ഒരു Tax ന്റെ കഥ...

മനസ്സ് വല്ലാതെ അസ്വസ്ഥമാണ്. ചെയ്യുന്ന ജോലിയിൽ തീരെ ശ്രദ്ധ കിട്ടുന്നില്ല.
ഹൃദയം പൊട്ടി പോകുന്നതു പോലെ... ഒന്നുറക്കെ കരയാൻ തോന്നുന്നു...
പലപ്പോഴും എന്റെ അവസ്ഥ ഇതു തന്നെയാണ്, കാരണമറിയാത്ത
വീർപ്പുമുട്ടൽ എനിക്കനുഭവപ്പെടും. കാരണം അറിയാത്തതാണോ? അതോ അറിയില്ലെന്നു ഭാവിക്കുന്നതാണോ?
എന്ന സംശയം എന്നത്തേയും പോലെ ഇന്നും എന്റെ
മുന്നിലുണ്ട്... വർഷാവസാനം ആയതിന്റെ തിരക്കാണ് ഓഫീസിൽ. ഒരു മിനിറ്റു പോലും
വെറുതെ കളയാനില്ല, അത്രയ്ക്കും ജോലിയുണ്ട്. എന്നിട്ടും എന്റെ ശ്രദ്ധ മറ്റെവിടെയോ ആണ്. ഇങ്ങനെ ശ്രദ്ധയില്ലാതെ
ഇരുന്നിട്ട് വലിയ കാര്യമൊന്നുമില്ല. ഒരു ബ്രേക്ക്
അനിവാര്യമാണ്. മൊബൈൽ എടുത്ത് ഞാൻ കാന്റീനിലേക്ക് നീങ്ങി.
ചായ ഓർഡർ ചെയ്ത് ഒരു
മൂലയിൽ ആളൊഴിഞ്ഞ കസേരയിൽ ഞാനിരുന്നു. തനിച്ചിരിക്കണം എന്നാഗ്രഹിച്ചു തന്നെയാണ് വന്നത്. കുറേ നാളായി എനിക്കു
അതാണ് ഇഷ്ടം. ചുറ്റിലും എല്ലാവരും ഉണ്ടായിട്ടും ആരുമില്ലാത്തവളാണെന്നു തോന്നി തുടങ്ങിയാൽ തനിച്ചിരിക്കുന്നതല്ലേ നല്ലത്. പുറമെ ചിരിക്കുമ്പോഴും ഉള്ളിൽ ഒരു ഏകാന്തത എന്നെ
അലട്ടിയിരുന്നു… ഭാഗ്യം, കാന്റീനിൽ തീരെ തിരക്കില്ല. ചില്ലലമാരയിൽ
സുഫിയനും പഴംപൊരിയും ഒക്കെ ഇരുന്നു ചിരിക്കുന്നുണ്ട്. അവിടെയിരുന്നു ചിരിച്ചോ... ഞാൻ ഇതൊന്നും വാങ്ങാൻ
തീരെ ഉദ്ദേശിച്ചിട്ടില്ല. മനസ്സിന്റെ തേങ്ങൽ പലപ്പോഴും വയറിന്റെ വിശപ്പ് കാര്യമാക്കാറില്ല.
“മാഡം
ചായ, കഴിക്കാനെന്തെങ്കിലും?”
“No,thanks”
സുമുഖനായ ഒരു ചെറുപ്പക്കാരൻ വന്ന്
ചായയോടൊപ്പം ഒരു പുഞ്ചിരി കൂടി
സമ്മാനിച്ച് കടന്നു പോയി. ആഹാ,എന്താ ചായ.
ഇതിനെ വർണ്ണിക്കാൻ വാക്കുകളില്ല... വെള്ളവും പാലും തമ്മിലുള്ള അംശബന്ധം 100: 1 ആണെന്നു തോന്നുന്നു. തേയില ഏതോ വഴിയിലൂടെ പോയിട്ടുണ്ട്.
ഇതിലും ഭേദം പച്ചവെള്ളം
കുടിക്കുന്നതായിരുന്നു.
അങ്ങനെ ചായ കുടിച്ച് മനസ്സിനെ
നിയന്ത്രിക്കാമെന്ന വ്യാമോഹവും തീർന്നു.
കൈയ്യിൽ മൊബൈൽ ഉണ്ട്. ഫെയ്സ്ബുക്കിൽ ലോഗിൻ ചെയ്താലോ? അതുതന്നെയാണ് നല്ലത്. Email id ടൈപ്പ് ചെയ്തു.
പാസ്സ് വേർഡ് ടൈപ്പ് ചെയ്തപ്പോൾ ഇനിയും ഞാനിത് മാറ്റിയില്ലല്ലോ എന്നാണ് ചിന്തിച്ചത്. ആരുടെയോ Friend request ഉണ്ടായിരുന്നു. പഴയ ചില ബന്ധങ്ങൾ
ഏല്പിച്ച മുറിപ്പാട് മായാത്തതു കൊണ്ടാവാം, ആ request ആരുടേതാണെന്നു നോക്കാൻ തോന്നിയില്ല... News Feed ആയിരുന്നു ലക്ഷ്യം.
"മനസ്സിലുള്ളത് പരസ്പരം തുറന്നു പറഞ്ഞാൽ തീരാവുന്ന പ്രശ്നങ്ങളേ ഈ ലോകത്തുള്ളു, പക്ഷേ
മനസ്സ് തുറക്കാൻ നമുക്കു സാധിക്കാറില്ലല്ലോ..."
