പറയാൻ മടിക്കുന്ന ഉത്തരങ്ങൾ

 Is everything OK?

ഞങ്ങൾക്കിടയിൽ തളംകെട്ടി നിന്നിരുന്ന മൗനത്തെ ഭേദിച്ചു കൊണ്ടവൻ ചോദിച്ചു. ചോദ്യത്തിന്റെ അർത്ഥം എനിക്കു മനസ്സിലായെങ്കിലും ഞാനത് ഭാവിച്ചില്ല, ഞാൻ ഒരു ചോദ്യഭാവത്തോടെ പുരികം മുകളിലേക്കുയർത്തി.

"എടി പൊട്ടി... കുഴപ്പമൊന്നുമില്ലല്ലോ...  എല്ലാം ഓക്കെ അല്ലേ?"

"പൊട്ടി നിന്റെ മറ്റവൾ... എന്തു കുഴപ്പം... നീ കണ്ണടച്ചിരിക്കുകയാണോ.. കാണുന്നില്ലേ?  ഇവിടെ ഒരു കുഴപ്പവും ഇല്ല."

ഒരു കല്യാണ വീട്ടിലെ തലേദിവസത്തെ കാഴ്ച്ചകളും ബഹളങ്ങളും.. അന്തരീക്ഷം ശബ്ദമുഖരിതമായിരുന്നു. അതിനിടയിൽ വാക്കുകൾ കുറവായിരുന്നത് ഞങ്ങൾക്കിടയിൽ മാത്രമായിരുന്നു. ഈ ഞങ്ങൾ ആരാണെന്നല്ലേ? ഞാനും എന്റെ ചങ്കും... My Best friend... ഒരാണിനും പെണ്ണിനും കമിതാക്കൾ മാത്രമല്ല, നല്ല സുഹൃത്തുക്കളാകാനും കഴിയും എന്ന് ജീവിച്ചു തെളിയിച്ചു കൊണ്ടിരിക്കുന്നവർ. കൂടെപ്പിറന്നവൻ എന്നും കൂടെയുണ്ടാകും എന്ന് ഉറപ്പില്ലെങ്കിലും ഇവന്റെ കാര്യത്തിൽ എനിക്ക് സംശയമില്ല. The best Part of My life... എന്നെ ചീത്തപ്പേര് കേൾപ്പിച്ച ദ്രോഹി... അവന്റെ ബൈക്കിനു പിന്നിലിരുന്നും തോളിൽ കൈയിട്ടുമുള്ള പോക്കു കാണുമ്പോൾ നാട്ടുകാരുടെ നാവിന് വിശ്രമം കിട്ടുമെന്നു തോന്നുന്നുണ്ടോ. ഏറ്റവും കൂടുതൽ താല്പര്യത്തോടെ കഥകൾ മെനഞ്ഞിരുന്നത് അമ്മായിമാർ എന്ന കാറ്റഗറിയാണ്... പക്ഷേ ഞാനതിനെപ്പറ്റിയൊന്നും ചിന്തിച്ചു സമയം കളയാറില്ല... എങ്ങാനും പറഞ്ഞാൽ തന്നെ കുറച്ചു സാഹിത്യമൊക്കെ പറഞ്ഞു ഞാനവരുടെ വായ അങ്ങടക്കും. മഞ്ഞപ്പിത്തം ബാധിച്ച കണ്ണുമായി എന്നോട് ചോദ്യം ചോദിക്കുന്നവരോട് ഞാൻ തിരികെ ചോദിക്കും ഈ പാലിന്റെയും കള്ളിന്റെയും നിറമെന്താണെന്ന്? ഒറ്റനോട്ടത്തിൽ രണ്ടും ഒന്നാണെന്നു തോന്നുമെങ്കിലും അത് ഒന്നാവുന്നില്ലല്ലോ...കാണുന്നവർക്ക് മനസ്സിലായിലെങ്കിലും രുചിക്കുന്നവർക്കു വ്യത്യാസം മനസ്സിലാകും. അവർ കണ്ട് വ്യത്യാസം നോക്കുന്നവരും ഞാൻ രുചിച്ചു വ്യത്യാസം അറിഞ്ഞവളുമാണ്.

