗിച്ച് ലളിതമായ ഒരു ക്ലൈനോമീറ്റർ വീട്ടിൽ തന്നെ നിർമ്മിക്കാൻ സാധിക്കും .
നമുക്ക് Tan തന്നെ ഉപയോഗിക്കേണ്ടി വരുന്നത് എന്തുകൊണ്ടാണെന്ന് നോക്കാം.
ഒരു മട്ടത്രികോണത്തിൽ (Right-angled triangle) പ്രധാനമായും മൂന്ന് വശങ്ങളാണുള്ളത്.
Adjacent Side (സമീപവശം): നമ്മൾ മരത്തിൽ നിന്നും മാറി നിൽക്കുന്ന അകലം.
Opposite Side (എതിർവശം): നമ്മൾ കാണാൻ ശ്രമിക്കുന്ന മരത്തിന്റെ ഉയരം.
Hypotenuse (കർണ്ണം): നമ്മുടെ കണ്ണിൽ നിന്നും മരത്തിന്റെ മുകളിലേക്കുള്ള ചരിഞ്ഞ ദൂരം.
ത്രികോണമിതിയിലെ (Trigonometry) മൂന്ന് പ്രധാന സൂത്രവാക്യങ്ങൾ ഇവയാണ്:
Sin = Opposite / Hypotenuse
Cos = Adjacent / Hypotenuse
Tan = Opposite / Adjacent
എന്തുകൊണ്ട് Tan?
നമ്മുടെ മരത്തിന്റെ ഉദാഹരണത്തിൽ,
നമുക്ക് അറിയാവുന്ന കാര്യം: മരത്തിലേക്കുള്ള അകലം (Adjacent side).
നമുക്ക് കണ്ടെത്തേണ്ട കാര്യം: മരത്തിന്റെ ഉയരം (Opposite side).
ഈ രണ്ട് വശങ്ങളെയും (Opposite & Adjacent) തമ്മിൽ ബന്ധിപ്പിക്കുന്ന ഒരേയൊരു വഴി Tan മാത്രമാണ്. അതുകൊണ്ടാണ് നമ്മൾ Tan ഉപയോഗിക്കുന്നത്. മരത്തിന്റെ മുകളിലേക്കുള്ള ചരിഞ്ഞ ദൂരം (Hypotenuse) നമുക്ക് അറിയുകയുമില്ല, അത് കണ്ടെത്തേണ്ട ആവശ്യവുമില്ല. അതുകൊണ്ട് Sin-ഉം Cos-ഉം ഇവിടെ ഉപയോഗപ്രദമല്ല.
ചുരുക്കത്തിൽ , തറയിലുള്ള അകലവും കുത്തനെയുള്ള ഉയരവും തമ്മിലുള്ള ബന്ധം അളക്കാൻ Tan ആണ് ഏറ്റവും എളുപ്പമുള്ള വഴി.
എപ്പോഴാണ് Sin ഉപയോഗിക്കേണ്ടത്?
നമുക്ക് ഒരു ചരിഞ്ഞ ദൂരം (Hypotenuse) അളക്കേണ്ടി വരുമ്പോഴാണ് പ്രധാനമായും Sin ഉപയോഗിക്കുന്നത്.
(ഉദാഹരണം: ഒരു ഇലക്ട്രിക് പോസ്റ്റിൽ ചായച്ചു വെച്ചിരിക്കുന്ന ഒരു ഏണിയുടെ നീളം കാണേണ്ടി വരുമ്പോൾ)
എപ്പോഴാണ് Cos ഉപയോഗിക്കേണ്ടത്?
നിലത്തുകൂടിയുള്ള ദൂരവും ചരിഞ്ഞ ദൂരവും തമ്മിലുള്ള ബന്ധം അളക്കാനാണ് Cos ഉപയോഗിക്കുന്നത്.
(ഉദാഹരണം: ഒരു കുന്നിൻ മുകളിലേക്ക് ഒരു റോഡ് നിർമ്മിക്കുന്നു. റോഡിന്റെ നീളം (Hypotenuse) നമുക്കറിയാം. എന്നാൽ കുന്നിന്റെ താഴെ നിന്ന് റോഡ് അവസാനിക്കുന്ന സ്ഥലം വരെ തറയിലൂടെയുള്ള ദൂരം (Adjacent side) എത്രയാണെന്ന് അറിയേണ്ട സാഹചര്യത്തിൽ ) .
ആ പാഠപുസ്തക ചോദ്യങ്ങൾ പരോക്ഷമായ അളവെടുപ്പിന് (indirect measurement) ഏറ്റവും മികച്ച ഉദാഹരണങ്ങളാണ്.ഒരു വലിയ കെട്ടിടത്തിന്റെയോ മരത്തിന്റെയോ മുകളിൽ നിന്ന് താഴേക്ക് ടേപ്പ് ഇട്ട് അളക്കുക എന്നത് പ്രായോഗികമല്ല. ഇവിടെയാണ് ത്രികോണമിതി പ്രവർത്തിക്കുന്നത്. ഇതിനായി എളുപ്പത്തിൽ അളക്കാൻ കഴിയുന്ന രണ്ട് വിവരങ്ങൾ മാത്രം മതി.
ഈ രംഗം 1991-ൽ പുറത്തിറങ്ങിയ 'കിലുക്കാംപെട്ടി' എന്ന മലയാള സിനിമയിലേതാണ്. മലയാളികൾക്ക് ടോട്ടൽ സ്റ്റേഷൻ എന്ന ഉപകരണം സുപരിചിതമായത് ഒരുപക്ഷേ 'കിലുക്കാംപെട്ടി' എന്ന ഈ സിനിമയിലൂടെയാകാം. എന്നാൽ ഈ സിനിമ ആ ഉപകരണത്തിന്റെ യഥാർത്ഥ ഉപയോഗത്തെക്കുറിച്ച് ഒരു തെറ്റിദ്ധാരണ ജനങ്ങളിൽ ഉണ്ടാക്കിയിട്ടുണ്ട്. സിനിമയിൽ നായകൻ ദൂരെയുള്ള നായികയെ നോക്കാൻ വേണ്ടിയുള്ള ഒരു 'ടെലിസ്കോപ്പ്' ആയാണ് ഇത് ഉപയോഗിക്കുന്നത്. എന്നാൽ യഥാർത്ഥത്തിൽ ടോട്ടൽ സ്റ്റേഷൻ എന്നത് കേവലം ദൂരദർശിനിയല്ല, മറിച്ച് ത്രികോണമിതി സിദ്ധാന്തങ്ങൾ ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഒരു ഗണിതശാസ്ത്ര ഉപകരണമാണ്. ഒരു ടോട്ടൽ സ്റ്റേഷൻ ദൂരവും കോണുകളും അളന്ന്, Sin, Cos, Tan തുടങ്ങിയ ട്രിഗണോമെട്രിക് അനുപാതങ്ങളിലൂടെ സെന്റിമീറ്റർ പോലും വ്യത്യാസമില്ലാതെ കൃത്യമായ അളവുകൾ കണക്കാക്കുന്നു. സിനിമയിൽ കാണുന്നത് പോലെ വെറുതെ നോക്കാനല്ല, മറിച്ച് ഭൂമിയുടെ കൃത്യമായ വിസ്തീർണ്ണവും കെട്ടിടങ്ങളുടെ ഉയരവും കണ്ടെത്താനാണ് എഞ്ചിനീയർമാർ ഇത് ഉപയോഗിക്കുന്നത്. ഗണിതശാസ്ത്രം നമ്മുടെ നിത്യജീവിതത്തിൽ, പ്രത്യേകിച്ച് നിർമ്മാണ മേഖലയിൽ എത്രത്തോളം അവിഭാജ്യമാണെന്ന് തെളിയിക്കുന്ന മികച്ച ഉദാഹരണമാണ് ഈ ഉപകരണം.
ഒരു തിയോഡൊലൈറ്റും (Theodolite) (ഭൂമിശാസ്ത്രപരമായ സർവേയിംഗിലും നിർമ്മാണ പ്രവർത്തനങ്ങളിലും കോണുകൾ കൃത്യമായി അളക്കാൻ സഹായിക്കുന്ന ഉപകരണമാണ് തിയോഡൊലൈറ്റ് ) ഇലക്ട്രോണിക് ഡിസ്റ്റൻസ് മീറ്ററും (EDM) ഒരു മൈക്രോപ്രോസസറും ഒത്തുചേരുന്നതാണ് ടോട്ടൽ സ്റ്റേഷൻ. ടോട്ടൽ സ്റ്റേഷൻ ഒരു പോയിന്റിലേക്ക് ലേസർ അടിക്കുമ്പോൾ, അവിടെ ഒരു സാങ്കല്പിക മട്ടത്രികോണം രൂപപ്പെടുന്നു. പ്രിസത്തിൽ തട്ടി തിരികെവരുന്ന ഇൻഫ്രാറെഡ് രശ്മികളുടെ സമയം ഉപയോഗിച്ച് ദൂരവും, കോണുകൾ ഉപയോഗിച്ച് ദിശയും അളന്ന്, സ്ഥലത്തിന്റെ കൃത്യമായ 3D കോർഡിനേറ്റുകൾ (X, Y, Z) മൈക്രോപ്രൊസസ്സർ വഴി ഇത് കണക്കാക്കുന്നു. ഒരു ടോട്ടൽ സ്റ്റേഷൻ ഓപ്പറേറ്റർ ഒരു പോയിന്റിൽ നിന്ന് അടുത്ത പോയിന്റിലേക്ക് നീങ്ങുമ്പോൾ അദ്ദേഹം ചെയ്യുന്നത് വെറുതെ നടക്കുകയല്ല, മറിച്ച് ഭൂമിയിൽ ഗണിതശാസ്ത്രപരമായ ഒരു ജാലിക നെയ്യുകയാണ്. ഓരോ സ്റ്റെപ്പിലും അദ്ദേഹം ഒരു പുതിയ മട്ടത്രികോണം സൃഷ്ടിക്കുകയും അതിന്റെ വശങ്ങൾ അളക്കുകയും ചെയ്യുന്നു. നമ്മൾ പഠിച്ച Sin, Cos നിയമങ്ങൾ തന്നെയാണ് ഈ യന്ത്രവും ഉപയോഗിക്കുന്നത്. അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കൂടുതൽ പറയുന്നില്ല. കാരണം, 'യന്ത്രങ്ങളുടെ പ്രവർത്തനരീതിയൊന്നും എന്നെ പഠിപ്പിക്കേണ്ട' എന്ന് വിചാരിക്കുന്ന എന്നെ പോലെയുള്ള ഒരാളാണ് നിങ്ങളെങ്കിലോ...
വീട്, അത് എല്ലാവരുടെയും സ്വപ്നമാണ്. പണമുള്ളവർ ആർഭാടങ്ങൾ നിറഞ്ഞ അന്തസിൻ്റെ പ്രതീകമായും പണമില്ലാത്തവർ അന്തിയുറങ്ങാൻ ഒരു ഇടമായും വീടിനെ സ്വപ്നം കാണും. സ്നേഹവും ചിരികളും കൊച്ചു പിണക്കങ്ങളും കൊണ്ട് നമ്മൾ മനോഹരമാക്കുന്ന ആ ഇടം അല്ലെങ്കിൽ നമ്മളുടെ ആ സ്വപ്നസൗധം കേവലം കല്ലും സിമന്റും ഉപയോഗിച്ചുള്ള പണിയല്ല, മറിച്ച് കൃത്യമായ അളവുകളുടെയും ഗണിതശാസ്ത്രത്തിന്റെയും ഒരു സമന്വയമാണ്.
ഒരു കെട്ടിടത്തിന്റെ തറ നിരപ്പാക്കുന്നതിനും ഭിത്തികൾ കൃത്യം 90 ഡിഗ്രിയിൽ നിർമ്മിക്കുന്നതിനും ത്രികോണമിതിയിലെ സൂത്രവാക്യങ്ങൾ അത്യാവശ്യമാണ്. ഗോവണിയുടെ കയറ്റം എത്രത്തോളം കുത്തനെയുള്ളതായിരിക്കണം എന്ന് നിശ്ചയിക്കുന്നത് ടാൻജന്റ് ഉപയോഗിച്ചാണ്. സാധാരണയായി ഇത് 30 ഡിഗ്രിക്കും 45 ഡിഗ്രിക്കും ഇടയിലായിരിക്കും. വാതിലിന് മുകളിൽ ആർച്ചുകൾ (Arches) നൽകുന്നുണ്ടെങ്കിൽ, അവയുടെ വക്രതയും കൃത്യമായ പോയിന്റുകളും കണ്ടെത്താൻ ത്രികോണമിതി സഹായിക്കുന്നു. മേൽക്കൂര താങ്ങിനിർത്തുന്ന തടികളുടെയോ ഇരുമ്പ് കമ്പികളുടെയോ നീളം കണക്കാക്കാൻ സൈൻ, കോസൈൻ എന്നിവ ഉപയോഗിക്കുന്നു.