സുഹൃത്തിന്റെ Facebook post ആണ്. എന്റെ കൃഷ്ണാ... മനസമാധാനം കിട്ടാനാണ് ഇവിടെ വന്നത്. ഇവിടേം വലിയ രക്ഷയൊന്നുമില്ലല്ലോ. like ചെയ്ത് അടുത്തതിലേക്കു നീങ്ങി.
"എനിക്ക് ചില ഇഷ്ടങ്ങളുണ്ട്, ചില
അനിഷ്ടങ്ങളും. പക്ഷേ പലപ്പോഴും എനിക്കു തോന്നാറുണ്ട്, എന്റെ ഏറ്റവും വലിയ ഇഷ്ടവും അനിഷ്ടവും
ഒന്നു തന്നെയാണെന്ന്..."
ചിലപ്പോഴൊക്കെ
എനിക്കു തോന്നും ഫെയ്സ് ബുക്കിലെ ഇത്തരം പോസ്റ്റുകളെല്ലാം എനിക്ക് വേണ്ടിയുള്ളതാണെന്ന്... എന്റെ വികാരങ്ങളെ തന്നെയാണ് ആ വാക്കുകൾ അവതരിപ്പിക്കുന്നതെന്ന്...
"ചിലപ്പോഴൊക്കെ എനിക്കു തോന്നാറുണ്ട് , ചില സ്വപ്നങ്ങൾ പുസ്തകത്താളിലൊളിപ്പിച്ച മയിൽപീലിപോലെ ആണെന്ന് ... ആകാശം കാണാൻ കഴിയാതെ പൊലിയേണ്ടി വരുന്ന മയിൽപീലി പോലെ ..."
ഇനി
രക്ഷയില്ല... News feed നോക്കിയിരുന്നാൽ എന്റെ അവസ്ഥ ഇതിലും ഭയാനകം ആകും. Sign out ചെയ്യുന്നതിനു മുൻപ് Friend request ആരുടേതാണെന്നു ഞാൻ നോക്കി, ഞാൻ
ഒന്നു ഞെട്ടിയെന്നു തോന്നുന്നു. വിരലുകൾക്ക് ഒരു തണുപ്പ് അനുഭവപ്പെട്ടു. മനസ്സുകൊണ്ടും നാവുകൊണ്ടും ഞാൻ ഏറ്റവും കൂടുതൽ
പറഞ്ഞിട്ടുള്ള പേര്, എന്റെ പേരിനോടൊപ്പം ചേർത്തിടാൻ കൊതിച്ച പേര്... സ്ക്രീനിൽ അതാണ് തെളിഞ്ഞത്. ആഗ്രഹിച്ചിരുന്നതാണെങ്കിൽ കൂടി പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം.
ആരാണെന്നല്ലേ... അവൻ ആരാണെനിക്ക്? എന്ന
ചോദ്യം നാളുകളായി ഞാൻ എന്നോട് തന്നെ
ചോദിക്കുകയാണ്. എന്ത് വികാരമാണ് ഞങ്ങൾക്കിടയിലുള്ളത്, അറിയില്ല... സൗഹൃദമെന്നു വിളിക്കാനാവില്ല, കാരണം ഞങ്ങൾക്കിടയിൽ പങ്കുവയ്ക്കലില്ല, സാഹോദര്യമെന്നും പറയാനാവില്ല, കാരണം ഞങ്ങൾക്കിടയിൽ വാത്സല്യമില്ല, പ്രണയമാണോ? അല്ല... കാരണം ഞങ്ങൾക്കിടയിൽ വിശ്വാസം ഇല്ല... ന്യൂ ജനറേഷന്റെ വാക്കുകളിൽ
തന്നെ പറയാം... EX ...പറയാൻ എന്തെളുപ്പം... അല്ലേ?
Confirm or Delete
എനിക്ക്
മുന്നിൽ ഓപ്ഷൻസ് ഉണ്ട്. അന്ന് ഞാൻ നിനക്കും ഒരു
ഓപ്ഷൻ ആയിരുന്നല്ലോ... അകന്നുപോകുവാനാണെങ്കിൽ വേദന സമ്മാനിക്കുവാൻ വേണ്ടി
മാത്രം എന്തിനാണ് എന്റെ ജീവിതത്തിലേക്ക് വന്നത്? നമ്മൾക്കിടയിൽ അധികം വാക്കുകളുണ്ടായിരുന്നില്ല, മനസ്സുതുറന്ന് സംസാരിച്ചിട്ടു കൂടിയില്ല, വളരെ കുറച്ചു ദിവസങ്ങളെ
നീയെന്റെ ജീവിതത്തിൽ ഉണ്ടായിരുന്നുള്ളു. എന്നിട്ടും ഇത്രമാത്രം വേദന എനിക്കനുഭവപ്പെടാൻ കാരണമെന്ത്?
"എന്താടി,
സ്വപ്നം കാണുകയാണോ?"
തോളിൽ
തട്ടി ആരോ എന്നോട് ചോദിച്ചു.
പരിചയമുള്ള ശബ്ദം. പക്ഷേ ഒരു നടുക്കം ഇപ്പോഴും
ഉള്ളിലുള്ളതുകൊണ്ടാവാം തിരിച്ചറിയാതെ പോയത്. ഞാൻ തിരിഞ്ഞു നോക്കി.
"എനിക്കിവിടെ ഇരിക്കാല്ലോ.. അല്ലേ?"
"Sure, please..."
താരയാണ്.
ഞങ്ങൾ ഒരുമിച്ചാണ് വർക്ക് ചെയ്യുന്നത്.
"നിന്നെ
മാനേജർ അന്വേഷിക്കുന്നുണ്ട്."
"എന്റെ
കൃഷ്ണാ, ആ കാലൻ എന്തിനാ
എന്നെ അന്വേഷിക്കുന്നത്?"