"എടി പോത്തേ... നീ ഇതു ഏതു ലോകത്താണ്? ഞാൻ ചോദിച്ചതിനുത്തരം പറയെടി."
"എന്തുവാടാ മാക്രി?"
"Happy  അല്ലേ?"
"ഉം... നീയങ്ങോട്ട് നോക്ക്...കണ്ടില്ലേ... ?"

എല്ലാവരോടും കുശലം ചോദിച്ച് അമ്മ ഓടി നടക്കുന്നുണ്ടായിരുന്നു. മോളുടെ കല്യാണം ആയില്ലേ എന്ന ചോദ്യത്തിനുത്തരം അമ്മയ്ക്ക് കിട്ടി കഴിഞ്ഞല്ലോ. അച്ഛൻ സദ്യയുടെ കാര്യം തിരക്കിയും  നടക്കുന്നുണ്ടായിരുന്നു.


"അവരെ കണ്ടോ? ഇന്ന് ഈ ലോകത്തിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അവരായിരിക്കും. ഞാൻ ജനിച്ച നിമിഷം മുതലുള്ള അവരുടെ സ്വപ്നമാണ് എന്റെ വിവാഹം... ഓരോ പൈസയും ചേർത്തു വച്ചിരുന്നത് നാളത്തെ ദിവസത്തിനു വേണ്ടിയാണ്. അത് പൂർണമാകാൻ പോകുന്നു... ഉം... അതു കഴിഞ്ഞാൽ പിന്നെ എനിക്കു കൊച്ചുണ്ടാവുന്നതിനെപ്പറ്റിയാവും... അവരെപ്പോഴും എന്നെപ്പറ്റി തന്നെയാണ് ചിന്തിക്കുന്നത്..."

ഞാൻ ചിരിച്ചു...

"ഞാൻ ചോദിച്ചത് അവരുടെ കാര്യമല്ല. നിന്റെ കാര്യമാണ്.."
"എന്റെ കാര്യം... ഉം... "
"എന്റെ മുഖത്തോട്ട് നോക്കിക്കേ.. ശരിക്കും നീ ഹാപ്പിയാണോ.?"

 എന്റെ കൈയ്യിൽ പിടിച്ചു കൊണ്ടവൻ ചോദിച്ചു.


അവന്റെ മുഖത്തേക്കു ഞാൻ നോക്കിയില്ല... അവനോട് കള്ളം പറയാൻ എനിക്കു കഴിയില്ല. അഥവാ ഞാൻ പറഞ്ഞാലും എന്റെ കണ്ണുകൾ എന്നെ ചതിക്കും.
അവൻ എന്റെ കൈകളിൽ അമർത്തി പിടിച്ചു..

"ഞാനില്ലേടി കൂടെ.."

ഞാൻ അവന്റെ തോളിൽ ചാഞ്ഞു കിടന്നു. ഊർന്നു വീണ കണ്ണുനീർത്തുള്ളികൾ കാരണം അവന്റെ ഷർട്ടിൽ നനവു പടർന്നു.

"എന്തിനായിരുന്നു?"

"ഇതാണ് ശരിയെന്നു തോന്നിയതുകൊണ്ട്. "

വീണ്ടും ഞങ്ങൾക്കിടയിൽ നിശബ്ദത സ്ഥാനം പിടിച്ചു... കസിൻസ് അവരുടെ കലാപരിപാടികൾ തുടങ്ങാനായുള്ള തയ്യാറെടുപ്പാണ്.

"എടീ നീ തോളിൽ നിന്നും എഴുന്നേറ്റേ... അല്ലേൽ ഇപ്പോ വരും കുറേയെണ്ണം ഉപദേശം കൊണ്ട്... ഒന്നു കഴിഞ്ഞതല്ലേയുള്ളു..."


