ത്രികോണം, ആകൃതിയിലെ ആദ്യം ....
ത്രികോണം, ഏറ്റവും കുറവ് വശങ്ങളും ശീർഷങ്ങളും ഉള്ള ബഹുഭുജം ( The Polygon which has least number of sides and vertices). ചുറ്റും ഒന്നു കണ്ണോടിച്ചാൽ പലയിടങ്ങളിലും ഈ ജ്യാമിതീയ രൂപം നമുക്ക് കാണാനാവും. നമ്മൾ കഴിക്കുന്ന പല ഭക്ഷണ സാധനങ്ങളിലും ത്രികോണാകൃതി നമുക്ക് കാണാവുന്നതാണ്. ഉദാഹരണത്തിന്, സമോസ , മുറിച്ചു വെച്ച പിസ്സ, സാൻവിച്ച്, ടോർട്ടില്ല ചിപ്സ് എന്നിവ.
നിർമ്മാണ മേഖലയിലും പാലങ്ങളിലും ത്രികോണാകൃതി കാണാവുന്നതാണ്.
പായ്ക്കപ്പലുകളിലും സൈക്കിൾ ഫ്രെയിമുകളിലും ട്രാഫിക് ചിഹ്നങ്ങളിലും ഇലക്ട്രിക് ടവറുകളിലും നിർമ്മാണ ക്രയിനുകളിലും വാട്ടർ സ്റ്റാൻഡുകളിലും ഹാങ്ങറുകളിലും എല്ലാം ത്രികോണത്തിൻ്റെ സാന്നിദ്ധ്യം ഒഴിവാക്കാൻ സാധിക്കില്ല. പ്രകൃതിയിലും ത്രികോണങ്ങൾ ധാരാളമായി കാണാം.
നമുക്കു മുന്നിൽ പല തരത്തിലുള്ള ജ്യാമിതീയ രൂപങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ത്രികോണങ്ങൾക്ക് വളരെയധികം പ്രാധാന്യമെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ അതിനുള്ള ഉത്തരം ഇവിടെ നിന്നും നിങ്ങൾക്കു ലഭിക്കും.
ത്രികോണം (Triangle) എന്നത് മൂന്ന് വശങ്ങളും മൂന്ന് കോണുകളും ഉള്ള ഏറ്റവും ലളിതമായ ബഹുഭുജമാണ് (polygon). എല്ലാ മറ്റു ബഹുഭുജങ്ങളെയും ത്രികോണങ്ങളാക്കി വിഭജിക്കാനാകും. ത്രികോണത്തിന്റെ ആന്തരിക കോണുകളുടെ തുക എപ്പോഴും 180 ഡിഗ്രിയാണ്. ഇതിനെ "കോണുകളുടെ മൊത്തം സിദ്ധാന്തം" (Angle Sum Property) എന്ന് വിളിക്കുന്നു.
വശങ്ങളുടെ നീളത്തെ അടിസ്ഥാനമാക്കി, ത്രികോണങ്ങളെ സമഭുജ ത്രികോണം (Equilateral Triangle), സമപാർശ്വ ത്രികോണം (Isosceles Triangle), വിഷമഭുജ ത്രികോണം (Scalene Triangle) എന്നിങ്ങനെ തിരിക്കാം.
മൂന്ന് വശങ്ങളും തുല്യമായ ത്രികോണങ്ങളെയാണ് സമഭുജത്രികോണങ്ങൾ എന്ന് വിളിക്കുന്നത്. തുല്യ വശങ്ങൾ എന്നത് പോലെ തുല്യ കോണുകളാണ് സമഭുജത്രികോണങ്ങളുടേത്. ഓരോ കോണുകളും 60 ഡിഗ്രി വീതമായിരിക്കും.
സമപാശ്വ ത്രികോണങ്ങൾക്ക് ഏതെങ്കിലും രണ്ടു വശങ്ങൾ തുല്യമായിരിക്കും. തുല്യവശങ്ങൾക്ക് എതിരെയുള്ള കോണുകളും തുല്യമായിരിക്കും.
എല്ലാ വശങ്ങളും വ്യത്യസ്തമായ ത്രികോണങ്ങളാണ് വിഷമഭുജത്രികോണങ്ങൾ.
കോണുകളുടെ സ്വഭാവത്തെ അടിസ്ഥാനമാക്കി, ത്രികോണങ്ങളെ മട്ട ത്രികോണം (Right Triangle), ന്യൂന കോണ ത്രികോണം (Acute-angled Triangle), വിഷമ കോണ ത്രികോണം (Obtuse-angled Triangle) എന്നിങ്ങനെ വിഭജിക്കാം.
ഒരു ത്രികോണത്തിലെ ഒരു കോൺ കൃത്യം 90 ഡിഗ്രി (മട്ടകോൺ) ആണെങ്കിൽ, ആ ത്രികോണത്തെ മട്ടത്രികോണം (Right-angled Triangle) എന്ന് വിളിക്കുന്നു. മട്ടത്രികോണത്തിൽ 90 ഡിഗ്രിക്ക് എതിർവശത്തുള്ള വശത്തെ കർണ്ണം (Hypotenuse) എന്ന് പറയുന്നു, ഇതാണ് ഏറ്റവും വലിയ വശം.
എല്ലാ കോണുകളും 90 ഡിഗ്രിയിൽ കുറവാണെങ്കിൽ ന്യൂന കോണ ത്രികോണം എന്നും ഏതെങ്കിലും ഒരു കോൾ 90 ഡിഗ്രിയിൽ കൂടുതലാണെങ്കിൽ വിഷമ കോണ ത്രികോണം എന്നും വിളിക്കുന്നു.
രൂപത്തിലും വലിപ്പത്തിലും ഒരേപോലെയുള്ള ത്രികോണങ്ങളെ സർവസമ ത്രികോണങ്ങൾ (Congruent Triangles) എന്ന് വിളിക്കുന്നു. ഇവ ഒന്നിനു മുകളിൽ മറ്റൊന്ന് വെച്ചാൽ കൃത്യമായി ചേർന്നിരിക്കു൦ (ഒരു ത്രികോണത്തിന്റെ വശങ്ങളും കോണുകളും മറ്റൊരു ത്രികോണത്തിൻ്റെ കോണുകൾക്കും തുല്യമായിരിക്കും).ഒരു പാക്കറ്റിനുള്ളിലെ ബിസ്ക്കറ്റിനെ പോലെയോ, ഒരേ നോട്ട്ബുക്കത്തിൻ്റെ പേജുകളെ പോലെയോ, ഒരു രൂപയുടെ പുതിയ രണ്ട് നാണയത്തുട്ടുകളെ പോലെ കൃത്യമായി ചേർന്നിരിക്കുന്ന രൂപങ്ങളാണ്.
സദൃശ ത്രികോണങ്ങൾ (Similar Triangles) എന്നാൽ ഒരേ ആകൃതി (shape) ഉള്ളതും എന്നാൽ വലിപ്പം (size) വ്യത്യസ്തമാകാൻ സാധ്യതയുള്ളതുമായ ത്രികോണങ്ങളാണ്. ഇവയുടെ കോണുകളും വശങ്ങളുടെ അനുപാതവും (ratio) തുല്യമായിരിക്കും. ലളിതമായി പറഞ്ഞാൽ, ഒരു ത്രികോണത്തിന്റെ അതേ രൂപത്തിലുള്ള വലുതോ ചെറുതോ ആയ മറ്റൊരു പതിപ്പാണ് സദൃശ ത്രികോണം. ഒരു ചെറിയ പാസ്പോർട്ട് സൈസ് ഫോട്ടോയും അതേ ഫോട്ടോയുടെ വലിയ പതിപ്പും (Enlargement) സദൃശമാണ്. മുഖത്തിന്റെ ആകൃതിക്കോ കോണുകൾക്കോ മാറ്റം വരുന്നില്ല, വലിപ്പം മാത്രമേ മാറുന്നുള്ളൂ.