മനസ്സിൽ പറയാനാണ് ഉദ്ദേശിച്ചതെങ്കിലും വാക്കുകൾ കുറച്ചു ഉച്ചത്തിൽ തന്നെ പുറത്തേക്കു വന്നു. ചുറ്റുമുള്ളവർ ഒരു അന്യഗ്രഹ
ജീവിയെ നോക്കുന്നതു പോലെ എന്നെ നോക്കി.
താര ഇരുന്ന് ചിരിക്കുന്നുണ്ട്. സ്ഥലം കാലിയാക്കുന്നതാണു നല്ലതെന്നു എനിക്കു മനസ്സിലായി. Facebook ൽ നിന്നും Log out ചെയ്യുന്നതിനു
മുൻപ് ആ ഓപ്ഷൻസിൽ ഒന്നിൽ
ഞാൻ Touch ചെയ്തു.
മാനേജറുടെ
ക്യാബിനിലാണ്. നല്ല വെളുത്ത് സുമുഖനായ
ഒരു മധ്യവയസ്കൻ. ഈ വെളുപ്പ് ശരീരത്തിൽ
മാത്രം ഉള്ളട്ടോ.മനസ്സിന്റെ നിറം ഒരു വ്യത്തികെട്ടതാണ്. സ്ത്രീകളോട് എങ്ങനെ പെരുമാറണം എന്നറിയാത്ത ഒരു മൂഷികൻ. തോന്നിയതു
ഒക്കെ വിളിച്ചു പറയും. വേറെ നിവൃത്തിയുണ്ടായിരുന്നെങ്കിൽ ഈ പഹയന്റെ മുഖത്ത്
രാജിക്കത്ത് വലിച്ചെറിഞ്ഞു ഞാൻ പോയേനെ. പക്ഷേ
,ജോലി എനിക്ക് ആവശ്യം അല്ല, അത്യാവശമായിരുന്നു... അങ്ങനെ പതിവുപോലെ പഴയ കാമുകനെ ഓർത്തും
മാനേജറുടെ ചീത്ത കേട്ടും ആ ദിവസവും തീരാറായി.
രാത്രി
വൈകി കിടക്കുന്നതാണ് ശീലം. Whats app ലും Facebook ലും നോക്കി ഇരുന്ന്
സമയം കളയുന്നതല്ലാട്ടോ, നിദ്രാദേവി കനിയാറില്ല എന്നതാണ് സത്യം. Facebook പോസ്റ്റിൽ നിന്നും ഇതിനും കാരണം കിട്ടിയിരുന്നു.
"Sleeping is hard,when your mind is full of thoughts... or... if you are missing someone deeply..."
ആലിയ
ഭട്ടിന്റെ ഒരു ഹിന്ദി സിനിമയിൽ നിന്നും ഇതിനു
സ്റ്റാൻഡേർഡ് ആയിട്ടുള്ള പേരും കിട്ടി, Insomnia...കൊള്ളാല്ലേ? ഏതായാലും ഈ Insomnia കാരണം അത്യാവശം കുറച്ചു നല്ല ശീലങ്ങൾ എനിക്കുണ്ടായി,
പുസ്തകങ്ങൾ എന്റെ കളി കൂട്ടുക്കാരായി... രാത്രി
എന്തെങ്കിലും പണി വേണ്ടേ. ആ
രാത്രിയും അങ്ങനെത്തന്നെയായിരുന്നു... കൈയ്യിൽ I too had a love story ഉം മൊബൈലുമായി ഞാൻ
ബഡ്ഡിലേക്ക് ചേക്കേറി. I too had a love story രവീന്ദ്രർ സിംഗിന്റെ ഒരു നോവൽ, മരണം
തട്ടിത്തകർത്ത പ്രണയത്തിന്റെ കഥ, കാഴ്ച്ചകൾക്കപ്പുറമായിരുന്നിട്ടും പ്രണയിച്ചവരുടെ കഥ... വായിക്കുന്നതിനിടയിൽ ഞാൻ facebook ൽ sign in ചെയ്തു. നെറ്റ് സ്ലോ ആണ്. അവിടെ
കിടന്ന് വട്ടം കറങ്ങട്ടെ, ഞാൻ വീണ്ടും വായനയിലേക്കു
തിരിഞ്ഞു.
“someday you might be sad, when you might wish to talk to me but i might not able to do so.................................................”
"ബീപ് ,ബീപ്"
ഫോണിൽ മെസ്സേജ് വന്നതാണ്. ഓപ്പൺ ചെയ്തപ്പോൾ കണ്ടു,
You and ****** connected on messenger
പേരു
പറയാത്തതാണ്, അല്ലെങ്കിലും ഒരു പേരിലെന്തിരിക്കുന്നു. അതു വീണ്ടും എന്റെ മനസ്സിനെ അസ്വസ്ഥമാക്കി
എന്നു പറയേണ്ടതില്ലല്ലോ. എനിക്കെന്തോ അന്നേരം ബുക്ക് വായിക്കാൻ തോന്നിയില്ല. ഞാൻ Facebook ൽ
അവന്റെ പ്രൊഫൈൽ നോക്കി. ആരുടേതാണെന്ന് പറയേണ്ടല്ലോ. അവനെന്റെ കൈയ്യെത്തും ദൂരെയുണ്ട്
എന്ന തോന്നൽ. കുറച്ചു നേരം അവന്റെ ഫോട്ടോസ് നോക്കിയിരുന്നു. ഏതോ ഒരു പാലത്തിന്റെ കൈവരിയിൽ
പിടിച്ചു പുറകിലേക്ക് തിരിഞ്ഞു നോക്കുന്ന ഒരു ഫോട്ടോ ആണ് പ്രൊഫൈൽ പിക്ചർ. ഒരു ആകാശനീല
നിറമുള്ള ഷർട്ട്, My favourite colour. ഫോട്ടോയിൽ നിന്നും കണ്ണെടുക്കാനേ തോന്നുന്നില്ല, ആ കണ്ണുകളുടെ കാന്തികശക്തി ഇപ്പോഴും നഷ്ടപ്പെട്ടിട്ടില്ല. മനസ്സിൽ തിരമാലകൾ ആഞ്ഞടിക്കുന്നുണ്ടായിരുന്നു... In a relationship എന്ന സ്റ്റാറ്റസ് ആ തിരമാലകളുടെ ശക്തി കൂട്ടി. ആ സ്റ്റാറ്റസ് എനിക്കുള്ള നിർദ്ദേശം
ആയിരുന്നു. മറക്കണം എല്ലാം...