ടേബിളിന്റെ മുകളിലാണ് ഞാനും അവനും കൂടി ഇരുന്നത്. കസേരക്കു ക്ഷാമം ഉണ്ടായിട്ടല്ല... അവിടെ ഇരിക്കാനായി ഒരു കൊതി.അച്ഛന്റെ മൂത്ത പെങ്ങൾ ഉപദേശവുമായി ഉടൻ എത്തി, കല്യാണപ്പെണ്ണാണ്, കുറച്ചെങ്കിലും അടക്കോം ഒതുക്കോം വേണം. പോരാത്തതിന് മുകളിലിരുന്ന് കാലാട്ടുന്നു..മുകളിലിരുന്ന് കാലാട്ടുന്നതിന് ഓർമ്മ വച്ച നാൾ മുതൽ ഞാൻ ചീത്ത കേൾക്കുന്നുണ്ട്. എന്താ കുഴപ്പം എന്ന് എനിക്കു മനസ്സിലായിട്ടില്ല. ഞാൻ അതൊട്ടും നിർത്തിയതുമില്ല.

കൂടുതൽ ചീത്തപ്പേരൊന്നും ഇനി കേൾക്കാനില്ല എന്നു പറഞ്ഞ് ഞാൻ അവന്റെ കൈയ്യിൽ വട്ടം പിടിച്ചു.

"എന്നോട് അവനെന്തെങ്കിലും പറയാൻ പറഞ്ഞോ?"
"ആര്"
 "ആരെക്കുറിച്ചാണ് ഞാൻ ചോദിച്ചത് എന്ന് നിനക്ക് മനസിലായില്ലേ?"
"എനിക്ക് മനസിലാകുന്നുണ്ട്. ഒന്നും മനസിലാക്കാൻ കഴിയാത്തതു നിനക്കാണ്." 
"നീയവനെ ഇന്നു കണ്ടിരുന്നില്ലേ?"

ഇത്തവണ മുഖം തിരിച്ചത് അവനാണ്.

"എന്താ അവൻ പറഞ്ഞത്?"
"ഒന്നും പറഞ്ഞില്ല"

അപ്പോഴും അവനെന്റെ നേരെ നോക്കിയില്ല.
"എന്നെ വെറുക്കുന്നുണ്ടാവും, അല്ലേ?"

എന്റെ കൈകളുടെ പിടിവിട്ട് അവൻ ദൂരേക്ക് നോക്കിയിരുന്നു.

"അവൻ നിന്നെ ഒരുപാട് സ്നേഹിക്കുന്നുണ്ട്."
"എന്നിട്ടാണോ എന്റെ ചെകിടത്തു ഒന്ന് പൊട്ടിച്ചത്?"
"അത് നിന്റെ കയ്യിലിരുപ്പിന്റെ ഗുണം."
"വെറുത്തോളും... ഞാനൊരു അസ്സൽ തേപ്പുകാരിയല്ലേ."
"നിന്നെ വെറുക്കാൻ അവനു കഴിയോ?"
"വെറുക്കപ്പെടാൻ ആഗ്രഹിക്കാത്തതുകൊണ്ടാണ് ദൂരേക്ക് പോകുന്നത്."
"നീ ചെയ്തതു ശരിയല്ല. അവൻ ഇത്രയും ആത്മാർത്ഥമായി നിന്നെ സ്നേഹിച്ചിട്ടും... "

അവൻ അത് മുഴുവനാക്കിയില്ല.

"അവനില്ലാതെ കഴിയോ... നിനക്ക്?

ഞാൻ അതിനു മറുപടി പറഞ്ഞില്ല.