വശങ്ങളുടെ നീളം നിശ്ചയിക്കപ്പെട്ടാൽ, അതിന്റെ ആകൃതി മാറ്റാൻ കഴിയില്ല എന്നത് ത്രികോണത്തിൻെറ ഏറ്റവും ലളിതവും എന്നാൽ വലുതും ആയ സവിശേഷതയാണ്. വശങ്ങളുടെ നീളം മാറ്റാതെ ത്രികോണത്തെ വളച്ചൊടിക്കാൻ കഴിയില്ല. ത്രികോണത്തിന്റെ ഏതെങ്കിലും വശങ്ങളുടെയോ കോണുകളുടെയോ നീളം മാറ്റാൻ ശ്രമിച്ചാൽ, ആ ത്രികോണം പൂർണ്ണമായും തകരുകയോ പുതിയ ആകൃതിയിലേക്ക് വരികയോ ചെയ്യും. ഇതിനർത്ഥം, "മൂന്ന് വശങ്ങൾ നിശ്ചയിച്ചാൽ, അവ ഉപയോഗിച്ച് ഒരേയൊരു ആകൃതിയിലുള്ള ത്രികോണം മാത്രമേ നിർമ്മിക്കാൻ സാധിക്കൂ എന്നാണ്". ത്രികോണത്തിൻെറ വശങ്ങൾ ഉറപ്പിച്ചു കഴിഞ്ഞാൽ കോണുകൾ മാറില്ല. ത്രികോണത്തിൻ്റെ ഈ പ്രത്യേകതയെ സ്ഥിരത എന്നു പറയാം. ഇത് ചതുരം പോലെയുള്ള മറ്റ് ബഹുഭുജങ്ങളിൽ (polygons) നിന്ന് വ്യത്യസ്തമാണ്.
ജ്യാമിതീയ രൂപങ്ങളിൽ വച്ച് ഏറ്റവും കരുത്തുറ്റ രൂപമാണ് ത്രികോണം. ഒരു ചതുരത്തിൻ്റെ വശങ്ങളിൽ നിന്ന് സമ്മർദം കൊടുത്താൽ അത് വശങ്ങളിലേക്ക് ചരിഞ്ഞ് ഒരു സാമാന്തരികം ആകാനുള്ള സാധ്യതയുണ്ട്. എന്നാൽ ത്രികോണത്തിന് അതിൻ്റെ ആകൃതി മാറാതെ തന്നെ വലിയ ഭാരം താങ്ങാൻ കഴിയും. ഒരു ത്രികോണത്തിൻെറ മുകളിൽ ഭാരം വരുമ്പോൾ ത്രികോണം ആ ഭാരത്തെ വശങ്ങളിലേ
ക്ക് തുല്യമായി വിഭജിക്കുന്നു. ത്രികോണങ്ങളുടെ ഈ പ്രത്യേകതയാണ് നിർമ്മാണ മേഖലയിൽ ത്രികോണങ്ങളെ പ്രാധാന്യമുള്ളവയാക്കിയത്.
വീടിൻ്റെ മേല്ക്കൂര നിർമ്മിക്കുമ്പോൾ ഇരുമ്പ് പൈപ്പുകളോ മരമോ ഉപയോഗിച്ച് ത്രികോണരൂപങ്ങൾ ഉണ്ടാക്കാറുണ്ട്. ഇതിനെയാണ് ട്രസ് എന്നു പറയുന്നത്.
ഒരു കെട്ടിടത്തിന്റെ മുകളിൽ വരുന്ന ഭാരം (ഉദാഹരണത്തിന് മേൽക്കൂരയിലെ ഭാരം) വശങ്ങളിലേക്ക് തുല്യമായി വിഭജിച്ചു നൽകാൻ ഈ ത്രികോണ രൂപങ്ങൾക്ക് സാധിക്കും. ഇത് തൂണുകൾക്കും അടിത്തറയ്ക്കും മേലുള്ള അമിത സമ്മർദ്ദം കുറയ്ക്കുന്നു.
ഷോപ്പിംഗ് മാളുകളിലെ ട്രയാംഗുലർ ആട്രിയം , ഹാളിൻ്റെ നടുവിലായി മുകളിലേക്ക് തുറന്നു കിടക്കുന്ന വലിയ ഹാൾ ഭാഗമാണ്. ഇതിൻ്റെ മേല്ക്കൂരയിലോ ആകൃതിയിലോ ത്രികോണാകൃതിയിലുള്ള ഡിസൈനുകൾ ഉപയോഗിക്കുന്നതിനാലാണ് ഇങ്ങനെ വിളിക്കുന്നത്. മേല്ക്കൂരയിൽ ത്രികോണാകൃതിയിലുള്ള ട്രസ്സ് നല്കുമ്പോൾ മേല്ക്കൂരയുടെ ആകെ ഭാരം അതിൻ്റെ വശങ്ങളിലുള്ള ചുവരുകളിലേക്കോ മെയിൻ ബീമുകളിലേക്കോ തുല്യമായി മാറ്റപ്പെടുന്നു . ഇതിനാൽ ഹാളിൻ്റെ മധ്യഭാഗത്ത് താങ്ങായി തൂണുകൾ നല്കേണ്ടി വരുന്നില്ല. തൂണുകൾ ഇല്ലാത്ത വിസ്താരമുള്ള സ്ഥലം ലഭിക്കാൻ ഇത് സഹായിക്കുന്നു. മാർക്കറ്റുകൾ, മ്യൂസിയങ്ങൾ, ആരാധനാലയങ്ങൾ എന്നിവടങ്ങളിൽ ധാരാളം ആളുകൾക്ക് തടസ്സമില്ലാതെ നില്ക്കാനും നടക്കാനും ഈ ഓപ്പൺ സ്പേസ് അത്യാവശമാണ്. ലുലുമാൾ പോലെയുള്ള വലിയ കെട്ടിടങ്ങളിൽ ട്രയാംഗുലർ ട്രസ്സിൻ്റെ പ്രധാന്യം മനസ്സിലായില്ലേ.
ഫ്രാൻസിലെ പാരീസിലുള്ള വിശ്വപ്രസിദ്ധമായ ഇരുമ്പ് ഗോപുരമാണ് ഈഫൽ ടവർ. ഫ്രഞ്ച് വിപ്ലവത്തിൻ്റെ നൂറാം വാർഷിക ആഘോഷത്തിൻെറ ഭാഗമായാണ് ഇത് നിർമ്മിച്ചത്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നാണിത്. ഈഫൽ ടവർ ഒരു ഇരുമ്പ് വലക്കണ്ണി പോലെയാണ് നിർമ്മിച്ചിരിക്കുന്നത്. മിക്കവാറും എല്ലാ ഭാഗങ്ങളും ത്രികോണങ്ങൾ ഉപയോഗിച്ച് പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നു. ഇത് ഗോപുരത്തിന് അമിതഭാരം നല്കാതെ വലിയ ഉയരത്തിൽ പണിയാൻ സഹായിച്ചു. ടവറിൻ്റെ മുകൾ ഭാഗത്തെ ഭാരം താഴെയുള്ള നാല് ചുവരുകളിലേക്ക് തുല്യമായി എത്തിക്കാൻ ത്രികോണഘടന സഹായിക്കുന്നു. ഇതിലെ
ആയിരകണക്കിന് ചെറിയ ത്രികോണങ്ങൾ കാറ്റിനെ തടഞ്ഞു നിർത്താതെ കടത്തിവിടാൻ സഹായിക്കുന്നു. അതുകൊണ്ട് ശക്തമായ കാറ്റിലും ഗോപുരം സുരക്ഷിതമായി നില്ക്കുന്നു.