കെട്ടിടം നിൽക്കുന്ന ഭാഗത്തെ മണ്ണിൽ മുഴുവനായി കോൺക്രീറ്റ് സ്ലാബ് നിർമ്മിച്ച് അതിനു മുകളിൽ കെട്ടിടം പണിയുന്ന രീതിയെയാണ് റാഫ്റ്റ് ഫൗണ്ടേഷൻ (Raft Foundation) അഥവാ മാറ്റ് ഫൗണ്ടേഷൻ (Mat Foundation) എന്ന് പറയുന്നത്. റാഫ്റ്റ് ഫൗണ്ടേഷൻ പണിയുമ്പോൾ കെട്ടിടത്തിന്റെ ആകെ ഭാരത്തിന്റെ കേന്ദ്രവും (Center of Gravity) ഫൗണ്ടേഷന്റെ കേന്ദ്രവും ഒരേ ബിന്ദുവിലാണെന്ന് ഉറപ്പുവരുത്തണം. ഇതിൽ എന്തെങ്കിലും വ്യത്യാസം വന്നാൽ, സ്ലാബ് ഒരു വശത്തേക്ക് ചരിയാൻ സാധ്യതയുണ്ട്. ഈ ചരിവിന്റെ കോൺ കണക്കാക്കാൻ ടാൻജെന്റ് ഫങ്ക്ഷൻ ഉപയോഗിക്കുന്നു. മേൽക്കൂരയുടെ ചരിവ് എത്രയാണോ, അതിനനുസരിച്ചായിരിക്കും കാറ്റ് മേൽക്കൂരയിൽ ചെലുത്തുന്ന മർദ്ദം. ഈ മർദ്ദം കൃത്യമായി കണക്കാക്കാൻ ത്രികോണമിതി ഉപയോഗിക്കുന്നു. ഈ ഭാരം താങ്ങാൻ ശേഷിയുള്ള രീതിയിലായിരിക്കണം അടിയിലുള്ള റാഫ്റ്റ് സ്ലാബ് ഡിസൈൻ ചെയ്യേണ്ടത്.
എഞ്ചിനീയർ ഗണിതശാസ്ത്രം പഠിച്ചവരാണ്. ഒരു കെട്ടിടമോ പാലമോ ഡിസൈൻ ചെയ്യുമ്പോൾ അവർ അറിഞ്ഞു കൊണ്ടു തന്നെയാണ് ത്രികോണമിതി ഉപയോഗിക്കുന്നത്. എന്നാൽ ഒരു സാധാരണ കെട്ടിടം പണിയുന്ന മേസനോ ആശാരിയോ "ഞാനിപ്പോൾ ത്രികോണമിതിയാണ് ഉപയോഗിക്കുന്നത്" എന്ന് ചിന്തിക്കുന്നില്ല. അവർക്കത് അനുഭവത്തിലൂടെ പഠിച്ച അറിവാണ്. അവർക്ക് ഗണിതം ഒരു ഭാഷയല്ല മറിച്ച് ഉപകരണമാണ്. തച്ചന്മാരും (Carpenters) കൽപ്പണിക്കാരായ മേസൺമാരും (Masons) എങ്ങനെയാണ് ത്രികോണമിതി തത്വങ്ങൾ ഉപയോഗിക്കുന്നത് എന്ന് നമുക്കു നോക്കാം.
ത്രികോണമിതിയുടെ അടിസ്ഥാനമായ മട്ടത്രികോണത്തിന്റെ (Right-angled Triangle) ഒരു രൂപമാണ് L സ്ക്വയർ. പൈത്തഗോറസ് തത്വം ആണ് ഇവിടെ പ്രധാനമായും പ്രവർത്തിക്കുന്നത്. കെട്ടിടത്തിന്റെ തറയോ ചുമരോ കൃത്യമായ മട്ടത്തിലാണോ (Square) എന്ന് നോക്കാൻ മേസൺമാർ 3-4-5 എന്ന അളവ് ഉപയോഗിക്കാറുണ്ട്. മേൽക്കൂരകളുടെയും ഗോവണികളുടെയും (Stairs) ചരിവ് കണ്ടെത്താൻ തച്ചന്മാർ L സ്ക്വയർ ഉപയോഗിക്കുന്നു. അവർ ഒരു സങ്കീർണ്ണമായ ഇക്വേഷൻ എഴുതി കണക്കുകൂട്ടുന്നില്ലെങ്കിലും, L-square എന്ന ഉപകരണം തന്നെ ത്രികോണമിതി നിയമങ്ങൾ അനുസരിച്ച് നിർമ്മിക്കപ്പെട്ടതാണ്. അതുകൊണ്ട് അവർ ആ ഉപകരണം ഉപയോഗിക്കുന്ന നിമിഷം അറിയാതെ തന്നെ ത്രികോണമിതി പ്രയോഗിക്കുന്നു എന്നതാണ് വാസ്തവം.
ഒരു ചുവർ പണിയുമ്പോൾ അത് എത്രത്തോളം ചരിഞ്ഞിരിക്കുന്നു എന്ന് നോക്കാൻ പ്ലംബ് ബോബ് (തൂക്കുകട്ട ) ഉപയോഗിക്കുന്നു. ഇവിടെ ചുവരിന്റെ മുകളിൽ നിന്ന് തൂക്കിയിട്ടിരിക്കുന്ന നൂൽ ഒരു വശവും (Height), ചുവരും നൂലും തമ്മിലുള്ള അകലം മറ്റൊരു വശവും (Distance) ആയി കണക്കാക്കിയാൽ അവിടെ ഒരു ത്രികോണം രൂപപ്പെടുന്നു. തൂക്കുകട്ട ഉപയോഗിക്കുന്ന ഒരാൾ—സാധാരണയായി ഒരു കൽപ്പണിക്കാരൻ (Mason) അല്ലെങ്കിൽ തച്ചൻ (Carpenter)—നേരിട്ട് വലിയ കണക്കുകൂട്ടലുകൾ ചെയ്യുന്നില്ലെങ്കിലും, ആ ഉപകരണം നൽകുന്ന റഫറൻസ് ലൈൻ ത്രികോണമിതിയുടെ അടിസ്ഥാനമാണ്.
പ്ലംബിംഗ് ജോലികൾക്കോ തറ പണിയാനോ ചെറിയ ഒരു ചരിവ് (ഉദാഹരണത്തിന് 2 ഡിഗ്രി) ആവശ്യമാണെങ്കിൽ, ആ ചരിവ് കൃത്യമാണോ എന്ന് നോക്കാൻ ബബിൾ ലെവൽ സഹായിക്കുന്നു. കെട്ടിടനിർമ്മാണത്തിൽ പ്രതലങ്ങൾ ഭൂമിക്ക് സമാന്തരമാണോ എന്നും കുത്തനെയാണോ എന്നും പരിശോധിക്കാൻ ഉപയോഗിക്കുന്ന ഉപകരണമാണ് ബബിൾ ലെവൽ. ദ്രാവകം നിറച്ച ഒരു ചെറിയ ട്യൂബും അതിനുള്ളിലെ വായു കുമിളയുമാണ് ഇതിന്റെ പ്രധാന ഭാഗം. നിർമ്മാണ വേളയിൽ തറകൾ, ഭിത്തികൾ, തൂണുകൾ എന്നിവ ഒട്ടും ചരിവില്ലാതെ കൃത്യമായ സ്ഥാനത്ത് ഉറപ്പിക്കാനാണ് ഇത് ഉപയോഗിക്കുന്നത്. ബബിൾ ലെവലിന്റെ പ്രവർത്തനത്തിന് പിന്നിൽ ത്രികോണമിതി എന്ന ഗണിതശാസ്ത്ര തത്വം അടങ്ങിയിരിക്കുന്നു. ഇതിനുള്ളിലെ ട്യൂബ് യഥാർത്ഥത്തിൽ ഒരു വലിയ വൃത്തത്തിന്റെ ഭാഗമായതുകൊണ്ട്, പ്രതലത്തിലുണ്ടാകുന്ന നേരിയ ചരിവ് പോലും ഒരു കോണളവായി മാറുകയും അതിനനുസരിച്ച് കുമിള നീങ്ങുകയും ചെയ്യുന്നു. ഒരു പ്രതലത്തിന്റെ നീളവും ഉയരവും തമ്മിലുള്ള ബന്ധം (Rise and Run) ഉപയോഗിച്ച് ചരിവ് കണക്കാക്കുന്ന ത്രികോണമിതിയിലെ 'ടാൻജന്റ്' തത്വമാണ് ഇവിടെ പ്രയോഗിക്കപ്പെടുന്നത്. ചുരുക്കത്തിൽ, സങ്കീർണ്ണമായ സൂത്രവാക്യങ്ങൾ ഉപയോഗിക്കാതെ തന്നെ കെട്ടിടത്തിന്റെ കൃത്യത ഉറപ്പാക്കാൻ ബബിൾ ലെവൽ സഹായിക്കുന്നു.
പുസ്തകത്തിലെ സൈനും കൊസൈനും ആയിട്ടല്ല, മറിച്ച് തങ്ങളുടെ അനുഭവ സമ്പത്തിലൂടെയും കൈകരുത്തിലൂടെയും തൊഴിലാളികൾ ത്രികോണമിതിയെ നിർമാണ സ്ഥലങ്ങളിൽ ജീവസുറ്റതാക്കുന്നു.
"അമ്മ എൻജിനീയറിങ് വല്ലതും പഠിച്ചിട്ടുണ്ടോ?" – മലയാളികളുടെ പ്രിയപ്പെട്ട 'അച്ചുവിന്റെ അമ്മ' എന്ന സിനിമയിൽ, അമ്മയായ വനജയുടെ പ്രായോഗിക ബുദ്ധി കണ്ട് അത്ഭുതപ്പെട്ട് മകൾ അച്ചു ചോദിക്കുന്ന ഈ ചോദ്യം ഇന്നും നമ്മുടെ ഉള്ളിലുണ്ട്. ഒരു ഡിഗ്രിയുമില്ലാത്ത വനജ എങ്ങനെയാണ് സങ്കീർണ്ണമായ പല കാര്യങ്ങളും ഇത്ര കൃത്യമായി കൈകാര്യം ചെയ്യുന്നത്?
ഈ ചോദ്യത്തിനുള്ള ഉത്തരം നമ്മുടെ നിർമ്മാണ മേഖലയിലെ ഓരോ 'ആശാരി'മാരുടെയും 'മേസ്ത്രി'മാരുടെയും കയ്യിലുണ്ട്. അവർ വലിയ ബിരുദങ്ങൾ നേടിയിട്ടുണ്ടാകില്ല, പക്ഷേ അവരുടെ പണിപ്പെട്ടികളിലെ തൂക്കു കട്ടയും മട്ടക്കോലും സംസാരിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ ഗണിതശാസ്ത്ര തത്വങ്ങളിലൊന്നായ ത്രികോണമിതിയെ കുറിച്ചാണ്.
പാലങ്ങളുടെ നിർമ്മാണത്തിൽ ത്രികോണമിതി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്.
പാലത്തിന്റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുന്ന മർദ്ദവും വലിച്ചിലും കണക്കാക്കാൻ സൈൻ , കോസൈൻ തുടങ്ങിയ വിലകൾ ഉപയോഗിക്കുന്നു. ഇതുവഴി പാലത്തിന് എത്ര ഭാരം താങ്ങാൻ കഴിയുമെന്ന് എൻജിനീയർമാർക്ക് മുൻകൂട്ടി അറിയാൻ സാധിക്കും.പാലത്തിന്റെ തൂണുകളുടെ ഉയരം, റോഡിന്റെ ചരിവ് (Slope) എന്നിവ കൃത്യമായ കോണളവുകളിൽ നിർമ്മിക്കാൻ ത്രികോണമിതി സഹായിക്കുന്നു. പുഴയുടെയോ താഴ്വരയുടെയോ വശങ്ങളിൽ നിന്നും നിർമ്മാണം തുടങ്ങുമ്പോൾ, പാലത്തിന്റെ തൂണുകൾ കൃത്യമായി ഒരേ നിരയിൽ വരുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ ഈ ഗണിതശാസ്ത്രം സഹായിക്കുന്നു. ചുരുക്കത്തിൽ, പാലങ്ങളുടെ സുരക്ഷയും ഈടുനിൽപ്പും ഉറപ്പാക്കുന്നതിൽ ത്രികോണമിതിയിലുള്ള കണക്കുകൂട്ടലുകൾക്ക് വലിയ സ്ഥാനമുണ്ട്.
വൺ' സിനിമയിലെ ഈ തകർന്ന പാലം ഓർമ്മിപ്പിക്കുന്നത് പോലെ, ത്രികോണമിതിയിലെ സൈൻ , കോസൈൻ തത്വങ്ങൾ പാലിച്ച് ഭാരം കൃത്യമായി വിഭജിച്ചില്ലെങ്കിൽ വലിയ നിർമ്മിതികൾ പോലും തകർന്നു വീഴാം.