"നിനക്ക് എങ്ങനെ മറ്റൊരാളെ അർജുന്റെ സ്ഥാനത്തു കാണാൻ കഴിയും. എങ്ങനെ ഒരു നിമിഷം പോലും ചിന്തിക്കാതെ വിവാഹത്തിനു സമ്മതിക്കാൻ കഴിഞ്ഞു ? ഇഷ്ടത്തോടെ ആണോ ഈ വിവാഹം?"
"ഉം ... ഈ വിവാഹം എന്റെ സമ്മതതോടെ തന്നെയാണ്,പക്ഷേ എന്റെ ഇഷ്ടത്തോടെ അല്ല."
"എന്തോന്ന്?"
"സമ്മതം,ഇഷ്ടം ... ഇവയൊക്കെ തമ്മിൽ വ്യത്യാസം ഉണ്ടെന്നു ഞാൻ ഇപ്പോഴാ മനസിലാക്കിയത് ."
"ഞാൻ സംസാരിക്കാം അവരോട് "
"വേണ്ട , ഞാൻ ഒരു കാര്യം ചോദിച്ചാൽ നീ സത്യം പറയോ?"
"നിന്നോട് ഞാൻ എപ്പോഴാ കള്ളം പറഞ്ഞിട്ടുള്ളത്?"
"നിനക്കു തോന്നുന്നുണ്ടോ ഞാൻ ചെയ്തത് തെറ്റാണെന്ന്?
"തെറ്റും ശരിയും.... അത് തീരുമാനിക്കുന്നത് സാഹചര്യങ്ങളാണ്. നീ ചെയ്തതു നിന്നെ സംബന്ധിച്ച് ശരിയാവാം, പക്ഷേ എനിക്കതു തെറ്റു തന്നെയാണ്. സ്വന്തം ജീവിതവും സ്വപ്നങ്ങളും ആണ് നീ തകർത്തെറിയുന്നത്. നാളെ നിന്റെ കഴുത്തിൽ വീഴാൻ പോകുന്ന താലി ഒരു തൂക്കു കയറാവാതിരിക്കട്ടെ..."

അവന്റെ വാക്കുകൾ കൂരമ്പുകളായാണ് എനിക്കു തോന്നിയത്.

"പ്രണയിക്കുന്നുണ്ടെങ്കിൽ അത് ഒരുമിച്ചു ജീവിക്കാൻ വേണ്ടിയാവണം. അല്ലേൽ പിന്നെ ആ പണിക്കു നില്കരുത്. ആരൊക്കെ എതിർത്താലും ഒരുമിച്ചു നിൽക്കാൻ കഴിയണം. അർജുന്റെ അമ്മ എന്തോ പറഞ്ഞെന്ന് പറഞ്ഞു നീ അവനെ ഒഴിവാക്കേണ്ടായിരുന്നു..."

അവന്റെ വാക്കുകൾ എനിക്കു മുന്നിൽ ഒരു ചോദ്യമുയർത്തി.

"അർജുന്റെ അമ്മ എന്നോട് സംസാരിച്ച കാര്യം ഞാൻ ഇതുവരെ ആരോടും പറഞ്ഞിട്ടില്ല, നിന്നോടും.... പിന്നെ നിനക്കതു എങ്ങനെയറിയാം?"

അവൻ ഉത്തരം പറയാൻ മടിക്കുന്നതായി എനിക്കു തോന്നി.. എങ്കിലും അവൻ പറഞ്ഞു.