ഫ്ലാറ്റുകളുടെയും വീടുകളുടെയും മുകളിൽ വയ്ക്കുന്ന സോളാർ പാനലുകളെ താങ്ങി നിർത്തുന്നത് ത്രികോണാകൃതിയിലുള്ള സ്റ്റാൻഡുകളാണ്. കാറ്റിലും മഴയിലും പാനലുകൾ ഇളകി പോകാതിരിക്കാൻ ഈ ത്രികോണഘടന സഹായിക്കുന്നു.
വലിയ ഫ്ലാറ്റുകളുടെ പുറംഭാഗത്ത് "X" ആകൃതിയിൽ ബീമുകൾ നില്ക്കുന്നത് കണ്ടിട്ടുണ്ടോ?
ഇതിനെയാണ് ഡയഗണൽ Bracing എന്നു വിളിക്കുന്നത്. ഡയഗണൽ ബ്രേസിംഗ് (Diagonal Bracing) എന്നത് കെട്ടിടങ്ങളുടെയും മറ്റ് ഘടനകളുടെയും ഉറപ്പ് വർദ്ധിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു പ്രധാന നിർമ്മാണ രീതിയാണ്. ഒരു ചതുരശ്ര ഫ്രെയിമിനെ (Square Frame) രണ്ട് ത്രികോണങ്ങളായി തിരിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. ഒരു സാധാരണ ചതുരശ്ര ഫ്രെയിമിൽ (നാല് വശങ്ങളുള്ള തൂണുകൾ) മുകളിൽ നിന്നോ വശങ്ങളിൽ നിന്നോ സമ്മർദ്ദം ഉണ്ടായാൽ അത് പെട്ടെന്ന് ചരിഞ്ഞുപോകാൻ (Shearing) സാധ്യതയുണ്ട്. എന്നാൽ ഈ ഫ്രെയിമിന് കുറുകെ ഒരു ഡയഗണൽ ബാർ (Diagonal Bar) വയ്ക്കുമ്പോൾ അത് രണ്ട് ത്രികോണങ്ങളായി മാറുന്നു. ത്രികോണങ്ങൾ അവയുടെ ആകൃതി മാറാൻ അനുവദിക്കാത്തതിനാൽ ആ ഘടന കൂടുതൽ ശക്തമാകുന്നു. ഉയരമുള്ള കെട്ടിടങ്ങളിലും ടവറുകളിലും ശക്തമായ കാറ്റിൽ കെട്ടിടം ആടാതിരിക്കാൻ ഇത് സഹായിക്കുന്നു.
കൂടാതെ ഭൂമി കുലുക്കം ഉണ്ടാകുമ്പോൾ കെട്ടിടം തകർന്നു വീഴാതെ താങ്ങിനിർത്താൻ ഡയഗണൽ ബ്രേസിംഗ് വലിയ പങ്ക് വഹിക്കുന്നു. ചുരുക്കത്തിൽ നിർമ്മാണത്തിൽ തൂണുകൾക്കിടയിൽ നൽകുന്ന ഈ ത്രികോണ രൂപത്തിലുള്ള താങ്ങുകൾ കെട്ടിടത്തിന് നട്ടെല്ല് പോലെ പ്രവർത്തിക്കുന്നു.
കെട്ടിടം പണിയുമ്പോൾ ഉപയോഗിക്കുന്ന ഏണികളിലും (Scaffolding) വരിവരിയായി 'X' ആകൃതിയിൽ ബ്രേസിംഗുകൾ നൽകുന്നത് അവ മറിഞ്ഞു പോകാതിരിക്കാനാണ്.
പാലങ്ങളുടെ നിർമ്മാണത്തിലും ത്രികോണങ്ങൾ (Triangles) ഉപയോഗിക്കുന്നത് അവയ്ക്ക് വലിയ ഭാരം താങ്ങാനുള്ള അസാധാരണമായ ശേഷി ഉള്ളതുകൊണ്ടാണ്.പാലത്തിലൂടെ ഒരു വണ്ടി പോകുമ്പോൾ ഉണ്ടാകുന്ന ഭാരത്തെ (Stress) ത്രികോണത്തിന്റെ വശങ്ങൾ വഴി തൂണുകളിലേക്ക് തുല്യമായി എത്തിക്കുന്നു. ഇത് പാലങ്ങൾക്കു സുരക്ഷയും കരുത്തും നല്കുന്നു. ത്രികോണങ്ങൾക്കിടയിലുള്ള വിടവുകളിലൂടെ കാറ്റ് സുഗമമായി കടന്നുപോകുന്നതിനാൽ കൊടുങ്കാറ്റിലും പാലം സുരക്ഷിതമായിരിക്കും. പ്രശസ്തമായ ഹൗറ ബ്രിഡ്ജിൻ്റെ മുഴുവൻ ഭാരവും താങ്ങുന്നത് അതിലെ സങ്കീർണ്ണമായ ത്രികോണ ചട്ടക്കൂടുകളാണ്.
ഇലക്ട്രിക് ടവറുകളിലും മൊബൈൽ ടവറുകളിലും നിർമ്മാണ മേഖലയിൽ ഉപയോഗിക്കുന്ന ക്രയിനുകളിലും ഹാങ്ങറുകളിലും വാട്ടർ ടാങ്ക് സ്റ്റാൻഡുകളിലും ത്രികോണങ്ങൾ ഉപയോഗിക്കുന്നതിൻ്റെ കാരണം ഇനി പ്രത്യേകിച്ച് പറയേണ്ടതുണ്ടോ?
വിമാനങ്ങളുടെ ചിറകുകളിൽ ത്രികോണാകൃതി (Delta Wing) ഉപയോഗിക്കുന്നു. ശബ്ദത്തേക്കാൾ വേഗത്തിൽ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വായുവിൻ്റെ പ്രതിരോധം (Drag) കുറയ്ക്കാൻ ത്രികോണാകൃതിയിലുള്ള ചിറകുകൾ സഹായിക്കുന്നു. ത്രികോണാകൃതി ചിറകുകൾക്ക് നല്ല ഉറപ്പ് നൽകുന്നു. ഇത് കൂടുതൽ ഇന്ധനം ചിറകുകൾക്കുള്ളിൽ തന്നെ സൂക്ഷിക്കാനും വലിയ ഭാരം വഹിക്കാനും സഹായിക്കുന്നു.