പെട്ടെന്ന്
വാതിലിൽ ആരോ തട്ടി, അമ്മയായിരിക്കും. അപ്രതീക്ഷിതമായതുകൊണ്ട് ഞാൻ ഒന്നു ഞെട്ടി. ഫോണിന്റെ
സ്ക്രീനിൽ എവിടെയോ അറിയാതെ ടച്ച് ആയെന്നു തോന്നുന്നു. തോന്നലല്ല, ഉറപ്പാണ്. പക്ഷേ എന്താണെന്നു
നോക്കാനുള്ള സമയം കിട്ടിയില്ല. അമ്മ വീണ്ടും വിളിക്കുകയാണ്. Back touch ചെയ്ത ശേഷം
ഞാൻ വാതിൽ തുറന്നു.
"ഉറങ്ങാറായില്ലേ?"
പാതിരാത്രിയിലും എന്തെടുക്കുവാടി എന്ന ഭാവം ആ ചോദ്യത്തിലുണ്ടായിരുന്നു.
"ഇതു
ചോദിക്കാനാണോ വിളിച്ചത്. ഞാൻ കിടന്നോളാം. ഉറക്കം വരുന്നില്ല. അമ്മ കിടന്നോളു."
"എങ്ങനെയാ
ഉറക്കം വരുന്നത്? ഏതു നേരേം മൊബൈലിൽ കുത്തിയിരിക്കും."
അതും
പറഞ്ഞ് അമ്മ നടന്നു
"ഗുഡ്നൈറ്റ് "
" ഉം, ഗുഡ് നൈറ്റ്"
അമ്മയുടെ
വിചാരം ലോകത്തിലേറ്റവും കൂടുതൽ സമയം മൊബൈൽ ഉപയോഗിക്കുന്ന വ്യക്തി ഞാനാണെന്നാണ്. ആ ചിന്ത
മാറ്റാൻ ഞാൻ മിനക്കെടാറില്ല...
വീണ്ടും
വാതിലടച്ച് ഞാൻ കട്ടിലിൽ വന്നിരുന്നു. ബഡിൽ മൊബൈൽ കിടപ്പുണ്ട്. എടുത്തു നോക്കാൻ ഒരു
ധൈര്യകുറവ്. അബദ്ധം പറ്റിയുണ്ട്, ഉറപ്പാണ്. എന്താണെന്ന് അറിയില്ല... അവന്റെ പ്രൊഫൈൽ
ആയിരുന്നു നോക്കിയിരുന്നത്... എന്താണാവോ പറ്റിയത്? ഫാൻ ഫുൾ സ്പീഡിൽ കറങ്ങുന്നുണ്ടെങ്കിൽ
കൂടി നെറ്റിയിൽ വിയർപ്പുതുള്ളികൾ വിരുന്നെത്തി...
വീണ്ടും
മൊബൈൽ ശബ്ദിച്ചു. ആരുടേതാവും ഈ മെസ്സേജ്? നോക്കണോ... ഒരു കൈ മാലയുടെ ലോക്കറ്റിൽ അമർത്തിപ്പിടിച്ച്
(ലോക്കറ്റിൽ കൃഷ്ണന്റെ പടം ഉണ്ട് ) ഞാൻ മൊബൈൽ എടുത്തു. അവൻ തന്നെയാണ്...
"Hi"
ങ്
ഹേ ,എന്തായിത്? ഒരു മെസ്സേജ് വരുന്ന
ശബ്ദം കേട്ടിരുന്നുള്ളു. ഇതിപ്പോ രണ്ടു മെസേജ് ഉണ്ടല്ലോ. ആദ്യം വെറുതെ ഒരു thumps up sign... എന്റെ കൃഷ്ണാ... ഇതാണോ അന്നേരം സംഭവിച്ചത്. മെസ്സേജ് Sent ആയതാണ്... ആകെ ചമ്മലായി എന്ന്
പറയേണ്ടല്ലോ. ഹ്യദയമിടിപ്പ് വല്ലാതെ കൂടി, എന്താ പറയാ?? കിളി പോയ അവസ്ഥ.
ചിന്തിച്ചു ചിന്തിച്ചു കാടും മലയും പുഴയും ഒക്കെ താണ്ടി...
അവൻ
അപ്പോഴും Online ഉണ്ടായിരുന്നു. Reply ചെയ്യണോ?അബദ്ധത്തിൽ sent ആയതാണെന്നു പറഞ്ഞാൽ വിശ്വസിക്കുമോ? അറിയില്ല. എങ്കിലും പറയാം. സകല ദൈവങ്ങളെയും മനസ്സിൽ
വിളിച്ച്, ഒരു Hi ഞാൻ തിരിച്ചും പറഞ്ഞു, ഒപ്പം നേരത്തെ മെസ്സേജ് അബദ്ധം പറ്റിയതാണെന്നും...