"കാരണം, എനിക്കു നിന്നെയറിയാം..."
"ഈ ഉത്തരം അപൂർണ്ണമാണ്‌ അഭി "
"നമുക്കിടയിലും രഹസ്യങ്ങൾ വന്നു തുടങ്ങിയത് കൊണ്ടാവും .."
"അഭി ,ഞാൻ..."
 വാക്കുകൾ മുഴുവനാക്കാതെ ഞാൻ പൊട്ടിക്കരഞ്ഞു .
"നീ എന്താ ഈ കാട്ടുന്നത്? ആളുകൾ ശ്രദ്ധിക്കുന്നു."
"നിന്നോട് ഒളിക്കണം എന്ന് കരുതിയതല്ല, പക്ഷേ എനിക്ക്... ഞാൻ ...സോറി "
"നീ ആദ്യം കരച്ചിൽ നിർത്തു...  സോറി പറയേണ്ടത് എന്നോടല്ല,അവനോടാണ് . .."
"അവനെ കാണാൻ ഞാൻ ഇനി ശ്രമിക്കില്ല... അത് ഞാൻ അവന്റെ അമ്മക്ക് കൊടുത്ത വാക്കാണ്."
"നിനക്ക് വട്ടാണ്... നീ അവരെ മനസിലാക്കാൻ നോക്കുന്നു.. എന്നാൽ അർജുന്റെ അമ്മയോ? സ്വന്തം മകന്റെ സന്തോഷം, നിന്റെ സന്തോഷം അതാണ് ഇല്ലാതാക്കുന്നത്. മക്കളെ മനസിലാക്കാത്ത അമ്മയേം അച്ഛനേം ഒന്നും മക്കളും മനസിലാക്കേണ്ട കാര്യം ഇല്ല "
"ഓക്കേ..അർജുന്റെ അമ്മയെ വിട്ടേക്ക്. what about my parents? ഇത്ര നാളും അവരെനിക്ക് സമയം തന്നില്ലേ."
"Again ... ലൈഫിൽ പ്രധാനപ്പെട്ട കാര്യങ്ങൾക്ക് എങ്കിലും സ്വന്തം ഇഷ്ടം നോക്കാം"
"ജീവിതം അങ്ങനെ ആണ്  അഭി, നമ്മൾ ആഗ്രഹിക്കുന്നത് പോലെ മുന്നോട്ടു പോകണം എന്നില്ല"
"നിന്റെ ജീവിതം അങ്ങനെയാവും. എന്റേതല്ല .. ശ്രമിച്ചു പോലും നോക്കാതെ കൈവിട്ടു കളഞ്ഞേച്ചു നിന്നു ഫിലോസഫി പറയുന്നോ.."
"നീ കേട്ടിട്ടില്ലേ ? ഒരിക്കലും സാക്ഷാത്കരിക്കാൻ ഇടയില്ലാത്ത പ്രണയം ആണ്, ശ്രേഷ്ടമായ പ്രണയം"
"അർജുൻ നിന്റെ ഒരു കവിളിൽ ആണ് പൊട്ടിച്ചത്. വായടച്ചു വെച്ചില്ലേല് രണ്ടു ചെകിടത്തും എന്റെ കൈയിൽ നിന്ന് കിട്ടും"

അവൻ ആ പറഞ്ഞത് കുറച്ചു ഉറക്കെ ആയിരുന്നു. കൃത്യം ആ സമയത്തു തന്നെ റെക്കോർഡർ ഓഫും ചെയ്തു...ചുരുക്കത്തിൽ അവൻ എന്നെ ചീത്ത വിളിച്ചത് എല്ലാവരും കേട്ടു. എന്നിട്ടും അവന്റെ മുഖഭാവത്തിനു മാറ്റം  ഒന്നും ഉണ്ടായില്ല. പരദൂഷണ കമ്മിറ്റി ശ്രദ്ധിക്കുന്നുണ്ട്.ഞങ്ങൾ അവിടെ നിന്നും അല്പം നീങ്ങി നിന്നു.

"ഭൂമിയിലെ ഏറ്റവും ശക്തമായ പ്രണയമായിരുന്നു ഭഗവാൻ കൃഷ്ണന്റേത്. അതുപോലും സാഫല്യമായില്ല. പിന്നെയല്ലേ എന്റേത് ."