മിക്ക ആധുനിക ബോട്ടുകളിലും ത്രികോണാകൃതിയിലുള്ള പായകളാണ് ഉപയോഗിക്കുന്നത്. ഇത് വിമാനത്തിന്റെ ചിറകുകൾ പോലെ പ്രവർത്തിക്കുകയും കാറ്റിന് എതിരായി പോലും സഞ്ചരിക്കാൻ ബോട്ടുകളെ സഹായിക്കുകയും ചെയ്യുന്നു. ത്രികോണപായകൾ ഉപയോഗിക്കുന്ന കപ്പലുകൾക്ക് കാറ്റിൻ്റെ ദിശയിൽ ഏതാണ്ട് 45 ഡിഗ്രി വരെ ചരിഞ്ഞ് സഞ്ചരിക്കാൻ സാധിക്കും. ചതുരപ്പായകൾക്ക് ഇത് സാധ്യമല്ല അവയ്ക്ക് കാറ്റിൻ്റെ ദിശയിൽ മാത്രമേ കാര്യക്ഷമമായി നീങ്ങാൻ
സാധിക്കു.
ഒരു പായയുടെ വിസ്തീർണ്ണത്തിൻ്റെ ജ്യാമിതീയ കേന്ദ്രത്തിലാണ് കാറ്റിൻ്റെ ബലം ഏറ്റവും കൂടുതൽ അനുഭവപ്പെടുന്നത്. ത്രികോണത്തിൻെറ ഉയരത്തിൻെറ താഴെ നിന്ന് മൂന്നിലൊന്ന് ഭാഗത്തായിരിക്കും ഈ കേന്ദ്രം [ത്രികോണത്തിൻ്റെ മൂന്ന് മധ്യരേഖകൾ സംഗമിക്കുന്ന ബിന്ദു. മധ്യരേഖ എന്നാൽ ഒരു മൂലയിൽ നിന്നും എതിർവശത്തിൻ്റെ മധ്യബിന്ദുവിലേക്ക് വരയ്ക്കുന്ന രേഖ ]. അതായത് ത്രികോണത്തിൻ്റെ ജ്യാമിതീയ കേന്ദ്രം അതിൻ്റെ താഴ്ഭാഗത്താണ്. ഇത് കപ്പൽ മറിഞ്ഞു വീഴാനുള്ള സാധ്യത കുറയ്ക്കുന്നു. ചതുരത്തെ സംബന്ധിച്ചിടത്തോളം ഈ കേന്ദ്രം ചതുരത്തിൻ്റെ മധ്യഭാഗത്തായിരിക്കും. ചതുരത്തിൻ്റെ രണ്ട് വികർണങ്ങൾ പരസ്പരം മുറിച്ചു കടക്കുന്ന ബിന്ദു. അതിനാൽ കപ്പൽ മറിയാനുള്ള സാധ്യത കൂടുതലാണ്. ത്രികോണപ്പായകൾ പെട്ടെന്ന് തിരിക്കാനും കാറ്റിൻ്റെ ദിശയ്ക്കനുസരിച്ച് ക്രമീകരിക്കാനും എളുപ്പമാണ്. ചതുരപ്പായകളെ അപേക്ഷിച്ച് ത്രികോണപ്പായകൾക്ക് ഭാരം കുറവായിരിക്കും, എന്നാൽ കൂടുതൽ ബലം നല്കുകയും ചെയ്യും.
കപ്പലിന്റെ പായ്മരം ഉറപ്പിച്ചു നിർത്തുന്ന കമ്പികൾ ത്രികോണാകൃതിയിലാണ് ഘടിപ്പിക്കുന്നത്. ഇത് കാറ്റിൽ പായ്മരം മറിഞ്ഞുപോകാതെ നല്ല കരുത്ത് നൽകുന്നു.
ചീനവലയുടെ തടികൾ ത്രികോണ ആകൃതിയിൽ പരസ്പരം ബന്ധിപ്പിച്ചിരിക്കുന്നത്, അതിനാൽ കടലിലെ ശക്തമായ കാറ്റിലോ വലിയ തിരമാലകളിലോ ഈ ചട്ടക്കൂട് ഇളകുകയോ രൂപമാറ്റം സംഭവിക്കുകയോ ചെയ്യില്ല. വലയുടെ ഭാരം ഈ ത്രികോണങ്ങൾ കൈമാറ്റം ചെയ്യുന്നു. ഇത് തടികൾ ഒടിയാതിരിക്കാൻ സഹായിക്കുന്നു.
ഇനി സൈക്കിൾ ഫ്രെയിമിലെ ത്രികോണങ്ങളെപ്പറ്റി നോക്കാം. സൈക്കിളിന്റെ പ്രധാന ഘടനയാണ് സൈക്കിൾ ഫ്രെയിം (Cycle Frame). ഇത് സൈക്കിളിന്റെ കരുത്ത്, ഭാരം, കൈകാര്യം ചെയ്യാനുള്ള എളുപ്പം (handling) എന്നിവ നിശ്ചയിക്കുന്നു. സാധാരണയായി രണ്ട് ത്രികോണാകൃതിയിലുള്ള ഭാഗങ്ങൾ ചേർന്ന ഡയമണ്ട് ഡിസൈനാണ് (Diamond Frame) മിക്ക സൈക്കിളുകൾക്കും ഉപയോഗിക്കുന്നത്.
ഒരു ചതുര ഫ്രെയിമിലോ മറ്റ് രൂപങ്ങളിലോ സമ്മർദ്ദം ചെലുത്തിയാൽ അതിന്റെ ആകൃതി മാറാൻ സാധ്യതയുള്ളതിനാലാണ് ത്രികോണരൂപത്തിലുള്ള ഫ്രെയിം ഉപയോഗിക്കുന്നത്. ത്രികോണ ഫ്രെയിമിൽ മുകളിൽ നിന്നും ഭാരം വരുമ്പോൾ ആ ബലം വശങ്ങളിലെ ട്യൂബുകളിലേക്ക് തുല്യമായി വിതരണം ചെയ്യപ്പെടുന്നു. ത്രികോണാകൃതി ഉപയോഗിക്കുന്നതിലൂടെ കുറഞ്ഞ അളവിൽ ലോഹം ഉപയോഗിച്ച് കൂടുതൽ കരുത്തുള്ള ഫ്രെയിമുകൾ നിർമ്മിക്കാൻ സാധിക്കും..ഇത് സൈക്കിളിൻ്റെ ഭാരം കുറയ്ക്കാനും വേഗത കൂട്ടാനും സഹായിക്കുന്നു.
ത്രികോണങ്ങളുടെ ജ്യാമിതീയ കേന്ദ്രം താഴ്ന്ന ഭാഗത്തായി വരുന്ന രീതിയിലാണ് സൈക്കിൾ ഫ്രെയിം രൂപകല്പ്പന ചെയ്യുന്നത്. ഇത് സൈക്കിൾ ഓടിക്കുമ്പോൾ മികച്ച ബാലൻസ് നല്കുന്നു. റോഡിലെ കുലുക്കങ്ങളെ മികച്ച രീതിയിൽ പ്രതിരോധിക്കാനും ത്രികോണാകൃതികൾക്ക് സാധിക്കും.
റേസിംഗ് കാറുകൾക്കുള്ളിൽ സ്റ്റീൽ പൈപ്പുകൾ കൊണ്ട് നിർമ്മിച്ച ഒരു കൂടുണ്ടാകും. ഇതിനെയാണ് റോൾ കേജ് എന്നു പറയുന്നത്. ഈ പൈപ്പുകൾ ഡയഗണൽ രീതിയിലാണ് ഘടിപ്പിക്കുന്നത്. ഇത് കാറിൻ്റെ ഫ്രെയിമിനുള്ളിൽ നിരവധി ത്രികോണങ്ങൾ ഉണ്ടാക്കുന്നു. കാർ അപകടത്തിൽപ്പെട്ട് തലകീഴായി മറിഞ്ഞാാലും ത്രികോണരൂപങ്ങൾ ആക്യതി മാറാതെ ഉറച്ചു നില്ക്കുകയും ഡ്രൈവറെ സംരക്ഷിക്കുകയും ചെയ്യുന്നു.