ഒരു Smiley ആയിരുന്നു മറുപടി... പിന്നീട് മെസ്സേജ് ഒന്നും വന്നില്ല. Online ഉണ്ടായിരുന്നു... മനസ്സ് വല്ലാതെ തിടുക്കം കൂട്ടി. ഇനിയും ഒരു മെസ്സേജ് അതാഗ്രഹിക്കുന്നുണ്ട്.
പക്ഷേ...
അന്നു
രാത്രി ഞാൻ നന്നായി ഉറങ്ങി.
എല്ലാം മറന്ന്... പുതിയ പ്രതീക്ഷകളുമായി... നാളുകൾക്കു ശേഷം മനോഹരമായ നിദ്ര...
എന്റെ സ്വപ്നത്തിൽ ആ രാജകുമാരൻ വിരുന്നു
വന്നു. പക്ഷേ കുതിരപ്പുറത്തല്ലാട്ടോ., ഒരു ബൈക്കിൽ... അനിയത്തിപ്രാവിലെ
കുഞ്ചാക്കോ ബോബൻ വരുന്നതു പോലെ...
അയ്യേ... എന്തൊരു പൈങ്കിളിയാണ്. അല്ലെങ്കിലും പ്രണയം കുറച്ച് പൈങ്കിളി തന്നെയല്ലേ? രാവിലെ അമ്മയുടെ വഴക്കു കേൾക്കാതെ തന്നെ എഴുന്നേറ്റു. അടുക്കളയിൽ ചില പാചക പരീക്ഷണങ്ങൾ
ഒക്കെ നടത്തി പതിവില്ലാത്ത രീതികൾ കണ്ടിട്ടാവണം 'ഇവൾക്കു വട്ടായോ' എന്ന ഭാവത്തിൽ അമ്മ
നോക്കുന്നുണ്ടായിരുന്നു...
അന്തം വിട്ടു നില്ക്കുന്ന അമ്മയുടെ കവിളിൽ ഒരു ഉമ്മ കൊടുത്ത്
ഞാൻ ഓഫീസിലേക്കു പോയി.. ഓഫീസിൽ താര എന്നെ നോക്കിയത്
അത്ഭുതത്തോടെയാണ്. പതിവില്ലാത്ത തിളക്കം മുഖത്തുണ്ടത്രേ! അതു ഞാൻ ഒന്നു
ഫേഷ്യൽ ചെയ്തതാ എന്നു മറുപടി
നല്കി. എന്തോ മനസ്സിലായെന്ന ഭാവത്തിൽ അവൾ തലയാട്ടി. ഞാൻ
മൊബൈൽ എടുത്തു നോക്കി .
"Active 3 minutes ago"
oops... I missed again
ഉറക്കമില്ലാത്ത
ആ രാത്രിയിലും അവന്റെ മെസ്സേജ് ഞാനാഗ്രഹിച്ചു. അങ്ങോട്ടേക്ക്
അയച്ചാലോ? വേണ്ട, തെറ്റിദ്ധരിക്കും. പുസ്തകം തന്നെ ശരണം... I too had a love story കഴിഞ്ഞ രാത്രി തന്നെ വായിച്ചു കഴിഞ്ഞിരുന്നു. അടുത്ത പുസ്തകം കരുതിയിരുന്നു, എസ്.കെ പൊറ്റക്കാടിന്റെ
ഒരു ദേശത്തിന്റെ കഥ. അവിടെയും തുടക്കം
പ്രണയം തന്നെ... ശ്രീധരനു പ്രേമകവിതയെഴുതാൻ പ്രചോദനം നല്കിയ അമ്മുക്കുട്ടിയിൽ നിന്നും. അമ്മുക്കുട്ടി അവളുടെ നോട്ടുബുക്കിൽ എഴുതിയ ഒരു കവിത അതിലുണ്ട്.
ഇല്ലാ
വരില്ല നീ, നീഹാരസിക്തമാം
പുല്ലണിപ്പാതയിലൂടെ
പതുക്കവേ
ഇല്ല
വരില്ല നീയെന്നോല വാതിലിൽ
മെല്ലവേ
മുട്ടിയെൻ പേർ വിളിച്ചീടുവാൻ
ഇല്ലാ
വരില്ല നീയെൻ മുടിക്കെട്ടിലെ
മുല്ലതൻ
സൗരഭമൊക്കെയും വാർന്നു പോയ്
ഓമനേയെന്നു വിളിക്കില്ലയെന്നെ നീ
വ്യാമോഹമാണു മൽ പ്രേമാർദ്ര ചിന്തകൾ
അമ്മുക്കുട്ടി ഇതു ശ്രീധരനു വേണ്ടി
എഴുതിയതാണോ? അതോ എനിക്കുള്ള നിർദ്ദേശമാണോ?
മനസ്സിലെന്തെങ്കിലും ഉണ്ടെങ്കിൽ പിന്നെ ചുറ്റുമുള്ളതെല്ലാം നമ്മളോട് സംസാരിക്കുന്നതു പോലെ തോന്നും. അങ്ങനെ
ശ്രീധരന്റെ അമ്മുക്കുട്ടിയും അവൻ എന്റെ ജീവിതത്തിലേക്ക്
തിരിച്ചു വരില്ല എന്ന് എന്നെ ഓർമ്മപ്പെടുത്തി...
"ബീപ്പ്,ബീപ്പ് "
ദേ, സംശയങ്ങൾ വീണ്ടും
തലപൊക്കി നോക്കുന്നു...
"Hi"
"Hi"
"ഉറങ്ങാറായില്ലേ"
"ഉറക്കം വരുന്നില്ല. വൈകിയേ കിടക്കാറുള്ളു."