നമ്മുടെ ദൈനംദിന ജീവിതത്തിൽ വൈദ്യുതി എത്രത്തോളം കാര്യക്ഷമമായി ഉപയോഗിക്കുന്നു എന്ന് കണക്കാക്കാൻ ട്രിഗണോമെട്രി സഹായിക്കുന്നു. നമ്മുടെ വീടുകളിൽ എത്തുന്ന എസി കറന്റ് (AC) ഒരു സൈൻ വേവ് രൂപത്തിലാണ് സഞ്ചരിക്കുന്നത്. വൈദ്യുതി തരംഗരൂപത്തിൽ സഞ്ചരിക്കുന്നതിനാൽ, അതിലെ തടസ്സങ്ങളെയും ഊർജ്ജത്തെയും ഒരു മട്ടത്രികോണമായി സങ്കൽപ്പിച്ചാണ് എഞ്ചിനീയർമാർ കണക്കുകൂട്ടലുകൾ നടത്തുന്നത്.
ഇംപീഡൻസ് ട്രയാംഗിൾ (Impedance Triangle): ഇത് വൈദ്യുതി നേരിടുന്ന ആകെ തടസ്സത്തെ സൂചിപ്പിക്കുന്നു. ഇതിൽ സാധാരണ തടസ്സത്തെ പാദമായും പ്രത്യേക ഘടകങ്ങൾ മൂലമുള്ള തടസ്സത്തെ ലംബമായും കണക്കാക്കുന്നു. ഇവ രണ്ടും ചേർന്നുള്ള ആകെ തടസ്സമാണ് (Impedance) ഈ ത്രികോണത്തിന്റെ കർണ്ണം .
പവർ ട്രയാംഗിൾ (Power Triangle): ഇത് നമ്മൾ ഉപയോഗിക്കുന്ന ഊർജ്ജത്തിന്റെ അളവ് കാണിക്കുന്നു. ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ യഥാർത്ഥത്തിൽ ഉപയോഗിക്കുന്ന വൈദ്യുതിയെ 'റിയൽ പവർ' (പാദം) എന്നും, കാന്തിക മണ്ഡലങ്ങൾ ഉണ്ടാക്കാൻ ചിലവാകുന്ന അധിക വൈദ്യുതിയെ 'റിയാക്റ്റീവ് പവർ' (ലംബം) എന്നും വിളിക്കുന്നു. ഇവ രണ്ടിന്റെയും ആകെ തുകയാണ് 'ടോട്ടൽ പവർ' (കർണ്ണം).
ഈ ത്രികോണങ്ങളിലെ വശങ്ങൾ തമ്മിലുള്ള ബന്ധം ഉപയോഗിച്ച് വൈദ്യുതിയുടെ പാഴാകൽ എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാം. ത്രികോണത്തിലെ കോണളവ് കുറയുന്തോറും വൈദ്യുതി കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കപ്പെടുന്നു എന്ന് അർത്ഥം. ലളിതമായി പറഞ്ഞാൽ, ഒരു ത്രികോണത്തിന്റെ വശങ്ങൾ അളക്കുന്ന അതേ രീതിയിലാണ് നമ്മുടെ വീട്ടിലെയും ഫാക്ടറികളിലെയും വൈദ്യുതി ലാഭകരമാണോ എന്ന് ട്രിഗണോമെട്രിയിലൂടെ കണ്ടെത്തുന്നത്.
'വെറുതെ ഒരു ഭാര്യ ' എന്ന സിനിമയിൽ സുഗുണൻ ലൈനിൽ പവർ കട്ട് ചെയ്യുമ്പോൾ അയാൾ ഒരു സൈൻ വേവിനെ തടസ്സപ്പെടുത്തുകയാണ് ചെയതത്.
നമുക്ക് നേരിട്ട് അളക്കാൻ പ്രയാസമുള്ള ദൂരങ്ങളും ഉയരങ്ങളും അളക്കാൻ ഗണിതശാസ്ത്രം നൽകുന്ന മികച്ചൊരു മാർഗ്ഗമാണ് ത്രികോണമിതി. ഒരു മട്ടത്രികോണത്തിന്റെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധം ഉപയോഗിച്ച്, വലിയ ഗോപുരങ്ങളുടെ ഉയരമോ പുഴയുടെ വിസ്തൃതിയോ പോലും കണക്കാക്കാം.
ഒരു പുഴയുടെ ഒരു നിശ്ചിത ഭാഗത്തിന്റെ വിസ്തീർണ്ണം കാണാൻ ആ ഭാഗത്തെ ചെറിയ ത്രികോണങ്ങളായി വിഭജിക്കുകയാണ് ചെയ്യുന്നത്. ഒരു കരയിൽ കൃത്യമായി അളക്കാൻ പറ്റുന്ന ഒരു നേർരേഖ തിരഞ്ഞെടുക്കുക. ഇതിനെ 'ബേസ്ലൈൻ' എന്ന് വിളിക്കുന്നു. ഇതിന്റെ നീളം നമുക്ക് നേരിട്ട് അളക്കാം. മറുകരയിൽ വ്യക്തമായി കാണാവുന്ന മരങ്ങളോ അല്ലെങ്കിൽ നമ്മൾ തന്നെ വെക്കുന്ന അടയാളങ്ങളോ (Points) തിരഞ്ഞെടുക്കുക.
ബേസ് ലൈനിൻ്റെ രണ്ട് അറ്റങ്ങളിൽ നിന്നും മറുകരയിലെ പോയിന്റുകളിലേക്കുള്ള കോണുകൾ തിയോഡൊലൈറ്റ്' (Theodolite) പോലുള്ള ഉപകരണങ്ങൾ ഉപയോഗിച്ച് അളക്കുന്നു. ഇപ്പോൾ നമ്മുടെ പക്കൽ ഒരു വശത്തിന്റെ നീളവും (Baseline) രണ്ട് കോണുകളുമുണ്ട്. ഇത് ഉപയോഗിച്ച് മറുകരയിലേക്കുള്ള ദൂരം കണ്ടെത്താം...(ബേസ്ലൈനിന്റെ നീളവും രണ്ട് കോണുകളും അറിഞ്ഞാൽ, ത്രികോണമിതിയിലെ സൈൻ നിയമം (Law of Sines) ഉപയോഗിച്ച് നദിയുടെ വീതി കണക്കാക്കാം.
(ഒരു ത്രികോണത്തിന്റെ വശങ്ങൾ a , b, c എന്നും അവയ്ക്ക് എതിരെയുള്ള കോണുകൾ A, B,C എന്നും കരുതിയാൽ,
a/sin A = b/sin B =c/sin C))
ഈ രീതിയെ ഗണിതശാസ്ത്രത്തിൽ ട്രയാംഗുലേഷൻ (Triangulation) എന്ന് വിളിക്കുന്നു. ട്രയാംഗുലേഷൻ എന്നത് ത്രികോണമിതിയുടെ ഒരു പ്രായോഗിക വശമാണ്.
ഇങ്ങനെ പുഴയുടെ ആ ഭാഗത്തെ പല ത്രികോണങ്ങളായി മാറ്റുന്നു.
ഓരോ ചെറിയ ത്രികോണത്തിന്റെയും വിസ്തീർണ്ണം Area = ½ × base × height എന്ന സൂത്രവാക്യം ഉപയോഗിക്കാം. ചെറിയ ത്രികോണങ്ങളുടെയെല്ലാം വിസ്തീർണ്ണങ്ങൾ തമ്മിൽ കൂട്ടിയാൽ പുഴയുടെ ആ ഭാഗത്തെ ആകെ വിസ്തീർണ്ണം ലഭിക്കും.
ചുരുക്കത്തിൽ:
നേരിട്ട് വെള്ളത്തിൽ ഇറങ്ങി അളക്കുന്നതിന് പകരം, കരയിൽ നിന്ന് കോണുകൾ അളന്ന് ത്രികോണങ്ങളുടെ സഹായത്തോടെ വിസ്തീർണ്ണം കണ്ടെത്തുന്ന രീതിയാണിത്.
വലിയ നിർമ്മാണ പ്രവർത്തനങ്ങളിൽ കൃത്യത ഉറപ്പാക്കാൻ ട്രയാംഗുലേഷൻ അത്യാവശ്യമാണ്.
നീളമേറിയ പാലങ്ങൾ നിർമ്മിക്കുമ്പോഴും പർവ്വതങ്ങൾക്കിടയിലൂടെ തുരങ്കങ്ങൾ നിർമ്മിക്കുമ്പോഴും ഇരുവശത്തുനിന്നുമുള്ള നിർമ്മാണം കൃത്യമായ ബിന്ദുവിൽ യോജിക്കുന്നുവെന്ന് ഉറപ്പാക്കാൻ ഈ രീതി ഉപയോഗിക്കുന്നു. ഡാമുകളുടെ ആകൃതിയിലുണ്ടാകുന്ന നേരിയ മാറ്റങ്ങൾ പോലും കൃത്യമായി നിരീക്ഷിക്കാൻ ട്രയാംഗുലേഷൻ സഹായിക്കുന്നു.
കപ്പലുകളുടെ സ്ഥാനവും സഞ്ചാരദിശയും കൃത്യമായി മനസ്സിലാക്കാൻ നാവികർ പണ്ടുകാലം മുതലേ ഉപയോഗിച്ചുവരുന്ന ഒരു പ്രധാന രീതിയാണ് ട്രയാംഗുലേഷൻ അഥവാ ത്രികോണമാപനം. ഇത് പൊതുവെ ഒരു ത്രികോണത്തിന്റെ ഒരു വശവും രണ്ട് കോണുകളും ഉപയോഗിച്ച് മറ്റ് വശങ്ങൾ കണ്ടെത്തുന്ന രീതിയാണ്. കപ്പലിൽ നിന്നും ദൃശ്യമാകുന്ന കരയിലെ രണ്ടോ അതിലധികമോ സ്ഥിരമായ വസ്തുക്കളെ അടിസ്ഥാനമാക്കിയാണ് ഈ രീതി പ്രവർത്തിക്കുന്നത്. കരയിലുള്ള രണ്ട് ലൈറ്റ് ഹൗസുകളെ നിരീക്ഷിച്ച് അവയുണ്ടാക്കുന്ന കോണളവ് അളക്കുന്നു. ഈ രണ്ട് കോണുകളും ലൈറ്റ് ഹൗസുകൾ തമ്മിലുള്ള ദൂരവും അറിഞ്ഞാൽ, സൈൻ റൂൾ ഉപയോഗിച്ച് കപ്പൽ നിൽക്കുന്ന കൃത്യമായ സ്ഥാനം കണ്ടെത്താം.
കപ്പലുകളിൽ നിന്ന് ഒരു ലൈറ്റ് ഹൗസിന്റെ 'ഉയരം' ഒരു വശമായി കണക്കാക്കി ദൂരം കണ്ടെത്തുന്ന പ്രത്യേക രീതിയാണ് വെർട്ടിക്കൽ സെക്സ്റ്റന്റ് ആംഗിൾ (Vertical Sextant Angle - VSA)
കരയിലുള്ള ഒരു ലൈറ്റ് ഹൗസിന്റെയോ മലയുടെയോ ഉയരം നമുക്ക് മുൻകൂട്ടി അറിയാമെങ്കിൽ, ഒരു ഉപകരണം ഉപയോഗിച്ച് അതിന്റെ മുകളിലേക്കുള്ള കോൺ അളവ് കണ്ടെത്തുന്നു. ഈ അളവുകൾ ഉപയോഗിച്ച്, 'ദൂരം = ഉയരം / tan(കോൺ)' എന്ന ലളിതമായ കണക്കിലൂടെ കപ്പൽ കരയിൽ നിന്ന് എത്ര അകലെയാണെന്ന് കൃത്യമായി മനസ്സിലാക്കാം.
ലോകമെമ്പാടുമുള്ള എല്ലാ പ്രധാന ലൈറ്റ് ഹൗസുകളുടെയും ഉയരം, അവ നൽകുന്ന വെളിച്ചത്തിന്റെ പ്രത്യേകതകൾ (Light characteristics) തുടങ്ങിയ വിവരങ്ങൾ ഔദ്യോഗികമായ നാവിക ചാർട്ടുകളിലും "ലിസ്റ്റ് ഓഫ് ലൈറ്റ്സ്" (List of Lights) എന്ന പുസ്തകങ്ങളിലും രേഖപ്പെടുത്തിയിട്ടുണ്ടാകും. കപ്പലിലെ നാവികർ ഈ വിവരങ്ങൾ നോക്കിയാണ് ഉയരം മനസ്സിലാക്കുന്നത്. ഇന്ന് മിക്ക കപ്പലുകളും GPS, Radar, ECDIS (Electronic Chart Display and Information System) തുടങ്ങിയ ആധുനിക സംവിധാനങ്ങൾ ഉപയോഗിക്കുന്നുണ്ടെങ്കിലും, പഴയ രീതിയിലുള്ള ഈ ട്രിഗണോമെട്രിക് കണക്കുകൂട്ടലുകൾ ഇപ്പോഴും നാവിക പരിശീലനത്തിന്റെ ഭാഗമാണ്.