കാർ വേഗത്തിൽ തിരിയുമ്പോഴും ബ്രേക്കിടുമ്പോഴും ഉണ്ടാകുന്ന വശങ്ങളിലെ സമ്മർദം താഴേക്ക് വിഭജിച്ചു നല്കാൻ ഈ ത്രികോണങ്ങൾ സഹായിക്കുന്നു.
നമ്മുടെ നേരെ മുന്നിലല്ലാതെ, വശങ്ങളിലായി കാണാൻ കഴിയുന്ന കാഴ്ചയെയാണ് പെരിഫറൽ വിഷൻ (Peripheral Vision) എന്ന് പറയുന്നത്. ലളിതമായി പറഞ്ഞാൽ, തല തിരിക്കാതെ തന്നെ കണ്ണിന്റെ വശങ്ങളിലൂടെ കാണുന്ന കാഴ്ചയാണിത്. റോഡ് മുറിച്ചുകടക്കുമ്പോഴോ വാഹനം ഓടിക്കുമ്പോഴോ വശങ്ങളിൽ നിന്ന് വരുന്ന ആളുകളെയും വാഹനങ്ങളെയും ശ്രദ്ധിക്കാൻ ഇത് നമ്മളെ സഹായിക്കുന്നു. നമ്മുടെ ചുറ്റുമുള്ള ചലനങ്ങളെ പെട്ടെന്ന് തിരിച്ചറിയാൻ ഇത് അത്യാവശ്യമാണ്.
ത്രികോണങ്ങൾ ജ്യാമിതിയിൽ മാത്രമല്ല, നമ്മുടെ ദൈനംദിന ജീവിതത്തിൽ, പ്രത്യേകിച്ച് റോഡ് സുരക്ഷയിൽ വളരെ പ്രധാനപ്പെട്ട ഒരു പങ്കുവഹിക്കുന്നുണ്ട്. ട്രാഫിക് സിഗ്നലുകളിലും മുന്നറിയിപ്പ് ചിഹ്നങ്ങളിലും ത്രികോണ ആകൃതി ഉപയോഗിക്കുന്നതിന് ശാസ്ത്രീയമായ കാരണങ്ങളുണ്ട്. പെരിഫറൽ വിഷൻ ഉപയോഗിച്ച് ഡ്രൈവർമാർക്ക് പെട്ടെന്ന് തിരിച്ചറിയാൻ ഏറ്റവും അനുയോജ്യമായ ആകൃതി ത്രികോണമാണ്. പെരിഫറൽ വിഷൻ വസ്തുുക്കളുടെ വ്യക്തമായ രൂപത്തെക്കാൾ വെളിച്ച വ്യതാസങ്ങളെയാണ് തിരിച്ചറിയുന്നത്. ത്രികോണം പോലെയുള്ള രൂപം നീങ്ങുമ്പോൾ അതിലെ കൂർത്ത ഭാഗങ്ങൾ വെളിച്ചത്തിലും നിഴലിലും പെട്ടെന്ന്റ മാറ്റങ്ങൾ ഉണ്ടാക്കുന്നു. ഇത് ഒരു സിഗ്നൽ പോലെ പ്രവർത്തിക്കുകയും അപകടസാധ്യതകൾ വേഗത്തിൽ മനസ്സിലാക്കാൻ സഹായിക്കുകയും ചെയ്യുന്നു. റോഡ് സൈനുകളിലും മറ്റും ത്രികോണാകൃതി ഉപയോഗിക്കുന്നത് ഇതുകൊണ്ടാണ്.
ക്യാമറയിൽ ചിത്രങ്ങൾ രൂപപ്പെടുന്നത് സമാന ത്രികോണങ്ങൾ (Similar Triangles) എന്ന ഗണിതശാസ്ത്ര തത്വത്തെ അടിസ്ഥാനമാക്കിയാണ്. പ്രകാശം എപ്പോഴും നേർരേഖയിലാണ് സഞ്ചരിക്കുന്നത്. ഒരു വസ്തുവിൽ നിന്നുള്ള പ്രകാശം ക്യാമറയുടെ ലെൻസിലൂടെ കടന്നുപോകുമ്പോൾ അത് ഒരു ബിന്ദുവിൽ കേന്ദ്രീകരിക്കുന്നു. ലെൻസിന് പുറത്തുള്ള വസ്തുവും ലെൻസും ചേർന്ന് ഒരു ത്രികോണം രൂപപ്പെടുന്നു. അതുപോലെ, ലെൻസിന് ഉള്ളിൽ സെൻസറിൽ പതിക്കുന്ന ചിത്രവും ലെൻസും ചേർന്ന് മറ്റൊരു ത്രികോണം രൂപപ്പെടുന്നു. ഈ രണ്ട് ത്രികോണങ്ങളുടെയും കോണുകൾ തുല്യമായതിനാൽ അവ 'സമാന ത്രികോണങ്ങൾ' ആണ്. അതുകൊണ്ട് വലിയൊരു വസ്തുവിനെ അതേ ആനുപാതികമായ അളവിൽ ചെറിയൊരു ചിത്രമായി സെൻസറിൽ പതിപ്പിക്കാൻ ക്യാമറയ്ക്ക് കഴിയുന്നു. ഒരു വലിയ മരത്തെ ഒരു ചെറിയ ഫോട്ടോയിലേക്ക് കൃത്യമായ അനുപാതത്തിൽ മാറ്റാൻ സഹായിക്കുന്നത് ഈ സമാന ത്രികോണങ്ങളുടെ സവിശേഷതയാണ്.
ഫോട്ടോഗ്രാഫിയിലും പെയിന്റിംഗിലും ചിത്രം കൂടുതൽ ആകർഷകമാക്കാൻ ഉപയോഗിക്കുന്ന ഒരു കമ്പോസിഷൻ റൂൾ (Composition Rule) ആണ് ഗോൾഡൻ ട്രയാംഗിൾ. ചിത്രത്തിന്റെ ഒരു മൂലയിൽ നിന്ന് എതിർമൂലയിലേക്ക് ഒരു ഡയഗണൽ ലൈൻ (Diagonal line) സങ്കൽപ്പിക്കുക. ബാക്കിയുള്ള രണ്ട് മൂലകളിൽ നിന്ന് ഈ ഡയഗണൽ ലൈനിലേക്ക് 90 ഡിഗ്രിയിൽ (ലംബമായി) രണ്ട് ചെറിയ വരകൾ കൂടി സങ്കൽപ്പിക്കുക.
ഇപ്പോൾ ഫ്രെയിം നാല് വ്യത്യസ്ത വലിപ്പത്തിലുള്ള ത്രികോണങ്ങളായി മാറിയിട്ടുണ്ടാകും. ചിത്രത്തെ കൃത്യമായ അനുപാതത്തിൽ വിഭജിച്ച് പ്രധാനപ്പെട്ട കാര്യങ്ങളിലേക്ക് കാഴ്ചക്കാരുടെ ശ്രദ്ധ എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.