പിന്നെയും എന്തൊക്കെയോ ചോദ്യങ്ങളും ഉത്തരങ്ങളും... എന്റെ കൈവിരലുകൾ അത്ഭുതകരമാം വിധം വേഗത കൈവരിച്ചതായി
എനിക്കു തോന്നി. ഇടയ്ക്കെപ്പോഴോ അവൻ ചോദിച്ചു...
"എന്താ? അതിന് എപ്പോഴാ നമ്മൾ കണ്ടത്?"
"അല്ല, ഇടയ്ക്കു വല്ലപ്പോഴും കാണാറുണ്ടല്ലോ.. ഒത്തിരി നാളായി ചോദിക്കണം എന്നു കരുതുന്നു."
മറുപടിയായി ഒരു Smiley തന്നെയിരിക്കട്ടെ... ശരിയാണ് ഇടയ്ക്കു വല്ലപ്പോഴും ഞങ്ങൾ കാണാറുണ്ട്. പക്ഷേ അവനെ കാണുമ്പോൾ ഞാൻ
ചിരിക്കാറുണ്ടായിരുന്നില്ല.
ദേഷ്യം ഉള്ളതുകൊണ്ടൊന്നും അല്ലാട്ടോ. അവൻ എന്റെ സ്വന്തമല്ലെന്ന
തിരിച്ചറിവുകൊണ്ടാണ്. അവനെ കാണുമ്പോൾ വല്ലാത്ത
നഷ്ടബോധം എനിക്കു തോന്നാറുണ്ട്. അത് കണ്ണുനീരായി പുറത്തേക്കു
വരാതിരിക്കാൻ ഞാൻ ശ്രദ്ധിക്കുന്നതിനിടയിൽ ചിരിക്കാൻ ശ്രമിക്കാറില്ല...
"ഇനി കാണുമ്പോൾ ചിരിക്കാം,
Tax വേണോ വേണ്ടയോ എന്ന് അപ്പോൾ അറിയാമല്ലോ."
ഞാൻ മറുപടി നല്കി.
പിന്നെയും എന്തൊക്കെയോ ചോദിച്ചു. നഷ്ടപ്പെട്ടത് തിരിച്ചു കിട്ടിയതുപോലെ തോന്നി. കാത്തിരിക്കണം എന്ന് പറയാതെ പറയുന്നതു പോലെ.. തിരിച്ചു ചോദിക്കാൻ ഒരായിരം ചോദ്യങ്ങൾ മനസ്സിലുണ്ടായിരുന്നു. എന്നെ കുറിച്ച് വല്ലപ്പോഴുമെങ്കിലും ആലോചിക്കാറുണ്ടോ? എന്ന് ചോദിക്കണം, എന്നെ കാണാനായി ആഗ്രഹിക്കാറുണ്ടോ? എന്നു ചോദിക്കണം, ഒരിക്കൽ നമ്മൾ ഒന്നായിരുന്നു എന്ന് ചിന്തിക്കാറുണ്ടോ? എന്നു ചോദിക്കണം അന്ന് എന്നോടു കാണിച്ച ഇഷ്ടം ആത്മാർത്ഥമായിട്ടായിരുന്നോ? എന്നു ചോദിക്കണം. അല്ലെങ്കിൽ ആരോ പറഞ്ഞു ഞാൻ
അറിഞ്ഞതുപോലെ സുഹൃത്തുക്കളുമായി ബെറ്റ് വച്ചു എന്റെ പിറകെ കൂടിയതാണോ?ആ സംശയം നാളുകളായി
എന്റെ മനസ്സിലുണ്ട്. പിരിയാനുള്ള കാരണവും എനിക്ക് അജ്ഞാതമാണ്. ചിലപ്പോഴൊക്കെ എനിക്കു തോന്നും മൗനങ്ങൾ തമ്മിലുള്ള വാക്കുതർക്കത്തിലാണ് എനിക്കു പലതും നഷ്ടമായതെന്ന്. പക്ഷേ, ഞാനവനോട് ഒന്നും ചോദിച്ചില്ല, ഒന്നും.
കുറച്ചു ദിവസങ്ങൾക്കു ശേഷമുള്ള ആ രാത്രിയും പതിവുപോലെ
ഞാൻ പുസ്തകം വായിക്കുകയായിരുന്നു. അതിലെ വരികളെക്കാൾ എന്നെ സ്വാധീനിച്ചത് പുസ്തകത്തിന്റെ പേരാണ്...Can love happen twice....
അന്ന് ഞാൻ വല്ലാത്ത മാനസിക
സമ്മർദത്തിലായിരുന്നു. വീട്ടിൽ വിവാഹാലോചന മുറുകികൊണ്ടിരിക്കുകയാണ്. ചിലപ്പോൾ അതാവാം... അല്ല... അതു
തന്നെയാണ്... വൈകിട്ട് അവനെ കണ്ടിരുന്നു, അവനെന്നെയും.
എന്തുകൊണ്ടോ എനിക്കപ്പോഴും ചിരിക്കാൻ കഴിഞ്ഞില്ല. അന്ന് രാത്രി അധികം വൈകുന്നതിനു മുൻപു തന്നെ അവന്റെ മെസ്സേജ് വന്നു..
"Hi"
"Hi"
"Food കഴിച്ചോ?"
"ഇല്ല, വിശക്കുന്നില്ല. What about you ?"
"ഉം, കഴിച്ചു."
എന്താ കഴിക്കാത്തത് എന്നവൻ ചോദിച്ചില്ല. നന്നായി, പറയാൻ ഉത്തരവും ഇല്ലല്ലോ... പക്ഷേ കുറച്ചു കഴിഞ്ഞു വീണ്ടും മെസ്സേജ് വന്നു.