"കൃഷ്ണന്റേതല്ല  രാധയുടേത്. കൃഷ്ണന് പതിനായിരത്തിയെട്ടെണ്ണം വേറെയും ഉണ്ടായിരുന്നു."
"എങ്കിലും കൃഷ്ണന്റെ പേരിനൊപ്പം എന്നും ചേർത്തു പറയുന്നത് രാധയെ മാത്രമാണ്."
"അതാവും പാതിവഴിയിൽ ഇട്ടിട്ടുപോയത്."
"എങ്കിലും രാധയുടെ പ്രണയം അവസാനിക്കുന്നില്ല..."
"അർജുറേതു പോലെ...നീ ഏതായാലും രാധയല്ലല്ലോ."
"പ്രണയം സാഫല്യമായാലും പിന്നീട് പിരിയേണ്ടിവന്നാലോ. കടമ, ഉത്തരവാദിത്തം, വിശ്വാസം ഇതിനൊക്കെ വേണ്ടി വേർപിരിയേണ്ടിവന്നവരും  ഈശ്വരൻമാരുടെ കൂട്ടത്തിലുണ്ട്."
"എന്നെ എന്നും സംരക്ഷിക്കുമെന്നുള്ള പെണ്ണിന്റെ വിശ്വാസം തകർത്തവരെ ഞാനാരാധിക്കുന്നില്ല. രാമന്റേതു ഏക പത്നീ വ്രതമൊക്കെയാണ്, നല്ല രാജാവുമാണ്. പക്ഷേ ഒരിക്കലും ഒരു നല്ല ഭർത്താവും അച്ഛനും ആയിരുന്നില്ല."
"എന്താ?"
"ഞാനാരാധിക്കുന്നത് ശിവനെയാണ്... പരമശിവനെ. ഇനി അതെന്തിനാണെന്ന് പറഞ്ഞു തരണോ?"
"വേണ്ട മനസ്സിലായി"

"നീ മാത്രമല്ല എല്ലാവരും ഇങ്ങനെയാ. ഒരു പെണ്ണിനു വെറുതെ സ്വപ്നങ്ങൾ നല്കിയ കൃഷ്ണനെയും കെട്ടിയ പെണ്ണിനെ പാതി വഴിയിൽ ഉപേക്ഷിച്ച രാമനെയും വിവാഹം ഒരു ദിനചര്യ പോലെ ഭാര്യ മരിച്ചപ്പോൾ അവളുടെ അനിയത്തിയേം കെട്ടി താജ് മഹൽ തീർത്ത ഷാജഹാനെയും വാഴ്ത്തും. ആത്മാർഥമായി പ്രണയിച്ചവരെല്ലാം വെറും വിഡ്ഢികൾ."

"ത്യാഗം പ്രണയത്തിന്റെ മറ്റൊരു ഭാവമാണ്."


അവന്റെ ഫോൺ റിങ്ങ് ചെയ്യുന്നുണ്ടായിരുന്നു. പക്ഷേ അവൻ അത് അറ്റൻഡ് ചെയ്യാതെ കട്ട് ചെയ്യുകയാണുണ്ടായത്. എന്നോട് അവൻ നിർത്താതെ സംസാരിച്ചുകൊണ്ടേയിരുന്നു.

"കോപ്പാണ്...  ഞാൻ വല്ലതും പറഞ്ഞാൽ കൂടിപ്പോകും."
"എന്നാലിനി പറയണ്ട. ഞാനവന്റെ ജീവിതത്തിൽ നിന്നും ഒഴിവായില്ലെങ്കിൽ ഒന്നാവാനും സമ്മതിക്കില്ല എന്നു അർജുന്റെ അമ്മ എന്നോട് പറഞ്ഞതാ. വല്ലാത്തൊരു വാശി ഞാൻ ആ കണ്ണുകളിൽ കണ്ടതാണ്. മരിക്കാൻ വരെ അവരു തയ്യാറായിരുന്നു. നിനക്കു അറിയില്ലേ അർജുന് അവന്റെ അമ്മ എത്രത്തോളം പ്രിയപ്പെട്ടതാണെന്ന്. ഞങ്ങളുടെ വിവാഹം നടന്നാൽ ഈ ലോകത്ത് അവൻ ഏറ്റവും വെറുക്കുന്നത് എന്നെയായി മാറും. അത് എനിക്കു ഇപ്പോൾ ഉള്ളതിനെക്കാൾ വേദനയാവും നല്കുന്നത്.. ഒന്നാവാനുള്ള ഭാഗ്യം ഇനിയീ ജന്മത്തിലില്ല. പുതിയ ജീവിതം സ്വീകരിക്കാൻ ഞാൻ തയ്യാറായി കഴിഞ്ഞു. അവനും"

അവൻ മറുപടി പറയാൻ തുടങ്ങിയതും അവന്റെ ഫോൺ വീണ്ടും റിങ്ങ് ചെയ്തു.