ബില്ല്യാർഡ്സ് (Billiards) എന്നത് ഒരു പ്രത്യേക തരം മേശയ്ക്ക് മുകളിൽ പന്തുകൾ ഉപയോഗിച്ച് കളിക്കുന്ന വിനോദമാണ്.കൃത്യമായ ഏകാഗ്രതയും, കണക്കുകൂട്ടലുകളും ആവശ്യമായ ഒരു ബുദ്ധിപരമായ കായിക വിനോദമാണ് ബില്ല്യാർഡ്സ്. ബിilliard (ബില്ല്യാർഡ്സ്) കളിയിൽ ത്രികോണങ്ങൾ പ്രധാനമായും രണ്ട് രീതിയിലാണ് ഉപയോഗിക്കുന്നത്: ഒന്ന് കളി തുടങ്ങാനുള്ള ഉപകരണമായും മറ്റൊന്ന് കളിയിലെ ശാസ്ത്രീയമായ കണക്കുകൂട്ടലുകൾക്കായും. കളി തുടങ്ങുമ്പോൾ പന്തുകൾ അടുക്കി വെക്കാൻ ഉപയോഗിക്കുന്ന ത്രികോണാകൃതിയിലുള്ള ഫ്രെയിമാണ്.ഒരു കൂട്ടം ഗോളങ്ങളെ (പന്തുകളെ) ഏറ്റവും കുറഞ്ഞ സ്ഥലത്ത് ഏറ്റവും മുറുക്കത്തോടെ അടുക്കിവെക്കാൻ പറ്റിയ ജ്യാമിതീയ രൂപമാണ് ത്രികോണം. പന്തുകൾക്കിടയിൽ വിടവില്ലാതെ ഇരുന്നാലേ ആദ്യത്തെ ഷോട്ടിൽ അവ നന്നായി ചിതറി തെറിക്കുകയുള്ളൂ. ത്രികോണ രൂപത്തിൽ പന്തുകൾ അടുക്കുമ്പോൾ അവ പെട്ടെന്ന് ഉരുണ്ടുപോകാതെ ഉറച്ചുനിൽക്കും. ഓരോ പന്തും തൊട്ടടുത്ത പന്തുകളെ താങ്ങി നിർത്തുന്ന രീതിയിലാണ് ഇതിന്റെ ഘടന. ക്യൂ ബോൾ കൊണ്ട് ത്രികോണത്തിന്റെ മുൻപിലെ പന്തിൽ അടിക്കുമ്പോൾ, ആ ആഘാതം (Impact) പിന്നിലെ എല്ലാ പന്തുകളിലേക്കും ഒരേപോലെ പടരാൻ ഈ രൂപം സഹായിക്കുന്നു. ഇത് കളി കൃത്യമായ രീതിയിൽ തുടങ്ങാൻ അത്യാവശ്യമാണ്.
കൂടാതെ സമപാർശ്വ ത്രികോണത്തിൻ്റെയും മട്ടത്രികോണത്തിൻ്റെയു൦ തത്വങ്ങൾ കളിക്കാർ ഉപയോഗിക്കുന്നുണ്ട്. ടേബിളിന്റെ വശങ്ങളിൽ തട്ടി തിരിച്ചു വരുന്ന ഷോട്ടുകളിൽ 'സമപാർശ്വ ത്രികോണം' (Isosceles Triangle) എന്ന തത്വമാണ് ഉപയോഗിക്കുന്നത്. പന്ത് വശങ്ങളിൽ തട്ടുന്ന ആംഗിളും തിരിച്ചു പോകുന്ന ആംഗിളും തുല്യമായിരിക്കും.വെള്ളപ്പന്ത്, നമ്മൾ അടിക്കാൻ ഉദ്ദേശിക്കുന്ന പന്ത്, കുഴി (Pocket) - ഇവ മൂന്നും ചേർത്ത് മനസ്സിൽ ഒരു ത്രികോണം സങ്കൽപ്പിക്കുന്നു. ഈ ത്രികോണത്തിന്റെ മൂലകൾ നോക്കിയാണ് പന്ത് എവിടെ അടിക്കണമെന്ന് തീരുമാനിക്കുന്നത്. വെള്ളപ്പന്ത് മറ്റൊരു പന്തിൽ തട്ടുമ്പോൾ അവ തമ്മിൽ പിരിയുന്ന ദിശ പലപ്പോഴും ഒരു മട്ടത്രികോണം (Right-angled triangle) രൂപപ്പെടുത്തുന്നു. ഈ നിയമം ഉപയോഗിച്ചാണ് പന്ത് അടിച്ച ശേഷം വെള്ളപ്പന്ത് എങ്ങോട്ട് ഉരുളുമെന്ന് കളിക്കാർ മുൻകൂട്ടി നിശ്ചയിക്കുന്നത്.
ചുരുക്കത്തിൽ, ബില്ല്യാർഡ്സ് എന്നത് ത്രികോണങ്ങളുടെ ജ്യാമിതീയ നിയമങ്ങൾ പ്രായോഗികമായി നടപ്പിലാക്കുന്ന ഒരു കളിയാണ്.
കായികരംഗത്ത് ത്രികോണം എന്ന രൂപം കേവലം ഒരു ജ്യാമിതീയ രൂപമല്ല, മറിച്ച് വിജയത്തിനായുള്ള ഒരു തന്ത്രമാണ്.ഫുട്ബോളിൽ ഇത് മികച്ച പാസിംഗ് ഓപ്ഷനുകൾ (Passing triangles) നൽകുമ്പോൾ, ബാസ്കറ്റ്ബോളിൽ അത് കളിക്കാർക്കിടയിൽ കൃത്യമായ സ്പേസിംഗ് (Triangle offense) ഉറപ്പാക്കുന്നു. ആയോധനകലയിലാകട്ടെ (Martial art) ശരീരത്തിന്റെ കരുത്ത് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാൻ ഈ രൂപം (Triangle choke) സഹായിക്കുന്നു. ഏതൊരു പ്രതിരോധത്തെയും തകർക്കാനും നിയന്ത്രിക്കാനും ഏറ്റവും ലളിതവും എന്നാൽ ശക്തവുമായ മാർഗ്ഗമാണിത്.
പ്രകൃതിയിലും ത്രികോണങ്ങൾ ധാരാളമായി കാണാം. പ്രക്യതിയിലെ ഈ രൂപങ്ങൾ വെറും ഭംഗിക്ക് വേണ്ടി മാത്രമല്ല, മറിച്ച് പലപ്പോഴും ആ ചെടിയുടെയോ ജീവിയുടെയോ നിലനില്പിനോ വളർച്ചയ്ക്കോ സഹായിക്കുന്നവയാണ്.