ഗഫൂർക്ക ലൈറ്റ് ഹൗസിന്റെ വെളിച്ചം കാണിച്ച് "അതാണ് ദുബായ്" എന്ന് പറയുമ്പോൾ, ത്രികോണമിതി ഉപയോഗിച്ച് കപ്പലിൽ നിന്ന് ആ വെളിച്ചത്തിലേക്കുള്ള ദൂരം ദാസന് കണക്കാക്കാമായിരുന്നു. ലൈറ്റ് ഹൗസിന്റെ ഏകദേശ ഉയരവും , അങ്ങോട്ടുള്ള കാഴ്ചയുടെ കോണും അറിഞ്ഞിരുന്നെങ്കിൽ "വിജയാ, ഇത് ഗൾഫല്ല ചെന്നൈയാണ്" എന്ന് ദാസൻ അപ്പോഴേ പറഞ്ഞേനെ!
വിമാനങ്ങളുടെ സഞ്ചാരത്തിലും സ്ഥാനനിർണ്ണയത്തിലും (Navigation) ത്രികോണമിതിയിലെ ട്രയാംഗുലേഷൻ രീതി വളരെ പ്രധാനപ്പെട്ടതാണ്. വിമാനം എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ ഈ രീതി ഉപയോഗിക്കുന്നു. വിമാനത്തിന് ചുറ്റുമുള്ള രണ്ട് അറിയപ്പെടുന്ന പോയിന്റുകളിൽ (ഉദാഹരണത്തിന് ഗ്രൗണ്ട് സ്റ്റേഷനുകൾ അല്ലെങ്കിൽ സാറ്റലൈറ്റുകൾ) നിന്നുള്ള ആംഗിൾ അളക്കുന്നു. ഈ രണ്ട് കോണുകളും അവ തമ്മിലുള്ള ദൂരവും വെച്ച് വിമാനം നിൽക്കുന്ന പോയിന്റ് ഒരു ത്രികോണം കണക്കാക്കി കണ്ടെത്തുന്നു. എയർ ട്രാഫിക് കൺട്രോളറുകൾ വിമാനത്തിന്റെ ദൂരവും ഉയരവും കണക്കാക്കാൻ ത്രികോണമിതി ഉപയോഗിക്കുന്നു. റഡാർ അയക്കുന്ന സിഗ്നലിന്റെ ആംഗിൾ വെച്ച് വിമാനം എത്ര ഉയരത്തിലാണെന്നും എത്ര അകലെയാണെന്നും കൃത്യമായി പറയാൻ സാധിക്കും. കാറ്റ് വിമാനത്തിന്റെ ദിശ തെറ്റിക്കാൻ സാധ്യതയുണ്ട്. അതിനാൽ കാറ്റിന്റെ വേഗതയും ദിശയും അനുസരിച്ച് വിമാനം എത്ര ഡിഗ്രി ചരിഞ്ഞു പറക്കണം എന്ന് കണക്കാക്കാൻ 'സൈൻ' , 'കോസൈൻ' തുടങ്ങിയ ട്രിഗണോമെട്രിക് ഫങ്ഷനുകൾ പൈലറ്റുമാരെ സഹായിക്കുന്നു. റൺവേയിലേക്ക് ഇറങ്ങുമ്പോൾ വിമാനം ഏത് ആംഗിളിൽ വരണം എന്ന് തീരുമാനിക്കുന്നത് ത്രികോണമിതി ഉപയോഗിച്ചാണ്. ഇത് വിമാനം സുരക്ഷിതമായി നിലത്തിറക്കാൻ സഹായിക്കുന്നു.
ഒരു ഉദാഹരണം നോക്കാം ....
ഒരു വിമാനം മണിക്കൂറിൽ 400 കിലോമീറ്റർ വേഗതയിൽ നേരെ വടക്കോട്ട് (North) പറക്കുകയാണ്. എന്നാൽ പടിഞ്ഞാറ് ദിശയിൽ നിന്നും മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുന്നു. എങ്കിൽ വിമാനം എത്ര ഡിഗ്രി ചരിഞ്ഞായിരിക്കും യഥാർത്ഥത്തിൽ സഞ്ചരിക്കുക?
ഇവിടെ നമുക്ക് ഒരു മട്ടത്രികോണം സങ്കൽപ്പിക്കാം.
Adjacent side - വിമാനത്തിന്റെ വേഗത)= 400 km/h
എതിർ വശം (Opposite side - കാറ്റിന്റെ വേഗത) = 50 km/h
ചരിവ് കോൺ (Angle of drift) ?
ഇവിടെ tan ¢ =50/ 400 = 0. 125
അപ്പോൾ ¢ = arctan (0.125)= 7.125
വിമാനം വടക്ക് ദിശയിൽ നിന്നും ഏകദേശം 7.12 ഡിഗ്രി കിഴക്കോട്ട് ചരിഞ്ഞായിരിക്കും സഞ്ചരിക്കുക. ഇത് മുൻകൂട്ടി കണ്ട് പൈലറ്റ് ദിശ ക്രമീകരിക്കുന്നു.
'ത്രീ കിംഗ്സിലെ' നായകന്മാർ വിമാനം പറത്താൻ കഷ്ടപ്പെടുന്നത് പോലെ യഥാർത്ഥ പൈലറ്റുമാർക്ക് അബദ്ധങ്ങൾ പറ്റാറില്ല. കാരണം, അവർക്ക് ഭൂമിയിൽ നിന്ന് ഡിസ്പാച്ചർ കൃത്യമായ വഴികാട്ടുന്നു, ആകാശത്ത് പൈലറ്റ് സ്വന്തം ട്രിഗണോമെട്രി ബുദ്ധി ഉപയോഗിച്ച് കാറ്റിനെ വെട്ടിച്ച് പറക്കുന്നു. ചുരുക്കത്തിൽ, പൈലറ്റ് ആകാശത്തെ 'കണക്ക് പിള്ള' കൂടിയാണ്!"
വലിയ ഭൂപ്രദേശങ്ങളുടെ ഭൂപടങ്ങൾ (Topographic maps) തയ്യാറാക്കുന്നതിലും രാജ്യങ്ങളുടെ അതിർത്തികൾ കൃത്യമായി നിർണ്ണയിക്കുന്നതിലും ട്രയാംഗുലേഷൻ രീതിക്ക് നിർണ്ണായകമായ പങ്കുണ്ട്. ഭൂമിയുടെ ഉയർച്ച താഴ്ചകൾ, മലകൾ, നദികൾ എന്നിവ കൃത്യമായി അടയാളപ്പെടുത്തുന്ന ഭൂപടങ്ങളാണ് ടോപ്പോഗ്രാഫിക് മാപ്പുകൾ. ഒരു വലിയ പ്രദേശം അളക്കുമ്പോൾ, അവിടെയുള്ള പ്രധാനപ്പെട്ട ഇടങ്ങളിൽ (ഉദാഹരണത്തിന് മലമുകളിലോ ഉയർന്ന ഗോപുരങ്ങളിലോ) ട്രയാംഗുലേഷൻ സ്റ്റേഷനുകൾ സ്ഥാപിക്കുന്നു. ഈ പോയിന്റുകൾ തമ്മിലുള്ള ദൂരവും കോണും അളന്ന് ഒരു 'ത്രികോണ ശൃംഖല' (Network of Triangles) രൂപപ്പെടുത്തുന്നു. ഓരോ ത്രികോണത്തിന്റെയും വശങ്ങൾ കൃത്യമായി കണക്കാക്കുന്നതിലൂടെ, ആ പ്രദേശത്തെ ഓരോ മരത്തിന്റെയും വീടിന്റെയും കുന്നിന്റെയും സ്ഥാനം തെറ്റുകൂടാതെ മാപ്പിൽ അടയാളപ്പെടുത്താൻ സർവ്വേയർമാർക്ക് സാധിക്കുന്നു. ട്രയാംഗുലേഷൻ ഉപയോഗിച്ച് മലകളുടെയും മറ്റും ഉയരം (Elevation) ദൂരത്തുനിന്ന് തന്നെ അളക്കാൻ സാധിക്കും.
രാജ്യങ്ങളുടെയും സംസ്ഥാനങ്ങളുടെയും അതിർത്തികൾ തർക്കമില്ലാതെ നിശ്ചയിക്കാൻ ഈ ശാസ്ത്രീയ രീതി ഉപയോഗിക്കുന്നു. ഒരു രാജ്യത്തിന്റെ സർവ്വേ ആരംഭിക്കുമ്പോൾ വളരെ കൃത്യമായി അളന്ന ഒരു വരിയെ (Baseline) അടിസ്ഥാനമാക്കിയാണ് മറ്റ് ത്രികോണങ്ങൾ നിർമ്മിക്കുന്നത്. ഇത് കിലോമീറ്ററുകളോളം ദൂരെയുള്ള സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഇന്ത്യയെപ്പോലുള്ള വലിയ രാജ്യങ്ങളെ മുഴുവനായി അളക്കാൻ ആയിരക്കണക്കിന് ത്രികോണങ്ങൾ അടങ്ങിയ ഒരു വലിയ ശൃംഖല ഉപയോഗിക്കുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് നടന്ന 'ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ ഓഫ് ഇന്ത്യ' (Great Trigonometric Survey of India) ഇതിന് ഉദാഹരണമാണ്. (ഇന്ത്യയുടെ ഭൂപടം ശാസ്ത്രീയമായി തയ്യാറാക്കുന്നതിനായി പത്തൊൻപതാം നൂറ്റാണ്ടിൽ നടന്ന ബൃഹത്തായ പദ്ധതിയായിരുന്നു ഗ്രേറ്റ് ട്രിഗണോമെട്രിക്കൽ സർവ്വേ (Great Trigonometrical Survey - GTS). ഈ സർവ്വേയുടെ ഫലമായാണ് ഇന്നത്തെ ഇന്ത്യയുടെ ഭൂപടവും റെയിൽവേ, റോഡ് ശൃംഖലകളും കൃത്യമായി പ്ലാൻ ചെയ്യാൻ സാധിച്ചത്. )
ഈ ത്രികോണങ്ങളുടെ അഗ്രങ്ങൾ (Vertices) ഉപയോഗിച്ച് അതിർത്തികൾ നിശ്ചയിക്കുന്നു. ഇത് മാപ്പിൽ രേഖപ്പെടുത്തുന്നതിലൂടെ ഓരോ രാജ്യത്തിന്റെയും വിസ്തൃതിയും അതിർത്തിയും കൃത്യമായി മനസ്സിലാക്കാം.
ചുരുക്കത്തിൽ കെട്ടിടം പണിയാൻ തൂണുകൾ എങ്ങനെയോ, അതുപോലെ ഒരു മാപ്പ് നിർമ്മിക്കാനുള്ള ഉറപ്പുള്ള അടിത്തറയാണ് ട്രയാംഗുലേഷൻ നൽകുന്ന കൺട്രോൾ പോയിന്റുകൾ.
മൗണ്ട് എവറസ്റ്റിന്റെ ഉയരം ആദ്യമായി അളന്നത് തിയോഡലൈറ്റ് (Theodolite) എന്ന ഉപകരണം ഉപയോഗിച്ചുള്ള ട്രയാംഗുലേഷൻ രീതിയിലൂടെയാണ്. 1852-ൽ ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ രാധാനാഥ് സിക്ദർ ആണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്. ത്രികോണമിതി എന്നത് സ്കൂളിൽ പഠിക്കുന്ന വെറുമൊരു പാഠമല്ലെന്ന് സിക്ദർ തെളിയിച്ചു.ബീഹാറിലെയും ഉത്തർപ്രദേശിലെയും ആറ് വ്യത്യസ്ത സ്ഥലങ്ങളിൽ നിന്ന് സർവേയർമാർ എവറസ്റ്റ് കൊടുമുടിയെ (അന്ന് 'പീക്ക് XV' എന്ന് വിളിച്ചിരുന്നു) നിരീക്ഷിച്ചു. കൊടുമുടിയുടെ മുകൾഭാഗം തറനിരപ്പിൽ നിന്ന് എത്ര ഡിഗ്രി ഉയരത്തിലാണെന്ന് അവർ അളന്നു. ഭൂമിയുടെ വക്രതയും പ്രകാശത്തിന്റെ വ്യതിയാനവും കണക്കിലെടുത്ത് അദ്ദേഹം നടത്തിയ സങ്കീർണ്ണമായ കണക്കുകൂട്ടലുകൾ വഴിയാണ് എവറസ്റ്റ് ലോകത്തിലെ ഒന്നാമൻ ആണെന്ന് തിരിച്ചറിഞ്ഞത്. എഡ്മണ്ട് ഹിലരി എവറസ്റ്റ് കീഴടക്കുന്നതിന് 101 വർഷം മുമ്പ് തന്നെ രാധാനാഥ് സിക്ദർ ആ കൊടുമുടിയെ ലോകത്തിന് മുന്നിൽ ഉയർത്തിക്കാട്ടി. വെറും പേപ്പറും പേനയും ത്രികോണമിതി സൂത്രവാക്യങ്ങളും ഉപയോഗിച്ച് അദ്ദേഹം എവറസ്റ്റിന്റെ ഉയരം അളന്നു. സിക്ദർ ആ ഉയരം കണ്ടെത്തിയില്ലായിരുന്നെങ്കിൽ, ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി കീഴടക്കാനുള്ള ആവേശം ഹിലരിക്കോ മറ്റാർക്കെങ്കിലുമോ ഉണ്ടാകുമായിരുന്നോ ?