"നീ ആ ഫോണെടുക്ക്,എന്നിട്ടു എന്നെ ചീത്ത വിളിക്ക്, കുറെ നേരമായല്ലോ"

ഫോണിൽ സംസാരിച്ചു കഴിഞ്ഞ് അവൻ പോകാനായി തയ്യാറായി.അവന്റെ വികാരം ദേഷ്യത്തിൽ നിന്നും സങ്കടത്തിലേക്കു വഴുതി മാറുന്നത് ഞാൻ അറിഞ്ഞു.

"ഉം.. ഞാൻ പോട്ടെ ... നീയങ്ങോട്ടു ചെല്ല്. തനിയെ നിൽക്കണ്ട."
"ആരായിരുന്നു ഫോണിൽ ?" 

അവൻ മറുപടി പറയാതെ നടന്നു.

"ഭക്ഷണം കഴിച്ചിട്ടു പോ അഭി.."
"ഇല്ല വിശപ്പില്ല"
"നാളെ എപ്പോഴാ വരാ?"

അവൻ ഒരു നിമിഷം നിന്നു. തിരികെ വന്നു എന്നോട് പറഞ്ഞു, 

"വരാം... പക്ഷേ വൈകും.."
"വേറെ എന്താ പ്രോഗ്രാം?"
 അവൻ മറുപടി പറഞ്ഞില്ല. പക്ഷേ എന്നെയവൻ ചേർത്തു നിർത്തി.

"നീ പറഞ്ഞതാണ് ശരി... ഒന്നാവാനുള്ള ഭാഗ്യം ഇനിയീ ജന്മത്തിലില്ല"

അതു പറയുമ്പോൾ അവന്റെ കണ്ണുകൾ നിറയുന്നുണ്ടായിരുന്നു.
പോകുന്നതിനു മുൻപ് അവൻ വീണ്ടും എന്നോട് ചോദിച്ചു ..

"സത്യത്തിൽ നീ അവനെ സ്നേഹിച്ചിരുന്നോടി?"

ഞാൻ മറുപടി പറഞ്ഞില്ല. എനിക്ക് തോന്നി, ആ ചോദ്യത്തിന്റെ ഏറ്റവും നല്ല ഉത്തരം മൗനം ആണെന്ന്.

പിറ്റേന്ന് അഭി വന്നപ്പോൾ ഒത്തിരി വൈകി. താലികെട്ട് കഴിഞ്ഞിരുന്നു. അവൻ വരാൻ വൈകിയതിൽ എനിക്കു പരിഭവമില്ലായിരുന്നു. നന്നായി, ഇവിടെ മറ്റുള്ളവർക്കു മുന്നിൽ ചിരിച്ചു അഭിനയിക്കുന്നതു പോലെ അവന്റെ മുന്നിൽ എനിക്കു കഴിയില്ല. അവന്റെ കണ്ണുകൾ കരഞ്ഞു കലങ്ങിയതായി എനിക്കു തോന്നി. എന്നെ നോക്കി അവൻ ചിരിച്ചെങ്കിലും ആ ചിരിയിൽ തീരെ ആത്മാർത്ഥതയുണ്ടായിരുന്നില്ല. ആളൊഴിഞ്ഞപ്പോൾ അവൻ എന്റെ അടുത്തേക്കു വന്നു എന്റെ കൈകളിൽ പിടിച്ചു ചോദിച്ചു...

"ഞാൻ നിനക്ക് എന്തു സമ്മാനം ആണെടി തരേണ്ടത്? "
"ഒന്നും വേണ്ട... എന്നെ ചീത്ത വിളിക്കാൻ എന്നോടൊപ്പം എന്നും ഉണ്ടായാൽ മാത്രം മതി."