"ഉറങ്ങാറായില്ലേ?"
"ഉറക്കം വരുന്നില്ല."
"എന്തെങ്കിലും പ്രശ്നമുണ്ടോ?"
"ഇല്ല, I am OK ... എന്താ അങ്ങനെ ചോദിച്ചത്?"
"എനിക്കങ്ങനെ തോന്നി "
"എന്തെങ്കിലും ഉണ്ടെങ്കിൽ പറയാട്ടോ..."
"ഉം.. ,Nothing.."
എന്റെ പ്രശ്നങ്ങൾ എന്താണെന്നു പലപ്പോഴും എനിക്കു തന്നെ മനസ്സിലാകാറില്ല. അതു കൊണ്ടാണ് ഒന്നുമില്ല
എന്ന മറുപടിയിലൊതുക്കിയത്. അവനെ ഞാൻ ഒഴിവാക്കുകയാണ്
എന്നു തോന്നിക്കാണും. പിന്നീട് അവൻ ഒന്നും ചോദിച്ചില്ല. ഞാൻ പറഞ്ഞതുമില്ല. പക്ഷേ
വാക്കുകൾക്കപ്പുറം അവനെന്നെ മനസ്സിലാക്കണമെന്നു ഞാനാഗ്രഹിച്ചിരുന്നു. വ്യാമോഹം... ആരും ആരെയും മനസ്സിലാക്കുന്നില്ല. ഒരുപക്ഷേ വാക്കുകളെ രൂപപ്പെടുത്തിയത് വികാരങ്ങളെ മറച്ചുവയ്ക്കാനായിട്ടാവും...
പിന്നീടുള്ള ദിവസങ്ങളിലും ചിലപ്പോഴൊക്കെ അവന്റെ മെസ്സേജ് വന്നിരുന്നു. ആദ്യമാദ്യം എല്ലാ ദിവസവും... പിന്നെ മെസ്സേജ് അയക്കുന്നതിനിടയിലുള്ള ദിവസങ്ങളുടെ എണ്ണം കൂടി വന്നു. ഓണത്തിനും
ക്രിസ്മസിനും ന്യൂ ഇയറിനും മാത്രമായി
അത് ഒതുങ്ങാൻ തുടങ്ങി. എങ്കിലും എല്ലാ ദിവസവും അവന്റെ മെസ്സേജ് വരുന്ന ശബ്ദത്തിനായ് ഞാൻ കാതോർത്തു. അപ്പോഴും
എനിക്ക് വ്യക്തമായി അറിയാമായിരുന്നു, അവൻ എന്റെതല്ല എന്നുള്ള
സത്യം...
ഞാൻ ഏറ്റവുമധികം അവന്റെ
മെസ്സേജ് ആഗ്രഹിച്ചത് എന്റെ ബർത്ത്ഡേയുടെ അന്നാണ്. പക്ഷേ... അന്ന് അവൻ അതു ഓർത്തതുപോലും ഉണ്ടാവില്ല... പണ്ട് ഞാനാഗ്രഹിക്കാതെ തന്നെ എന്റെ ജീവിതത്തിലേക്ക് അവൻ കടന്നു വന്നതാണ്.ഒരു നറുനിലാവിന്റെ വെളിച്ചവുമായി. എന്നാൽ നീയെന്ന നിലാവിനോട് അടുക്കാൻ എനിക്ക് ഭയമായിരുന്നു. പ്രണയം... എന്നും സമൂഹം തെറ്റായി മാത്രം കാണുന്ന ഒന്ന്. അത് തന്നെയാവും അവനിൽ നിന്നും അകലം പാലിക്കാൻ എന്നെ പ്രേരിപ്പിച്ചതും. എന്നാൽ ഇന്ന് ഞാൻ അറിയുന്നു... ഞാൻ അകന്നു പോയപ്പോഴെല്ലാം അവൻ എത്ര മാത്രം വേദനിച്ചിരിക്കുമെന്ന്. ഇന്ന് അവന്റെ സാമീപ്യം ഞാൻ കൊതിക്കുമ്പോൾ അവൻ
എന്റേതല്ലാതാവുകയാണ്. അവന്റെ Relationship status ഉം Facebook ലെ ഫോട്ടോസും എല്ലാം
എനിക്കുള്ള ഉത്തരങ്ങളായിരുന്നു. ഒരു ചോദ്യം അപ്പോഴും ഉത്തരമില്ലാതെ അവശേഷിച്ചു. എന്റെ ജീവിതത്തിലേക്ക് അവന്റെ തിരിച്ചുവരവ് ഏതു രൂപത്തിലാണ് ഞാൻ ആഗ്രഹിക്കുന്നത് ? തീര്ച്ചയായും അതൊരു കാമുകന്റെ വേഷം അല്ല....
ഇടയ്ക്കൊക്കെ അവനെ കാണാറുണ്ട്. കാണുമ്പോൾ
അവൻ ചിരിക്കും, പക്ഷേ എപ്പോഴും ഇല്ല... ഞാനും ചിരിക്കാൻ ശീലിച്ചു. പക്ഷേ അപ്പോഴെല്ലാം കവിൾത്തടങ്ങളിൽ ഒരു നേർത്ത ചൂട്
എനിക്കനുഭവപ്പെടും, കണ്ണുനീരിന്റെ നേർത്ത ചൂട്. അതെ, ആ ചിരിക്കു
ഞാൻ കൊടുക്കേണ്ടി വന്ന Tax എന്റെ കണ്ണുനീരായിരുന്നു. മിഴിക്കോണിൽ ആരുമറിയാതെ ഞാൻ ഒളിപ്പിച്ചു നിർത്തിയിരുന്ന
കണ്ണുനീർത്തുള്ളികൾ.