സംഗീതം മനസ്സിനെ കീഴടക്കുന്ന ഒരു മാന്ത്രികതയാണ്. ഒരു മനോഹരമായ മെലഡി കേൾക്കുമ്പോൾ നാം ശാന്തരാകുന്നു, എന്നാൽ ആവേശകരമായ ഒരു പാട്ട് കേൾക്കുമ്പോൾ നമ്മൾ അറിയാതെ ചുവടുവെച്ചു പോകുന്നു. സംഗീതത്തിന്റെ ഈ മാസ്മരികതയ്ക്ക് പിന്നിൽ കൃത്യതയാർന്ന ഒരു ഗണിതശാസ്ത്രമുണ്ടെന്ന് പലപ്പോഴും നാം തിരിച്ചറിയാറില്ല. ആഗോളതലത്തിൽ തരംഗമായി മാറി ഓസ്കാർ പുരസ്കാരം വരെ നേടിയ 'നാട്ടു നാട്ടു' (RRR) എന്ന ഗാനം കേട്ടിട്ടില്ലേ?. ലോകം മുഴുവൻ ഈ പാട്ടിനൊപ്പം ചുവടുവെച്ചപ്പോൾ, യഥാർത്ഥത്തിൽ അവിടെ നൃത്തം ചെയ്തത് ത്രികോണമിതിയിലെ സൈൻ , കോസൈൻ തരംഗങ്ങൾ കൂടിയാണ്. നമ്മൾ കേൾക്കുന്ന ഓരോ ബീറ്റും വായുവിലൂടെ തരംഗരൂപത്തിൽ സഞ്ചരിക്കുമ്പോൾ, അവയുടെ ഗണിതശാസ്ത്രപരമായ രൂപം താഴെ കാണുന്നതുപോലെയായിരിക്കും.
ഒരു സംഗീത സ്വരത്തിന്റെ അടിത്തറ ഈ 'സൈൻ വേവ്' ആണ്. ഒരു സെക്കൻഡിൽ എത്ര തരംഗങ്ങൾ ഉണ്ടാകുന്നു എന്നതാണ് ശബ്ദത്തിന്റെ പിച്ച് നിശ്ചയിക്കുന്നത്. ത്രികോണമിതിയിലെ 'പീരിയോഡിക് ഫംഗ്ഷനുകൾ' ഉപയോഗിച്ചാണ് ഈ ആവൃത്തി കണക്കാക്കുന്നത്. തരംഗങ്ങൾ അടുത്തടുത്താണെങ്കിൽ ഉയർന്ന പിച്ചും (High Pitch), അകന്നാണെങ്കിൽ താഴ്ന്ന പിച്ചും (Low Pitch) ലഭിക്കുന്നു. നമ്മൾ ഫോണിലും കമ്പ്യൂട്ടറിലും കേൾക്കുന്ന ഡിജിറ്റൽ സംഗീതം സാധ്യമാകുന്നത് ഫോറിയർ ട്രാൻസ്ഫോം (Fourier Transform) എന്ന ഗണിതരീതിയിലൂടെയാണ്. സങ്കീർണ്ണമായ സംഗീത ശബ്ദങ്ങളെ ലളിതമായ സൈൻ തരംഗങ്ങളായി വേർതിരിക്കാൻ ഇത് സഹായിക്കുന്നു. MP3 ഫയലുകൾ കംപ്രസ്സ് ചെയ്യുന്നതിനും ഡിജിറ്റൽ സിഗ്നലുകൾ പ്രോസസ്സ് ചെയ്യുന്നതിനും ത്രികോണമിതി അത്യാവശ്യമാണ്. ഒരു റൂമിലോ ഹാളിലോ ശബ്ദം എങ്ങനെ പ്രതിഫലിക്കുന്നു (Echo/Reverb) എന്ന് പഠിക്കാൻ ആർക്കിടെക്റ്റുകൾ ത്രികോണമിതി ഉപയോഗിക്കുന്നു. സ്പീക്കറുകൾ എവിടെ വെക്കണം, ഭിത്തികൾ എങ്ങനെ നിർമ്മിക്കണം എന്ന് തീരുമാനിക്കുന്നത് ഇതിലൂടെയാണ്. സംഗീതം കേൾക്കുമ്പോൾ നമ്മുടെ മനസ്സ് അറിയാതെ തന്നെ അതിലെ ഗണിതത്തെ ആസ്വദിക്കുന്നു. കാതുകൾക്ക് ഇമ്പമുള്ള ഈ താളം യഥാർത്ഥത്തിൽ സൈൻ തരംഗങ്ങളുടെ മനോഹരമായ ഒരു നൃത്തമാണ്.
വീഡിയോ ഗെയിമുകളുടെ അമിതമായ ഉപയോഗം മനുഷ്യർ തമ്മിലുള്ള നേരിട്ടുള്ള ബന്ധങ്ങളെയും സാമൂഹിക ജീവിതത്തെയും ദോഷകരമായി ബാധിച്ചേക്കാം. എങ്കിലും, ഒരു ഗെയിമിലെ ചലനങ്ങളും ദൃശ്യങ്ങളും സൃഷ്ടിക്കാൻ ത്രികോണമിതി അത്യന്താപേക്ഷിതമാണ്. ഒരു കഥാപാത്രം ചാടുമ്പോഴോ തിരിയുമ്പോഴോ ഉണ്ടാകുന്ന കൃത്യമായ കോണുകൾ കണക്കാക്കാനും, വെടിയുണ്ടകളുടെയോ അമ്പുകളുടെയോ പാത നിശ്ചയിക്കാനും Sine, Cosine തുടങ്ങിയ നിയമങ്ങളാണ് ഉപയോഗിക്കുന്നത്. ഗെയിമിലെ പ്രകാശവും നിഴലും പോലും ത്രികോണമിതിയുടെ സഹായത്തോടെയാണ് ക്രമീകരിക്കുന്നത്.
വീഡിയോ ഗെയിമുകളിലെന്നപോലെ ചലച്ചിത്ര നിർമ്മാണത്തിലും ത്രികോണമിതി അവിഭാജ്യഘടകമാണ്. ലോകസിനിമയിലെ വിസ്മയമായ 'Avatar' ഇതിനൊരു മികച്ച ഉദാഹരണമാണ്. ഈ സിനിമയിലെ 3D ദൃശ്യങ്ങളും, കഥാപാത്രങ്ങളുടെ ചലനങ്ങളും കൃത്യമായി പകർത്താൻ 'ട്രയാംഗുലേഷൻ' ആണ് ഉപയോഗിച്ചിരിക്കുന്നത്. മലയാള സിനിമയിലേക്ക് വരുമ്പോൾ, '2018' എന്ന ചിത്രത്തിലെ പ്രളയ ദൃശ്യങ്ങളും മിന്നൽ മുരളി' യിലെ ആക്ഷൻ രംഗങ്ങളും 'ഒടിയനിലെ' രൂപമാറ്റങ്ങളും ത്രികോണമിതിയുടെ പ്രായോഗിക ഉപയോഗത്തിന് ഉദാഹരണങ്ങളാണ്.
കുട്ടിക്കാലത്ത് ആസ്വദിച്ചു കണ്ടിരുന്ന 'Tom and Jerry' യിലെ woodPecker ( Fine Feathered Friend) ത്രികോണമിതിയെ പണ്ടേ മനസിലാക്കിയ ആളാണ്.
വൈദ്യശാസ്ത്രരംഗത്ത് ത്രികോണമിതി വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ശരീരത്തിൻ്റെ ആന്തരികാവയവങ്ങളുടെ ചിത്രമെടുക്കാനും രോഗനിർണ്ണയത്തിനും ശസ്ത്രക്രിയകൾക്കും ത്രികോണമിതിയിലെ കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധം ഉപയോഗിക്കുന്നു. ഹൃദയത്തിൻ്റെ പ്രവർത്തനങ്ങളെക്കുറിച്ചുള്ള ഇലക്ട്രോകാർഡിയോഗ്രാമിൽ (ECG) ഹൃദയത്തിൻ്റെ വൈദ്യുത തരംഗങ്ങൾ രേഖപ്പെടുത്തുന്നത് സൈൻ , കോസൈൻ ഗ്രാഫുകൾ ഉപയോഗിച്ചാണ്. CT സ്കാൻ, MRI സ്കാൻ തുടങ്ങിയ സംവിധാനങ്ങളിൽ ശരീരത്തിൻ്റെ വിവിധ കോണുകളിൽ നിന്ന് 2D ചിത്രങ്ങൾ എടുക്കുന്നു. ഈ 2D ചിത്രങ്ങളെ സംയോജിപ്പിച്ച് 3D ചിത്രങ്ങളാക്കി മാറ്റാൻ ത്രികോണമിതി ഉപയോഗിക്കുന്നു. ഇതിലൂടെ ശരീരത്തിനുള്ളിലെ ട്യൂമറുകൾ, മുഴകൾ, എല്ലുകളുടെ പൊട്ടലുകൾ എന്നിവയുടെ കൃത്യമായ സ്ഥാനം തിരിച്ചറിയാൻ ഡോക്ടർമാർക്ക് സാധിക്കുന്നു.
നമുക്ക് ഒരു ഉദാഹരണം നോക്കാം ....
ഡോക്ടർ അൾട്രാസൗണ്ട് ഉപകരണം വയറിനു മുകളിൽ വെക്കുമ്പോൾ, അതിൽ നിന്നും ശബ്ദതരംഗങ്ങൾ ശരീരത്തിനുള്ളിലേക്ക് അയക്കുന്നു. ഈ തരംഗങ്ങൾ നേരെ താഴേക്കല്ല, മറിച്ച് ട്യൂമർ ഇരിക്കുന്ന ഭാഗത്തേക്ക് ഒരു ചരിച്ചാണ് (ചിത്രത്തിൽ 30 ഡിഗ്രി കോണിൽ) കടന്നുപോകുന്നത്. ഈ തരംഗങ്ങൾ ട്യൂമറിൽ തട്ടി തിരികെ വരുമ്പോൾ അവ എത്ര ദൂരം സഞ്ചരിച്ചു എന്ന് മെഷീൻ കണ്ടുപിടിക്കും (ചിത്രത്തിൽ ഇത് 10cm ആണ്). ഇങ്ങനെ ചരിഞ്ഞു പോയ ദൂരവും പോയ കോണും അറിയാമെങ്കിൽ, ത്രികോണമിതിയിലെ സൂത്രവാക്യം ഉപയോഗിച്ച് ട്യൂമർ കൃത്യം എത്ര ആഴത്തിലാണ് (ചിത്രത്തിൽ ഇത് 5 cm ആണ്) ഇരിക്കുന്നത് എന്ന് ഡോക്ടർക്ക് സ്ക്രീനിൽ കാണാൻ സാധിക്കും. ഇത് ശസ്ത്രക്രിയയോ മറ്റോ ചെയ്യുമ്പോൾ ട്യൂമറിന്റെ കൃത്യമായ സ്ഥാനം മനസ്സിലാക്കാൻ സഹായിക്കുന്നു.
'ഡോക്ടർ പേഷ്യൻ്റ്' എന്ന സിനിമയിൽ ഡോക്ടർ റൂബൻ സ്നേഹം കൊണ്ട് ചികിത്സിക്കുമ്പോൾ, യഥാർത്ഥ മെഡിക്കൽ ലോകത്ത് ഡോക്ടർമാർ കൃത്യമായ കണക്കുകൂട്ടലുകൾ കൊണ്ടാണ് രോഗനിർണ്ണയം നടത്തുന്നത്. പ്രത്യേകിച്ച് ഒരു ട്യൂമറിന്റെ സ്ഥാനം കണ്ടെത്താൻ സ്നേഹത്തേക്കാൾ ഉപരിയായി ത്രികോണമിതിയിലെ വിലകൾ ഡോക്ടർമാരെ സഹായിക്കുന്നു.
'മെമ്മറീസ്' എന്ന സിനിമയിൽ സാം അലക്സ് എന്ന പോലീസ് ഓഫീസർ കുറ്റകൃത്യം നടന്ന സ്ഥലത്തെ ഭൂപടത്തിലെ പോയിന്റുകളെയും കൊലപാതക രീതികളെയും വിശകലനം ചെയ്യുന്നതുപോലെ, യഥാർത്ഥ ജീവിതത്തിൽ ഒരു കുറ്റാന്വേഷകൻ ട്രിഗണോമെട്രി ഉപയോഗിക്കുന്നു. വെടിയുണ്ടയുടെ പാതയോ രക്തം തെറിച്ച ദിശയോ നോക്കി കുറ്റവാളി നിന്ന ദൂരവും ഉയരവും കണ്ടെത്താൻ ത്രികോണമിതി സഹായിക്കുന്നു. സിനിമയിൽ ഇത് കാണുമ്പോൾ നമുക്ക് കേവലം ബുദ്ധിശക്തിയായി തോന്നുമെങ്കിലും ഇതിന് പിന്നിൽ ട്രിഗണോമെട്രിയുടെ കൃത്യമായ കണക്കുകളുണ്ട്. ഫോറൻസിക് ഉദ്യോഗസ്ഥരുടെ പഠനത്തിൽ ട്രിഗണോമെട്രി വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.