അവൻ പോക്കറ്റിൽ നിന്നും എന്തോ എടുത്തു എനിക്കു നേരെ നീട്ടി.
ഒരു കവർ.. ഞാനത് വാങ്ങി പൊട്ടിച്ചു നോക്കി..
ഒരു വെള്ളക്കടലാസ്, അതിലേറ്റവും താഴെ ആശംസകൾ എന്നെഴുതിയിരുന്നു. മറ്റൊന്നും ആ പേപ്പറിൽ ഉണ്ടായിരുന്നില്ല. പക്ഷേ ഒരായിരം വാക്കുകൾ അതിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു.
പേപ്പറിലും അവന്റെ മുഖത്തും ഞാൻ മാറി മാറി നോക്കി...

"അവനെ മനസ്സിലാക്കാൻ നിനക്ക് അക്ഷരങ്ങളുടെ ആവശ്യമില്ലെന്നു അവൻ തെറ്റിദ്ധരിച്ചിട്ടുണ്ടാകും."
"അല്ല അഭി.. അതങ്ങനെയല്ല.ചില വികാരങ്ങൾക്ക് വാക്കുകളുടെ പരിവേഷം സ്വീകരിക്കാനാവില്ല."
"ഉം "
"ഉം... നീ ഇന്ന് അവന്റെ വീട്ടിൽ പോയിരുന്നതുകൊണ്ടാണല്ലേ വരാൻ വൈകിയത്?"
"ഉം"
"അവന് നീ എന്തു ഗിഫ്റ്റ് ആണു കൊടുത്തത്? ഇന്നവന്റെ നിശ്ചയം അല്ലേ.."
"നിന്നെ കൊടുക്കണം എന്നാടീ കരുതിയേ.. പക്ഷേ കഴിഞ്ഞില്ല. ....
............
അവനു എല്ലാം അറിയാമായിരുന്നു."
"എന്ത്?"
"അർജുൻ തന്നെയാണ് എന്നോട് പറഞ്ഞത് അവന്റെ അമ്മ വന്ന് നിന്നെ കണ്ട കാര്യം..  അവൻ ....അർജുൻ ....."
"ഉം...അഭി ... "

അവൻ വളരെ സീരിയസ് ആയി സംസാരിക്കുമ്പോഴും ഞാൻ വിഷയം മാറ്റാൻ ശ്രമിച്ചു..

"എല്ലാം അറിയാമായിരുന്നു എന്നല്ല... എല്ലാം അറിയാം.. അങ്ങനെ ആണ് പറയേണ്ടത്."
അഭിയുടെ തലയിൽ ഞാൻ ചെറിയൊരു തട്ടു കൊടുത്തു. എന്നിട്ടും അവൻ തിരിച്ചൊന്നും പറഞ്ഞില്ല.അവന്റെ കണ്ണുകൾ എന്നോട് എന്തൊക്കെയോ പറയാൻ ആഗ്രഹിക്കുന്നതായി എനിക്ക് തോന്നി.

"എന്ത് പറ്റി?"

അവൻ മൗനം പാലിച്ചു. തെറ്റിയതു അവന്റെ വാക്കുകളല്ല, ഞാൻ മനസ്സിലാക്കിയ കാര്യമാണെന്ന് അവൻ എന്നോടു പറഞ്ഞില്ല.

അപ്പോഴേക്കും എനിക്കു ചുറ്റും ഫോട്ടോ എടുക്കാനായി എന്റെ ബന്ധുക്കൾ വന്നു. ഒന്നും മിണ്ടാതെ അവൻ തിരികെ നടന്നു. എന്തായിരിക്കും അത്? അവൻ എന്നോട് പറയാതെ ബാക്കി വച്ചത്?

അവൻ എന്നെയേല്പ്പിച്ച കത്തിലെ കണ്ണുനീരിന്റെ നനവ് ഞാനറിഞ്ഞു. പക്ഷേ....  അതിൽ പറ്റിയിരുന്ന  രക്തക്കറ എനിക്കു തിരിച്ചറിയാനായില്ല... പുതിയജീവിതം തുടങ്ങുകയാണ് ഞാൻ... നഷ്ടപ്പെട്ടത് തിരിച്ചറിയാതെ...

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