മലനിരകളും കുന്നുകളും ത്രികോണാകൃതി കാണാവുന്നതാണ്. മണ്ണും പാറക്കഷ്ണങ്ങളും ഒരു സ്ഥലത്ത് കുന്നുകൂടുമ്പോൾ ഗുരുത്വാകർഷണം മൂലം അവ താഴേക്ക് ഇടിഞ്ഞു വീഴുകയും, ഒരു നിശ്ചിത ചരിവിൽ എത്തുമ്പോൾ അവിടെ ഉറച്ചുനിൽക്കുകയും ചെയ്യുന്നു. ഇങ്ങനെ മണ്ണ് സ്വാഭാവികമായി താഴെ വീതികൂടിയും മുകളിൽ കൂർത്തും വരുന്നതിനാലാണ് മലകൾക്ക് ത്രികോണ രൂപം ലഭിക്കുന്നത്. കൂടാതെ, കാലങ്ങളായുള്ള മഴവെള്ളവും മഞ്ഞും മലയുടെ മുകളിൽ നിന്ന് താഴേക്ക് ഒഴുകുമ്പോൾ വശങ്ങളിലെ മണ്ണും ശിലകളും ഒഴുക്കിക്കൊണ്ടുപോകുന്ന 'അപരദന' പ്രക്രിയയിലൂടെ മലയുടെ വശങ്ങളെ ചെത്തിമിനുക്കി അതിനെ ഒരു കൃത്യമായ ആകൃതിയിലാക്കുന്നു. പ്രകൃതിയിലെ ഏറ്റവും കരുത്തുള്ള രൂപമായതിനാൽ, ഈ ത്രികോണാകൃതി മലകൾക്ക് വലിയ ഭാരം താങ്ങാനും കാറ്റിനെ പ്രതിരോധിക്കാനും ആവശ്യമായ നല്ല ഉറപ്പ് നൽകുന്നു.
മരങ്ങളുടെ മുകളിൽ മഞ്ഞ് കുന്നുകൂടിയാൽ കൊമ്പുകൾ ഒടിഞ്ഞുപോകാൻ സാധ്യതയുണ്ട്. എന്നാൽ ഇവയുടെ ത്രികോണ രൂപം കാരണം മഞ്ഞ് കൊമ്പുകളിൽ തങ്ങാതെ വഴുതി താഴേക്ക് വീഴുന്നു. ഇത് മരത്തിന്റെ ഭാരം കുറയ്ക്കാനും കൊമ്പുകൾ സംരക്ഷിക്കാനും സഹായിക്കുന്നു. ഈ ആകൃതി കാരണം മരത്തിന്റെ മുകൾ ഭാഗത്തുള്ള കൊമ്പുകൾ താഴെയുള്ള കൊമ്പുകൾക്ക് തണൽ നൽകുന്നില്ല. ഇത് മരത്തിന്റെ എല്ലാ ഭാഗത്തുമുള്ള ഇലകളിലേക്ക് (needles) കൃത്യമായി സൂര്യപ്രകാശം എത്താനും ആഹാരം നിർമ്മിക്കാനും (Photosynthesis) സഹായിക്കുന്നു.
പൈൻ മരങ്ങൾ സാധാരണയായി ഉയരമുള്ളവയാണ്. കാറ്റടിക്കുമ്പോൾ വായുവിനെ വശങ്ങളിലൂടെ കടത്തിവിടാൻ ഈ ത്രികോണ രൂപം സഹായിക്കുന്നു. ഇത് കാറ്റിൽ മരം മറിഞ്ഞുവീഴാതിരിക്കാൻ ആവശ്യമായ ബാലൻസ് നൽകുന്നു.
ചുരുക്കത്തിൽ, മഞ്ഞിൽ നിന്ന് സംരക്ഷണവും, കൂടുതൽ സൂര്യപ്രകാശവും, കാറ്റിൽ ഉറപ്പും ലഭിക്കാനാണ് പൈൻ മരങ്ങൾ ത്രികോണ രൂപം സ്വീകരിച്ചിരിക്കുന്നത്.
ചില ചെടികളുടെ ഇലകൾ ത്രികോണാകൃതിയിൽ
കാണപ്പെടുന്നു. ഉദാഹരണത്തിന് ചേമ്പില അരയാൽ ഇല തുടങ്ങിയവ.
വട്ടത്തിലുള്ള വലിയ ഇലകളെ അപേക്ഷിച്ച് ത്രികോണാകൃതിയിലുള്ള ഇലകൾക്ക് കുറഞ്ഞ ഭാരമേയുള്ളൂ, എങ്കിലും അവയ്ക്ക് വശങ്ങളിലേക്ക് നന്നായി പടർന്നുനിൽക്കാൻ കഴിയും.ത്രികോണത്തിന് മുകൾഭാഗം കൂർത്തതായതുകൊണ്ട്, തൊട്ടുമുകളിൽ നിൽക്കുന്ന ഇലകൾ താഴെയുള്ള ഇലകൾക്ക് പൂർണ്ണമായി തണൽ നൽകുന്നില്ല. ഇത് ചെടിയുടെ എല്ലാ ഇലകളിലേക്കും വെളിച്ചം എത്താൻ സഹായിക്കുന്നു. ചെടിക്ക് കൂടുതൽ സൂര്യപ്രകാശം ആഗിരണം ചെയ്ത് ആഹാരം നിർമ്മിക്കാൻ സഹായിക്കുകയും ചെയ്യുന്നു.
ഒരു കുട മടക്കി വെച്ചിരിക്കുന്നത് സങ്കൽപ്പിക്കുക. അത് തുറക്കുന്നതിന് മുമ്പ് എല്ലാ ഭാഗങ്ങളും കൃത്യമായി ഒതുങ്ങിയിരിക്കാൻ ഒരു കൂർത്ത ആകൃതി ആവശ്യമാണ്. അതുപോലെ തന്നെയാണ് ലില്ലിയും.പൂവ് മൊട്ടായിരിക്കുമ്പോൾ, അതിന്റെ പുറത്തെ ഇതളുകളും അകത്തെ ഇതളുകളും പസിൽ കഷണങ്ങൾ പോലെ പരസ്പരം കോർത്തു ഇരിക്കും. ഈ 'ലോക്കിംഗ്' കാരണമാണ് മൊട്ടിന്റെ അറ്റം കൂർത്ത ത്രികോണാകൃതിയിൽ കാണപ്പെടുന്നത്. ഇത് മഴവെള്ളവും പ്രാണികളും ഉള്ളിൽ കടക്കാതെ സംരക്ഷിക്കുന്നു.ഇതളുകൾ വളരുമ്പോൾ അവയുടെ അരികുകൾ (Edges) നടുഭാഗത്തെക്കാൾ വേഗത്തിൽ വളരും. ഈ സമ്മർദ്ദം കാരണമാണ് മൊട്ട് പെട്ടെന്ന് വിരിയുന്നതും ഇതളുകൾ പുറത്തേക്ക് വളഞ്ഞ് ത്രികോണ രൂപത്തിലാകുന്നതും.
പക്ഷികൾ ആകാശത്ത് ത്രികോണാകൃതിയിൽ (V-shape) പറക്കുന്നത് പ്രധാനമായും ഊർജ്ജം ലാഭിക്കാനാണ്. മുന്നിൽ പറക്കുന്ന പക്ഷി ചിറകടിക്കുമ്പോൾ വായുവിൽ ഒരു പ്രത്യേക തരം ഓളം ഉണ്ടാകുന്നു. ഇതിനെ 'അപ്വാഷ്' എന്ന് വിളിക്കുന്നു. പുറകിൽ വരുന്ന പക്ഷി ഈ വായുപ്രവാഹത്തിന് മുകളിലൂടെ പറക്കുമ്പോൾ കുറഞ്ഞ പരിശ്രമം കൊണ്ട് കൂടുതൽ ദൂരം സഞ്ചരിക്കാൻ സാധിക്കുന്നു. ഇത് പക്ഷികളുടെ ക്ഷീണം കുറയ്ക്കാൻ സഹായിക്കുന്നു. ഏറ്റവും മുന്നിൽ പറക്കുന്ന പക്ഷിക്കാണ് ഏറ്റവും കൂടുതൽ കാറ്റിനെ പ്രതിരോധിക്കേണ്ടി വരുന്നത്. അതിനാൽ മുന്നിലുള്ള പക്ഷിക്ക് ക്ഷീണം തോന്നുമ്പോൾ അത് പിന്നിലേക്ക് മാറുകയും മറ്റൊരു പക്ഷി ആ സ്ഥാനം ഏറ്റെടുക്കുകയും ചെയ്യുന്നു. ത്രികോണാകൃതിയിൽ പറക്കുമ്പോൾ ഓരോ പക്ഷിക്കും മുന്നിലുള്ള പക്ഷിയെ വ്യക്തമായി കാണാൻ സാധിക്കും. ഇത് വഴി കൂട്ടം തെറ്റാതെയും പരസ്പരം കൂട്ടിയിടിക്കാതെയും സഞ്ചരിക്കാൻ അവർക്ക് കഴിയുന്നു.