കൂടാതെ, റോഡപകടങ്ങളിൽ വാഹനങ്ങളുടെ വേഗതയും ദിശയും മനസ്സിലാക്കാനും ട്രിഗണോമെട്രിക് സൂത്രവാക്യങ്ങൾ ഉപയോഗിക്കുന്നു. ചുരുക്കത്തിൽ, ഒരു കുറ്റകൃത്യം നടന്ന രീതി ശാസ്ത്രീയമായി പുനരാവിഷ്കരിക്കാൻ ഈ ഗണിതശാസ്ത്രം അത്യാവശ്യമാണ്. രക്തത്തുള്ളികൾ ഒരു പ്രതലത്തിൽ പതിക്കുന്ന ആംഗിൾ മാറുന്നതിനനുസരിച്ച് അവയുടെ ആകൃതിയിലും വ്യത്യാസം വരുന്നു. രക്തം നേരെ മുകളിൽ നിന്ന് വീഴുമ്പോൾ അത് വട്ടത്തിലായിരിക്കും (Circular) കാണപ്പെടുക. എന്നാൽ ഒരു വശത്തുനിന്ന് ചരിഞ്ഞാണ് (Angle) വീഴുന്നതെങ്കിൽ അത് നീളത്തിലുള്ളതോ മുട്ടയുടെ ആകൃതിയിലോ (Elliptical) ആയിരിക്കും.
ഒരു രക്തത്തുള്ളി നീളത്തിൽ പതിക്കുമ്പോൾ , അതിന്റെ വീതിയും നീളവും തമ്മിലുള്ള അനുപാതം ആ തുള്ളി പ്രതലത്തിൽ പതിച്ച കോണിന്റെ (Impact Angle) സൈൻ മൂല്യത്തിന് തുല്യമായിരിക്കും. ഈ കോൺ കണ്ടെത്തുന്നതിലൂടെ രക്തം ഏത് ദിശയിൽ നിന്നാണ് വന്നതെന്ന് ഒരു നേർരേഖ വരച്ച് മനസ്സിലാക്കാം. ഒന്നിലധികം രക്തത്തുള്ളികളിൽ നിന്ന് ഇത്തരത്തിൽ വരയ്ക്കുന്ന രേഖകൾ കൂട്ടിമുട്ടുന്ന പോയിന്റ് ട്രിഗണോമെട്രിക് കണക്കുകളിലൂടെ കണ്ടെത്തുന്നതിലൂടെ, ആക്രമണം നടന്ന കൃത്യമായ സ്ഥാനവും (Area of Origin) ഉയരവും പോലീസിന് നിശ്ചയിക്കാൻ സാധിക്കുന്നു.
രാത്രിയുടെ ഇരുട്ടിൽ മിന്നിമറയുന്ന മൊബൈൽ സിഗ്നലുകൾ, ലാപ്ടോപ്പ് സ്ക്രീനിൽ തെളിയുന്ന ചുവന്ന ബിന്ദുക്കൾ... 'അഞ്ചാം പാതിര' എന്ന സിനിമയിൽ കൊലയാളിയുടെ ലൊക്കേഷൻ കണ്ടെത്താൻ ആൻഡ്രൂസ് എന്ന ഹാക്കർ നടത്തുന്ന ആവേശകരമായ ഈ നീക്കങ്ങൾ നാം കണ്ടതാണ്. എന്നാൽ ഈ സിനിമാറ്റിക് രംഗങ്ങൾക്ക് പിന്നിൽ , കുറ്റാന്വേഷണ ലോകത്തെ നിശബ്ദനായ സഹായിയായ ത്രികോണമിതിയുണ്ടെന്ന് നമ്മൾ ചിന്തിച്ചിട്ടുണ്ടോ ?
മൊബൈൽ ഫോൺ ട്രാക്കിംഗിൽ ട്രിഗണോമെട്രി ഉപയോഗിക്കുന്നത് പ്രധാനമായും ട്രയാംഗുലേഷൻ (Triangulation) എന്ന രീതിയിലൂടെയാണ്. ഒരു ഫോൺ സിഗ്നൽ അയക്കുമ്പോൾ അത് ഒരേസമയം ഒന്നിലധികം മൊബൈൽ ടവറുകളിൽ എത്താറുണ്ട്. ഇത്തരത്തിൽ മൂന്ന് വ്യത്യസ്ത ടവറുകളിൽ നിന്നുള്ള സിഗ്നലുകളുടെ ദൂരവും ,ആ സിഗ്നലുകൾ ടവറിൽ വന്നുപതിക്കുന്ന കോണളവും കണക്കാക്കി ഒരു ത്രികോണം രൂപപ്പെടുത്തുന്നു. ട്രിഗണോമെട്രിക് ഫംഗ്ഷനുകൾ ഉപയോഗിച്ച് ഈ മൂന്ന് ടവറുകളിൽ നിന്നുള്ള ദൂരങ്ങൾ കൂട്ടിമുട്ടുന്ന ബിന്ദു കൃത്യമായി കണ്ടുപിടിക്കുന്നതിലൂടെയാണ് ഫോണിന്റെ ലൊക്കേഷൻ അടയാളപ്പെടുത്തുന്നത്.
ഭൂമി പരന്നതാണെന്ന പൗരാണിക സങ്കൽപ്പങ്ങളെ തിരുത്തിക്കൊണ്ട്, ബി.സി. ആറാം നൂറ്റാണ്ടിൽ ഗ്രീക്ക് ചിന്തകനായ പൈതഗോറസ് (Pythagoras) ആണ് ഭൂമി ഗോളാകൃതിയിലാണെന്ന ആശയം ആദ്യമായി മുന്നോട്ടുവെച്ചത്. പിൽക്കാലത്ത് അരിസ്റ്റോട്ടിൽ ഇതിന് നിരീക്ഷണങ്ങളിലൂടെ തെളിവുകൾ നൽകുകയും ചെയ്തു. പൈതഗോറസിന്റെ ഈ കണ്ടെത്തലാണ് ആധുനിക ഗൂഗിൾ മാപ്പിംഗിന്റെ അടിസ്ഥാനശിലയായ സ്ഫെറിക്കൽ ട്രിഗണോമെട്രി (Spherical Trigonometry) എന്ന ശാഖയ്ക്ക് വഴിയൊരുക്കിയത്. ഭൂമി ഒരു ഗോളമായതിനാൽ മാപ്പിലെ രണ്ട് പോയിന്റുകൾ തമ്മിലുള്ള കൃത്യമായ ദൂരം കണ്ടെത്താൻ ഗൂഗിൾ മാപ്സ് ഹാവർസൈൻ ഫോർമുല (Haversine Formula) പോലുള്ള സങ്കീർണ്ണമായ ത്രികോണമിതീയ സമവാക്യങ്ങളാണ് ഉപയോഗിക്കുന്നത്. സൈൻ , കോസൈൻ ഫംഗ്ഷനുകൾ ഉപയോഗിച്ച് അക്ഷാംശവും രേഖാംശവും വിശകലനം ചെയ്യുന്നതിലൂടെ, വക്രതയുള്ള ഉപരിതലത്തിലെ ഏറ്റവും കുറഞ്ഞ ദൂരം കൃത്യമായി കണക്കാക്കാൻ സാധിക്കുന്നു. കൂടാതെ, ഓരോ യാത്രയിലും നിങ്ങളുടെ ദിശ നിശ്ചയിക്കാനും വളവുകൾ കൃത്യമായി അടയാളപ്പെടുത്താനും Arctangent പോലുള്ള ത്രികോണമിതീയ അനുപാതങ്ങൾ ഗൂഗിൾ മാപ്സിനെ സഹായിക്കുന്നു.
'കുട്ടനാടൻ മാർപ്പാപ്പ' എന്ന സിനിമയിൽ സൗബിൻ ഷാഹിർ അവതരിപ്പിച്ച ഫ്രെഡി എന്ന ഡെലിവറി ബോയിക്ക് വഴിതെറ്റിച്ചത് യഥാർത്ഥത്തിൽ ഗൂഗിൾ മാപ്പിലെ ത്രികോണമിതി ആണ്.
അനന്തമായ ബഹിരാകാശത്തിലൂടെയുള്ള യാത്രകളിൽ കൃത്യമായ ദിശയും സ്ഥാനവും കണ്ടെത്തുക എന്നത് വലിയൊരു വെല്ലുവിളിയാണ്. ഇവിടെയാണ് ത്രികോണമിതി എന്ന ഗണിതശാസ്ത്ര ശാഖ ഒരു പ്രധാന വഴികാട്ടിയാകുന്നത്. കോണുകളും വശങ്ങളും തമ്മിലുള്ള ബന്ധം ഉപയോഗിച്ച്, ദശലക്ഷക്കണക്കിന് കിലോമീറ്റർ അകലെയുള്ള ഗ്രഹങ്ങളുടെയും നക്ഷത്രങ്ങളുടെയും സ്ഥാനം കൃത്യമായി കണക്കാക്കാൻ ത്രികോണമിതി ശാസ്ത്രജ്ഞരെ സഹായിക്കുന്നു. ബഹിരാകാശ വാഹനങ്ങളുടെ വിക്ഷേപണം മുതൽ അവയുടെ സുരക്ഷിതമായ ലാൻഡിംഗ് വരെയുള്ള ഓരോ ഘട്ടത്തിലും ഈ ഗണിതശാസ്ത്രം അവിഭാജ്യഘടകമാണ്. ഒരു റോക്കറ്റ് വിക്ഷേപിക്കുമ്പോൾ അത് ഏത് കോണിൽ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കണം എന്ന് തീരുമാനിക്കുന്നത് ത്രികോണമിതി വഴിയാണ്. വിക്ഷേപണ സമയത്തുള്ള ആംഗിളിൽ ഉണ്ടാകുന്ന ചെറിയൊരു മാറ്റം പോലും റോക്കറ്റിന്റെ സഞ്ചാരപാത തെറ്റാനും ദൗത്യം പരാജയപ്പെടാനും കാരണമാകും. അതുകൊണ്ട് തന്നെ, ഗ്രഹങ്ങളുടെ സ്ഥാനവും പേടകത്തിന്റെ വേഗതയും കൃത്യമായി വിശകലനം ചെയ്ത് ശരിയായ 'ലോഞ്ച് ആംഗിൾ' കണ്ടെത്താൻ ട്രിഗണോമെട്രിക് സമവാക്യങ്ങൾ ഉപയോഗിക്കുന്നു. ഭൂമിയിലെ സ്റ്റേഷനുകളിൽ നിന്ന് പേടകത്തിലേക്കുള്ള ദൂരവും ദിശയും കണക്കാക്കാൻ ട്രയാംഗുലേഷൻ എന്ന രീതിയാണ് ഉപയോഗിക്കുന്നത്. മൂന്ന് വ്യത്യസ്ത ബിന്ദുക്കളിൽ നിന്നുള്ള കോണളവുകൾ വിശകലനം ചെയ്യുന്നതിലൂടെ ശൂന്യമായ ബഹിരാകാശത്ത് ഒരു പേടകം എവിടെയാണെന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കുന്നു. ഗ്രഹങ്ങളുടെ ഭ്രമണപഥം (Orbit) നിർണ്ണയിക്കാനും, കൃത്രിമ ഉപഗ്രഹങ്ങൾ ഭൂമിക്ക് മുകളിൽ കൃത്യമായ ഉയരത്തിൽ നിലനിർത്താനും ട്രിഗണോമെട്രിക് ഫംഗ്ഷനുകൾ ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ചുരുക്കത്തിൽ, ട്രിഗണോമെട്രി കൂടാതെ ആധുനിക ബഹിരാകാശ ഗവേഷണം സാധ്യമാകുമായിരുന്നില്ല. ശൂന്യാകാശത്തെ സങ്കീർണ്ണമായ ദൂരങ്ങളും ഗ്രഹങ്ങളുടെ സഞ്ചാരപഥങ്ങളും ലളിതമായ ഗണിത സമവാക്യങ്ങളിലൂടെ പരിഹരിക്കാൻ ഇത് സഹായിക്കുന്നു. മനുഷ്യൻ നടത്തുന്ന അന്തർഗ്രഹ യാത്രകൾക്കും സാറ്റലൈറ്റ് ആശയവിനിമയങ്ങൾക്കും പിന്നിലെ ചാലകശക്തിയായി ട്രിഗണോമെട്രി നിലകൊള്ളുന്നു. ശാസ്ത്രം എത്ര പുരോഗമിച്ചാലും ബഹിരാകാശത്തെ അത്ഭുതങ്ങൾ തേടിയുള്ള യാത്രയിൽ ഈ ഗണിതശാസ്ത്രം എന്നും അടിസ്ഥാനശിലയായി തുടരും.