ഫോൺ എടുത്ത് ആരോടോ
സംസാരിക്കാൻ തുടങ്ങി, അതിനിടയിൽ റിയർവ്യൂ മിററിലൂടെ അവൻ നോക്കുന്നത് ഞാൻ
ശ്രദ്ധിച്ചു. ഞാൻ നടക്കുന്നതിനൊപ്പം അവന്റെ കണ്ണുകളും
ചലിക്കുന്നതായി എനിക്കു തോന്നി. ഞങ്ങൾ അവനെ കടന്നു പോകുന്നതിനിടയിൽ
താര കാണുന്നില്ലെന്നു ഉറപ്പു വരുത്തി ഞാൻ അവനെ നോക്കി.
അപ്പോഴുള്ള അവന്റെ മുഖഭാവം, അതിനു പിന്നിലെ വികാരം, സത്യത്തിൽ എനിക്കു മനസ്സിലായില്ല. ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതു കണ്ടു, പക്ഷേ അതു ഞങ്ങളെ കടന്നു
പോയില്ല. ഹെഡ് ലൈറ്റിന്റെ വെളിച്ചം
കാണാം. ഞാൻ തിരിഞ്ഞു നോക്കി,
വളരെ പതുക്കെയാണ് അവൻ വണ്ടി ഓടിക്കുന്നത്.
ഹൃദയതാളം വേഗത്തിലായി, പക്ഷേ അതു ഭയപ്പെട്ടതുകൊണ്ടല്ലാട്ടോ... ബസ് സ്റ്റോപ്പിലേക്ക് ഇനി
അധികദൂരമില്ല. അവന്റെ ബൈക്ക് ഞങ്ങളെ കടന്നു പോയപ്പോൾ അവൻ എന്നെ നോക്കി
ചിരിച്ചു, ഞാനും...
"ഏയ്, Nothing. കണ്ണിലെന്തോ പൊടി പോയെന്നു തോന്നുന്നു."
കണ്ണു തിരുമ്മുന്നതിനിടയിൽ ഞാൻ അറിഞ്ഞു, വിരലുകളിൽ
ഒരു നേർത്ത നനവ്, സ്നേഹത്തിന്റെ സുഖമുള്ള നനവ്. ഒരു ചിരിക്ക്
ഞാൻ കൊടുക്കേണ്ടി വന്ന Tax ന്റെ നനവ്. ആ
നനവ് എന്നെ ഓർമ്മപ്പെടുത്തിയത് എന്നോ വായിച്ചു മറഞ്ഞ പൗലോ കൊയ്ലോയുടെ വാക്കുകളെയാണ്...
"കാത്തിരിപ്പ് വേദനയാണ്, മറക്കുന്നതും. എന്നാൽ രണ്ടിലേതെന്ന് തീരുമാനിക്കുന്നതത്രേ ഏറ്റവും വലിയ വേദന..."
അന്ന് രാത്രി ഞാനെൻറെ ഡയറിയിൽ എഴുതി ...
നിനക്കു ചിന്തിക്കാൻ കൂടി കഴിയില്ല,
ഞാൻ
നിന്നെ എത്രമേൽ സ്നേഹിക്കുന്നുവെന്ന്.
പരസ്പരം കാണാതെ,
തേനൂറും വാക്കുകളില്ലാതെ,
ചാറ്റിങ്ങും ഫോൺ വിളികളുമില്ലാതെ,
നമ്മൾ
പ്രണയിക്കുകയല്ലേ...
ഈ പ്രണയം എത്ര
മനോഹരമാണ്...
ആശംസകൾ നേരാതെ,
സമ്മാനപ്പൊതികൾ കൈമാറാതെ,
കൈകോർത്തു പിടിച്ചു നടക്കാതെ,
മാറിൽ ചാഞ്ഞുറങ്ങാതെ,
നമ്മൾ പ്രണയിക്കുകയല്ലേ,
ഈ പ്രണയം എത്ര മനോഹരമാണ് ...
പ്രണയ ലേഖനങ്ങൾ എഴുതാതെ,
വാലന്റൈൻഡേക്കു കാത്തിരിക്കാതെ ,
പ്രണയം കൈമാറാതെ,
സ്വപ്നം കൈവിടാതെ,
സ്വന്തമാക്കാനാഗ്രഹിക്കാതെ,
ഓരോ ശ്വാസത്തിലും നമ്മൾ
പ്രണയിക്കുകയല്ലേ...
ഹ്യദയത്തിന്റെ ഈ ഭാഷ എത്ര
മനോഹരമാണ്...
ഒരിക്കൽ കൂടി ഒന്നു കാണാൻ ആഗ്രഹിക്കുന്നുണ്ട്, ഒരിക്കൽ കൂടി നിന്റെ മെസ്സേജ് പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ ഒരിക്കലും അരങ്ങൊഴിഞ്ഞ പ്രണയത്തെ ഓർമിപ്പിക്കാനോ ,ആർത്തിരമ്പുന്ന വിരഹത്തെ വർണിക്കാനോ അല്ല...സുഖമാണോ എന്നൊരു ചോദ്യം മാത്രം. നനവു പടർന്ന കൺകളിലെ നൊമ്പരത്തെ മായ്ക്കാൻ ആ ചോദ്യത്തിന് കഴിയും...
എങ്കിലും ഒന്നറിഞ്ഞോളൂ...
മറക്കില്ല,,,, ഒരിക്കലും...
മറക്കില്ല,,,, ഒരിക്കലും...
മനസ്സിലുണ്ടാകും ...എന്നും ...ആദ്യം...
Comments
Post a Comment