സമുദ്രത്തിലെ ജൈവവൈവിധ്യത്തിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഇടമാണ് കോറൽ ട്രയാംഗിൾ . ഇതിന്റെ ആകൃതി ഒരു ത്രികോണത്തിന് സമാനമായതിനാലാണ് ഈ പേര് വന്നത്. ഇതിന്റെ പ്രാധാന്യം കണക്കിലെടുത്ത് ഇതിനെ "സമുദ്രങ്ങളിലെ ആമസോൺ" എന്ന് വിളിക്കുന്നു.
സ്രാവുകളുടെ പുറത്തുള്ള ചിറകുകൾ (Dorsal Fins) വ്യക്തമായ ത്രികോണാകൃതിയിലാണ്. വെള്ളത്തിനടിയിൽ വേഗത്തിൽ നീന്താനും ബാലൻസ് നിലനിർത്താനും ഈ ആകൃതി അവയെ സഹായിക്കുന്നു. പല സ്രാവുകളുടെയും പല്ലുകൾ മൂർച്ചയുള്ള ത്രികോണാകൃതിയിലാണ്. ഇരയെ മുറുകെ പിടിക്കാനും ഇറച്ചി മുറിക്കാനും ഈ ആകൃതി വളരെ ഫലപ്രദമാണ്.
തിരണ്ടി അഥവാ റേ, ശരീരം പരന്നതും ഏകദേശം ഒരു ത്രികോണത്തിന് സമാനവുമാണ്. കടലിന്റെ അടിത്തട്ടിൽ മണലിൽ ഒളിച്ചിരിക്കാനും ശത്രുക്കളിൽ നിന്ന് രക്ഷപ്പെടാനും ഈ രൂപം സഹായിക്കുന്നു.
Bermuda Triangle എന്ന പ്രദേശം ലോകത്തിൽ ഏറ്റവും രഹസ്യമയമായ ഇടങ്ങളിൽ ഒന്നായി അറിയപ്പെടുന്നു. ഈ പ്രദേശത്ത് കപ്പലുകളും വിമാനങ്ങളും അപ്രതീക്ഷിതമായി കാണാതായതായി പല കഥകളും റിപ്പോർട്ടുകളും ഉണ്ട്. ചിലപ്പോൾ അവയുടെ അവശിഷ്ടങ്ങളും കണ്ടെത്താനാവാത്തതാണ്.
ഈ പ്രദേശം ഒരു ത്രികോണമാകൃതിയിലാണ് (triangle shape). ഇത് മൂന്ന് പ്രധാന സ്ഥലങ്ങളെ ചേർത്ത് വരച്ചാൽ ഉണ്ടാകുന്ന ആകൃതിയാണ്.
ഫ്ലോറിഡയിലെ മിയാമി, ബെർമുഡ ദ്വീപുകൾ, പ്യൂർട്ടോ റിക്കോ എന്നീ മൂന്ന് സ്ഥലങ്ങളെ തമ്മിൽ ബന്ധിപ്പിച്ചാൽ സമുദ്രത്തിൽ ഒരു ത്രികോണാകൃതി ലഭിക്കും. അതുകൊണ്ടാണ് ഇതിനെ 'ബെർമുഡ ട്രയാംഗിൾ' എന്ന് വിളിക്കുന്നത്.
നമ്മുടെ ദൈനംദിന ജീവിതത്തിൽ ത്രികോണങ്ങളുടെ ഉപയോഗം ഗണിതത്തിലോ വാസ്തുവിദ്യയിലോ (Architecture) മാത്രമായി ഒതുങ്ങുന്നില്ല. അത് നമ്മുടെ ശരീരത്തിൽ പോലുമുണ്ട്. മുഖത്തെ മൂക്കിന്റെ പാലം മുതൽ വായയുടെ ഇരുവശങ്ങളിലേക്ക് വ്യാപിച്ചുകിടക്കുന്ന, 'ഡേഞ്ചർ ട്രയാംഗിൾ ഓഫ് ഫേസ്' (Danger Triangle of the Face) അഥവാ 'മുഖത്തെ അപകടകരമായ ത്രികോണം' ഇതിന് ഏറ്റവും പ്രധാനപ്പെട്ട ഒരു ഉദാഹരണമാണ്.
മുഖത്തെ "ഡേഞ്ചർ ട്രയാംഗിൾ" (Danger Triangle) എന്നത് മൂക്കിന്റെ പാലം മുതൽ വായുടെ ഇരുവശങ്ങളിലേക്കും നീളുന്ന ഒരു ഭാഗമാണ്.മൂക്കിന്റെ മുകൾഭാഗം മുതൽ വായുടെ രണ്ട് വശങ്ങൾ വരെ ഒരു ത്രികോണാകൃതിയിൽ ഈ ഭാഗം വ്യാപിച്ചു കിടക്കുന്നു.ഈ ഭാഗത്തെ രക്തക്കുഴലുകൾ നേരിട്ട് തലച്ചോറിലെ ഒരു പ്രധാന ഭാഗവുമായി (Cavernous Sinus) ബന്ധപ്പെട്ടിരിക്കുന്നു. ഈ രക്തക്കുഴലുകൾക്ക് വാൽവുകൾ (Valves) ഇല്ലാത്തതിനാൽ, ഇവിടെയുണ്ടാകുന്ന അണുബാധകൾ വളരെ വേഗത്തിൽ തലച്ചോറിലേക്ക് എത്താൻ സാധ്യതയുണ്ട്.
നമ്മുടെ നിത്യജീവിതത്തിൽ ത്രികോണം എന്നത് വെറുമൊരു ജ്യാമിതീയ രൂപമല്ല, മറിച്ച് കരുത്തിന്റെയും സ്ഥിരതയുടെയും പ്രതീകമാണ്. മൂന്ന് വശങ്ങൾ ചേർന്ന ഈ രൂപത്തിന് മറ്റ് രൂപങ്ങളേക്കാൾ കൂടുതൽ ഭാരം താങ്ങാനുള്ള ശേഷിയുണ്ട്. അതുകൊണ്ടാണ് വലിയ പാലങ്ങൾ, വീടിന്റെ മേൽക്കൂരകൾ, ടവറുകൾ എന്നിവയിലെല്ലാം ത്രികോണ രൂപങ്ങൾ കാണുന്നത്. ജീവിതത്തിലും പ്രതിസന്ധികളെ അതിജീവിക്കാൻ നമുക്ക് വേണ്ടത് ഇത്തരം ഒരു 'ട്രയാംഗുലർ' കരുത്താണ്. ..
.
Comments
Post a Comment