ബില്യാർഡ്സ് പോലുള്ള കായിക വിനോദങ്ങളിൽ ത്രികോണമിതി വളരെ പ്രധാനപ്പെട്ട ഒരു പങ്ക് വഹിക്കുന്നു. ഓരോ ഷോട്ടിലും ബോളുകൾ സഞ്ചരിക്കേണ്ട പാത കൃത്യമായി നിർണ്ണയിക്കാൻ കളിക്കാർക്ക് ഗണിതശാസ്ത്രപരമായ ഈ തത്വങ്ങൾ ആവശ്യമാണ്. പ്രധാനമായും ടേബിളിന്റെ അരികുകളിൽ തട്ടി തിരിച്ചു വരുന്ന ബോളുകളുടെ 'ആംഗിൾ ഓഫ് റിഫ്ലെക്ഷൻ' (പ്രതിഫലന കോൺ) കണക്കാക്കാൻ ട്രിഗണോമെട്രി സഹായിക്കുന്നു. ഗോൾഫ് കളിക്കാർ പന്ത് എത്ര ദൂരം സഞ്ചരിക്കണമെന്ന് തീരുമാനിക്കുന്നത് അടിയുടെ ആംഗിളും ഉയരവും കണക്കാക്കിയാണ്. ആർച്ചറി, ഷൂട്ടിംഗ് എന്നിവയിൽ ദൂരത്തിനനുസരിച്ച് ലക്ഷ്യം കാണാൻ ആവശ്യമായ ചെരിവ് കണ്ടെത്താനും ഇത് അത്യാവശ്യമാണ്. ചുരുക്കത്തിൽ, വേഗതയും ദിശയും കൃത്യമായി നിർണ്ണയിക്കേണ്ട എല്ലാ കായിക വിനോദങ്ങളിലും ട്രിഗണോമെട്രി ഒഴിവാക്കാനാവാത്ത ഒന്നാണ്.
മലപ്പുറത്തെ ഫുട്ബോൾ ആവേശം പറയുന്ന 'സുഡാനി ഫ്രം നൈജീരിയ' പോലുള്ള സിനിമകളിലെ ഓരോ ഗോളും കൃത്യമായ കണക്കുകൂട്ടലുകളുടെ ഫലമാണ്. കളിക്കാർ പന്ത് വളച്ചടിക്കുമ്പോഴും പാസ് ചെയ്യുമ്പോഴും അറിയാതെ തന്നെ ട്രിഗണോമെട്രിയിലെ തത്വങ്ങളാണ് അവിടെ പ്രായോഗികമായി ഉപയോഗിക്കുന്നത്.
ലക്ഷദ്വീപിന്റെ നീലക്കടലിനുള്ളിലെ അത്ഭുതക്കാഴ്ചകളിലേക്ക് സഞ്ചാരികളെ നയിക്കുന്ന 'അനാർക്കലി' എന്ന സിനിമയിലെ പൃഥ്വിരാജിന്റെ ശാന്തനു എന്ന 'ഡൈവിംഗ് ഇൻസ്ട്രക്ടർ' കഥാപാത്രത്തെ മലയാളി പ്രേക്ഷകർക്ക് മറക്കാനാവില്ല.
കടലിന്റെ ആഴങ്ങളിലേക്കുള്ള ഓരോ ഡൈവിംഗും വെറും സാഹസികത മാത്രമല്ല, കൃത്യമായ ഗണിതശാസ്ത്രം കൂടി ചേർന്നതാണ്. ഒരു ഡൈവർ കടൽത്തട്ടിലേക്ക് നീങ്ങുന്ന ചരിവ് അഥവാ 'ഡൈവിംഗ് സ്ലോപ്പ്' കണക്കാക്കുന്നതിൽ ത്രികോണമിതിക്ക് നിർണ്ണായക പങ്കുണ്ട്. ഉപരിതലത്തിൽ നിന്ന് എത്ര കോണളവിൽ താഴേക്ക് പോകുന്നു എന്ന് മനസ്സിലാക്കിയാൽ മാത്രമേ ഒരാൾക്ക് താൻ എത്തിയ ആഴവും (Depth), സഞ്ചരിച്ച ദൂരവും കൃത്യമായി നിർണ്ണയിക്കാൻ സാധിക്കൂ. സൈൻ കോസൈൻ ടാൻജെന്റ് തുടങ്ങിയ ഗണിത തത്വങ്ങൾ ഉപയോഗിച്ച് കടലിന്റെ അദൃശ്യമായ ജ്യാമിതിയെ അളക്കുന്ന രീതിയാണിത്.
ഭൂമിയുടെ ഉപരിതലത്തിന്റെ 70 ശതമാനത്തിലധികം വരുന്ന സമുദ്രങ്ങളെക്കുറിച്ചുള്ള പഠനമാണ് ഓഷ്യനോഗ്രാഫി. സമുദ്രത്തിലെ പ്രതിഭാസങ്ങളായ തിരമാലകൾ, വേലിയേറ്റങ്ങൾ, ജലപ്രവാഹങ്ങൾ എന്നിവയുടെ ചലനങ്ങളും ആഴവും കൃത്യമായി അളക്കുന്നതിന് ത്രികോണമിതി അത്യന്താപേക്ഷിതമാണ്. ലളിതമായ കോണുകളും അകലങ്ങളും ഉപയോഗിച്ച് കടലിന്റെ നിഗൂഢതകൾ മനസ്സിലാക്കാൻ ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു.സമുദ്രത്തിന്റെ ആഴം, തിരമാലകളുടെ ഉയരം, വേലിയേറ്റം എന്നിവ കൃത്യമായി കണക്കാക്കാൻ ത്രികോണമിതി ഉപയോഗിക്കുന്നു. തിരമാലകളുടെ ആവർത്തന ചലനങ്ങൾ വിശകലനം ചെയ്യാനും സോണാർ തരംഗങ്ങൾ ഉപയോഗിച്ച് സമുദ്രത്തിന്റെ അടിത്തട്ടിലെ ഭൂപടങ്ങൾ തയ്യാറാക്കാനും ത്രികോണമിതി അത്യാവശ്യമാണ്. കൂടാതെ, സമുദ്രജല പ്രവാഹങ്ങളുടെ ദിശ മനസ്സിലാക്കാനും സുനാമി പോലുള്ള പ്രതിഭാസങ്ങൾ മുൻകൂട്ടി പ്രവചിക്കാനും ഇത് ശാസ്ത്രജ്ഞരെ സഹായിക്കുന്നു.
ഒരു ഭൂകമ്പം ഉണ്ടാകുമ്പോൾ ഭൂമിയിലൂടെ പി-തരംഗങ്ങൾ (P-waves), എസ്-തരംഗങ്ങൾ (S-waves) എന്നിങ്ങനെ രണ്ട് തരം തരംഗങ്ങൾ സഞ്ചരിക്കും. ഭൂകമ്പ മാപിനികളിൽ (Seismographs) ഈ തരംഗങ്ങൾ എത്തുന്ന സമയത്തിൻ്റെ വ്യത്യാസം കണക്കാക്കി, ആ കേന്ദ്രത്തിൽ നിന്ന് ഭൂകമ്പ മാപിനിയിലേക്കുള്ള ദൂരം കണ്ടെത്താൻ ത്രികോണമിതിയിലെ സൂത്രവാക്യങ്ങൾ സഹായിക്കുന്നു. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് എത്ര ആഴത്തിലാണ് (Hypocenter) ഭൂകമ്പം ഉണ്ടായതെന്ന് കണക്കാക്കാൻ സ്ഫെറിക്കൽ ട്രിഗണോമെട്രി (Spherical Trigonometry) ഉപയോഗിക്കുന്നു. തരംഗങ്ങൾ സഞ്ചരിച്ച കോണും ദൂരവും വിശകലനം ചെയ്താണ് ഇത് സാധ്യമാകുന്നത്. ത്രികോണമിതി ഉപയോഗിച്ച് നമുക്ക് ഭൂകമ്പത്തിന്റെ കേന്ദ്രം കണ്ടെത്താം, എന്നാൽ ആ കേന്ദ്രത്തിലുണ്ടായ ആഘാതം ഒരു കുട്ടിയുടെ ജീവിതത്തിൽ എത്രത്തോളം ആഴത്തിലുള്ളതായിരുന്നു എന്ന് 'കാഴ്ച' എന്ന സിനിമയിലൂടെ നമുക്ക് കാണാൻ സാധിക്കും.
സസ്യ ജന്തു ജീവികളെ അവയുടെ സമാനതകളുടെയും വ്യത്യാസങ്ങളുടെയും അടിസ്ഥാനത്തിൽ ശാസ്ത്രീയമായി തിരിച്ചറിയുകയും പേരിടുകയും വർഗ്ഗീകരിക്കുകയും ചെയ്യുന്ന ജീവശാസ്ത്ര ശാഖയാണ് ടാക്സോണമി (Taxonomy). ഭൂമിയിലെ ദശലക്ഷക്കണക്കിന് വരുന്ന വൈവിധ്യമാർന്ന ജീവികളെ കുറിച്ച് പഠിക്കുന്നതിനും അവ തമ്മിലുള്ള പരിണാമപരമായ ബന്ധങ്ങൾ മനസ്സിലാക്കുന്നതിനും ടാക്സോണമി അത്യാവശ്യമാണ്. ജൈവവൈവിധ്യ സംരക്ഷണം, കൃഷി, വൈദ്യശാസ്ത്രം തുടങ്ങിയ മേഖലകളിൽ ഒരു ജീവിയെ കൃത്യമായി തിരിച്ചറിയുക എന്നത് വളരെയധികം പ്രാധാന്യമർഹിക്കുന്നു.
ഒരു ജീവിയെ കൃത്യമായി വർഗ്ഗീകരിക്കണമെങ്കിൽ അതിന്റെ ശരീരഘടനയിലുള്ള സൂക്ഷ്മമായ അളവുകൾ അറിഞ്ഞിരിക്കണം. ഇവിടെയാണ് ട്രിഗണോമെട്രി പ്രസക്തമാകുന്നത്. ത്രികോണങ്ങളുടെ വശങ്ങളും കോണുകളും തമ്മിലുള്ള ബന്ധം പഠിക്കുന്ന ട്രിഗണോമെട്രി, ജീവികളുടെ ശരീരഭാഗങ്ങൾക്കിടയിലുള്ള കോണുകൾ , വളവുകൾ, സസ്യങ്ങളുടെ ഇലകൾ തണ്ടുമായി ചേർന്നുണ്ടാക്കുന്ന കോണളവ് എന്നിവ കൃത്യമായി വിശകലനം ചെയ്യാൻ ഗവേഷകരെ സഹായിക്കുന്നു. വെറും കാഴ്ച കൊണ്ടുമാത്രം വേർതിരിച്ചറിയാൻ പ്രയാസമുള്ള സ്പീഷീസുകളെ ഗണിതശാസ്ത്രപരമായ കൃത്യതയോടെ തരംതിരിക്കാൻ ട്രിഗണോമെട്രിക് അളവുകൾ ടാക്സോണമിസ്റ്റുകളെ പ്രാപ്തരാക്കുന്നു. പ്രാണികളുടെ ചിറകുകളിലെ ഞരമ്പുകൾ തമ്മിലുള്ള കോണുകൾ അളക്കുന്നതിലൂടെയും, പക്ഷികളുടെ കൊക്കുകളുടെയും കാലുകളുടെയും ആകൃതി വിശകലനം ചെയ്യുന്നതിലൂടെയും സമാനമായ സ്പീഷീസുകളെ തമ്മിൽ വേർതിരിച്ചറിയാൻ സാധിക്കും.
അപ്പോൾ, നമ്മുടെ ആ പഴയ 'ലൂസിഫർ' മീനിലേക്ക് തന്നെ ഒന്ന് തിരിച്ചു പോകാം.
ഇവനാണ് ആ പുള്ളിക്കാരൻ ... മീനിന്റെ ശരീരത്തിൽ അടയാളപ്പെടുത്തിയിരിക്കുന്ന ആ കോണുകളും , അതിന്റെ ബോഡി ഹൈറ്റും എല്ലാം ചേർന്നുണ്ടാകുന്ന ആ ത്രികോണം നിങ്ങൾ ശ്രദ്ധിച്ചോ? ഒരു മീനിൽ ഇങ്ങനെയൊക്കെ വരച്ചു വെച്ചിരിക്കുന്നത് കണ്ട് നിങ്ങൾ അത്ഭുതപ്പെടുന്നുണ്ടാകും. ഇവിടെയാണ് 'Taxonomical Similarity' എന്ന വിദ്യ ഒളിഞ്ഞിരിക്കുന്നത്. രണ്ട് ജീവികൾ (ഇവിടെ നമ്മുടെ മീനുകൾ) തമ്മിൽ എത്രത്തോളം സാമ്യമുണ്ട് എന്ന് ശാസ്ത്രീയമായി കണ്ടെത്തുന്ന രീതിയാണിത്. കാഴ്ചയിൽ ഒരുപോലെ ഇരുന്നതുകൊണ്ട് മാത്രം രണ്ട് മീനുകൾ ഒരേ വർഗ്ഗമാകണമെന്നില്ല. അവയുടെ ചിറകുകളുടെ നീളം, തലയുടെ ആകൃതി, വായുടെ ആംഗിൾ തുടങ്ങിയ ശാരീരിക അളവുകൾ (Morphometrics) താരതമ്യം ചെയ്താണ് ടാക്സോണമിസ്റ്റുകൾ ഇത് ഉറപ്പിക്കുന്നത്. ഈ താരതമ്യത്തെയാണ് ടാക്സോണമിക്കൽ സിമിലാരിറ്റി എന്ന് വിളിക്കുന്നത്. ഇത് ഒരു വലിയ ലക്ഷ്യമാണ്—രണ്ട് ജീവികൾ തമ്മിൽ എത്രത്തോളം ബന്ധമുണ്ട് എന്ന് കണ്ടെത്തുക എന്ന ലക്ഷ്യം. ഇതിനായി ശാസ്ത്രജ്ഞർ പല രീതികൾ ഉപയോഗിക്കാറുണ്ട്. അതിൽ ട്രിഗണോമെട്രി ഉപയോഗിച്ചുള്ള ഒരു പ്രധാന ഉപവിഭാഗമാണ് Cosine Similarity. രണ്ട് മീനുകളെ രണ്ട് വരകളായി (Vectors) സങ്കൽപ്പിച്ചാൽ, അവയ്ക്കിടയിലുള്ള ആംഗിൾ എത്രത്തോളം കുറവാണോ അത്രത്തോളം ആ മീനുകൾ തമ്മിൽ സാമ്യമുണ്ടെന്ന് നമുക്ക് പറയാം. വലിപ്പവ്യത്യാസം നോക്കാതെ മീനുകളുടെ ആകൃതിയിലെ ആ 'ആംഗിൾ' നോക്കി അവ ഒരേ വർഗ്ഗമാണോ എന്ന് ഇതിലൂടെ ഉറപ്പിക്കാം.
നമുക്ക് ഒരു ഉദാഹരണം നോക്കാം.
രണ്ട് മീനുകൾ നിങ്ങളുടെ മുന്നിലുണ്ടെന്ന് വിചാരിക്കുക. ഒന്ന് വലിയ മീനും മറ്റൊന്ന് ചെറുതും.വെറും നീളം മാത്രം നോക്കിയാൽ അവ രണ്ടും വ്യത്യസ്തമാണെന്ന് തോന്നും. ചിത്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ, മീനിന്റെ വായ മുതൽ തലയുടെ മുകൾഭാഗം വരെയുള്ള ആ കോൺ നോക്കുക. മീൻ വലുതായാലും ചെറുതായാലും അതിന്റെ ശരീരഘടന (Shape) ഒന്നാണെങ്കിൽ ഈ ആംഗിൾ ഒരേപോലെ ആയിരിക്കും. രണ്ട് മീനുകളുടെയും ഈ ആംഗിളുകൾ തമ്മിലുള്ള വ്യത്യാസം പൂജ്യം (0°) ആണെങ്കിൽ, അതായത് രണ്ടിന്റെയും ആകൃതി കൃത്യം ഒന്നാണെങ്കിൽ,
cos O = 1 എന്ന് കിട്ടും.
1 എന്നാൽ 100% സിമിലാരിറ്റി എന്നാണ് അർത്ഥം. ഇനി ഈ കോണളവിൻ്റെ വ്യത്യാസം കൂടുന്നതനുസരിച്ച് (അതായത് ആകൃതി മാറുമ്പോൾ), കോസൈൻ വാല്യൂ 1-ൽ നിന്ന് താഴോട്ട് പോകും. വാല്യൂ കുറയുന്തോറും അവ തമ്മിലുള്ള സാമ്യവും കുറയുന്നു.
കോസൈൻ സിമിലാരിറ്റി സാധാരണയായി സൂചിപ്പിക്കുന്നത് -1 നും 1 നും ഇടയിലുള്ള ഒരു ദശാംശ സംഖ്യയായാണ്. ടാക്സോണമിയിൽ മീനുകളുടെ അളവുകൾ (Length, Height) എപ്പോഴും പോസിറ്റീവ് സംഖ്യകൾ ആയതുകൊണ്ട് സാധാരണ രീതിയിൽ നെഗറ്റീവ് വാല്യൂ വരാറില്ല. രണ്ട് മീനുകളുടെ സ്വഭാവങ്ങൾ അല്ലെങ്കിൽ അളവുകൾ പരസ്പരം വിപരീത ദിശയിൽ സഞ്ചരിക്കുകയാണെങ്കിൽ (ഒന്ന് കൂടുമ്പോൾ മറ്റേത് വല്ലാതെ കുറയുക) സിമിലാരിറ്റി നെഗറ്റീവ് ആവാം. ലളിതമായി പറഞ്ഞാൽ, -1 എന്ന മൂല്യം സൂചിപ്പിക്കുന്നത് ആ രണ്ട് മീനുകളും അളവുകളുടെ കാര്യത്തിൽ പൂർണ്ണമായും വിപരീതമാണ് എന്നാണ്.
കുമ്പളങ്ങി നൈറ്റ്സി'ൽ ബോബിയെ മീൻപിടുത്തത്തിന് പ്രേരിപ്പിക്കാൻ ബേബി മോൾ ചോദിക്കുന്നുണ്ട്, 'ഇന്ന് കാലത്തു കൂടി മഞ്ഞക്കൂരി കൂട്ടി ചോറു തിന്നേച്ചും വന്ന ഈ എന്നോടോ ബാലാ...' എന്ന്. ഒരുപക്ഷേ ബേബി അന്ന് രാവിലെ കഴിച്ച മഞ്ഞക്കൂരികളുടെ ആകൃതിയും വലിപ്പവും തമ്മിലുള്ള സാമ്യം അളക്കാൻ ത്രികോണമിതിയിലെ Cosine Similarity ഉപയോഗിച്ചിട്ടുണ്ടാകാം.
പണ്ട് ടാക്സോണമിസ്റ്റുകൾ ഇത് വ്യാപകമായി ഉപയോഗിച്ചിരുന്നു. എന്നാൽ ഇന്ന് DNA Barcoding, AI തുടങ്ങിയ പുതിയ സാങ്കേതിക വിദ്യകൾ വന്നതോടെ ഈ പഴയ ട്രിഗണോമെട്രി രീതികൾ അല്പം പിന്നിലേക്ക് പോയിട്ടുണ്ട്. മീനുകളിൽ കണ്ട ഈ 'സിമിലാരിറ്റി' വിദ്യ വെറും ടാക്സോണമിയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒന്നല്ല. ഇന്ന് നമ്മൾ ഉപയോഗിക്കുന്ന ഡിജിറ്റൽ ലോകത്തെ പല അത്ഭുതങ്ങൾക്കും പിന്നിൽ ഈ സൂത്രവാക്യമുണ്ട്. ഉദാഹരണത്തിന്, ഗൂഗിളിൽ നമ്മൾ ഒരു കാര്യം തിരയുമ്പോഴോ, ചാറ്റ് ബോട്ടുകളോട് (Chatbots) സംസാരിക്കുമ്പോഴോ നമ്മൾ ചോദിക്കുന്ന ചോദ്യത്തിന്റെ അർത്ഥം മനസ്സിലാക്കി സമാനമായ ഉത്തരങ്ങൾ നൽകാൻ ഈ 'കൊസൈൻ സിമിലാരിറ്റി' സഹായിക്കുന്നു. ഒരേ കാര്യം തന്നെ പലരും പല രീതിയിൽ ചോദിക്കുമ്പോൾ, ആ ചോദ്യങ്ങൾ തമ്മിലുള്ള സാമ്യം കണ്ടെത്തി കൃത്യമായ മറുപടി നൽകാൻ ഇത് അത്യാവശ്യമാണ്. പരീക്ഷാ പേപ്പർ മൂല്യനിർണ്ണയം നടത്തുന്ന ഓട്ടോമേറ്റഡ് സിസ്റ്റങ്ങളിലും, മറ്റൊരാൾ എഴുതിയത് കോപ്പി അടിച്ചതാണോ എന്ന് നോക്കുന്ന പ്ലേജിയറിസം ചെക്കിംഗിലും (Plagiarism Detection) ഈ ട്രിഗണോമെട്രിക് സിമിലാരിറ്റി വിദ്യ തന്നെയാണ് താരം. ചുരുക്കത്തിൽ, ടാക്സോണമിയിൽ മീനുകളെ തരംതിരിക്കാൻ സഹായിക്കുന്ന അതേ കണക്ക് തന്നെയാണ് ഇന്റർനെറ്റിൽ നമ്മൾ ചോദിക്കുന്ന ചോദ്യങ്ങളെ തിരിച്ചറിയാനും ഗൂഗിളിനെ സഹായിക്കുന്നത്.
ഇതൊക്കെ കണ്ടിട്ട് ത്രികോണമിതിക്ക് 'പ്രാഞ്ചിയേട്ടനിലെ' അരിപ്രാഞ്ചിയുടെ അവസ്ഥയാണെന്ന് തോന്നുന്നുണ്ടോ? തികച്ചും സ്വാഭാവികം ! പ്രാഞ്ചിയേട്ടൻ ഇത്രയും വലിയ ബിസിനസ്സുകാരനായിട്ടും നാട്ടുകാർ ഇപ്പോഴും അദ്ദേഹത്തെ 'അരിപ്രാഞ്ചി' എന്ന് വിളിക്കുന്നു. ട്രിഗണോമെട്രിയും ഇതുപോലെയാണ്. ലോകത്തിലെ സകല എൻജിനീയറിംഗും സാങ്കേതികവിദ്യയും ഇതിന്റെ പുറത്താണ് നിൽക്കുന്നത്. "എന്നിട്ടും ഇതൊക്കെ പഠിച്ചിട്ടെന്തിന് ?"എന്ന ചോദ്യം ബാക്കി .
നിങ്ങൾ ഒരു ക്രൈം ഇൻവെസ്റ്റിഗേറ്ററോ, വീഡിയോ ഗെയിം ഡിസൈനറോ, സിവിൽ എഞ്ചിനീയറോ, ആർക്കിടെക്റ്റോ സർവേയറോ ആകാൻ ആഗ്രഹിക്കുന്നവരാകട്ടെ; അതല്ലെങ്കിൽ ആകാശസീമകളിൽ വിമാനം പറത്തുന്ന ഒരു പൈലറ്റോ, ആഴക്കടലിൽ ദിശാനിർണ്ണയം നടത്തുന്ന ഒരു നേവി ഓഫീസറോ ആകാനാണ് നിങ്ങളുടെ സ്വപ്നമെങ്കിൽ അവിടെയെല്ലാം ത്രികോണമിതി അത്യന്താപേക്ഷിതമാണ്. അധ്യാപനരംഗത്തും ആരോഗ്യ രംഗത്തും നിർമാണ രംഗത്തും എല്ലാം ത്രികോണമിതി ഉപയോഗിക്കുന്നവരാണ്. ഇനി നിങ്ങൾ ഈ പറയുന്ന തൊഴിൽ മേഖലകളൊന്നും തിരഞ്ഞെടുക്കുന്നില്ലെങ്കിൽ പോലും, നിങ്ങളുടെ ഓരോ ചുവടിലും ത്രികോണമിതി കൂടെയുണ്ട്. നിങ്ങൾ മൊബൈലിൽ പാട്ട് കേൾക്കുമ്പോഴുള്ള ശബ്ദതരംഗങ്ങളുടെ വിശകലനത്തിലും, ഗൂഗിൾ മാപ്പിലൂടെ (GPS) കൃത്യമായ സ്ഥലം കണ്ടെത്തുമ്പോഴുമെല്ലാം ഈ ഗണിതശാസ്ത്രമാണ് പ്രവർത്തിക്കുന്നത്. വൈദ്യശാസ്ത്രം മുതൽ ടാക്സോണമി വരെയും, നിത്യജീവിതത്തിലെ കൊച്ചു കാര്യങ്ങളിൽ പോലും ത്രികോണമിതി അദൃശ്യമായ ഒരു കരുത്തായി നിലകൊള്ളുന്നു.
ഈ യാത്ര ഇവിടെ അവസാനിക്കുകയാണ്. എന്നാൽ കണക്കുകൾ അവസാനിക്കുന്നില്ല, അവ പുതിയ രൂപത്തിൽ നമ്മുടെ ചുറ്റും വീണ്ടും പ്രത്യക്ഷപ്പെട്ടുകൊണ്ടേയിരിക്കും. സിനിമ തീർന്നാലും ആവേശം ബാക്കിയാകുന്നത് പോലെ, ഈ ഗണിതപഠനം നിങ്ങളുടെ ചിന്തകളിൽ എന്നും നിലനിൽക്കട്ടെ. "ഈ സൈനും കോസും ഒക്കെ പഠിച്ചിട്ട് എന്തു കാര്യം?" എന്നു ചോദിക്കുന്നവരോട് നാട്ടുരാജാവിലെ മോഹൻലാൽ സ്റ്റൈലിൽ നമുക്കു പറയാം... " നിനക്ക് ഒന്നും അറിയില്ല, കാരണം നീ കുട്ടിയാണ്..."
Comments
Post a Comment