കണ്ണ്

 Related image

    കണ്ണാരം പൊത്തിക്കളിക്കുവാനായാണീ
    കണ്ണുകളെന്നു ചിന്തിച്ചിരുന്നു .
   കണ്ണുകൾ പൊത്തുമാകൈകളോടന്നും 
   വല്ലാത്ത കൗതുകമായിരുന്നു.

   ഏറെനാൾ പിന്നെയും പിന്നിടും മുമ്പേ-
   യാ കണ്ണുകൾ വീണ്ടുമെൻ മുന്നിലെത്തി.
   അക്ഷി, നയനം, മിഴി എന്നതൊക്കെയും
    പലപലവട്ടം ഉരുവിട്ടു നോക്കി.

   ഒരു വേനലവധിക്കു മുമ്പെയാ കണ്ണിന്റെ 
   പര്യായമൊന്നു മറന്നു പോകെ. 
   ചെത്തിമിനുക്കിയ ചെത്തി വടിതന്റെ 
   ചോരപ്പാടുകൾ കൈയ്യിൽ വീണു.

   ഇത്തിരി വേദനിച്ചന്നെനിക്കെങ്കിലും
   ഇന്നും തെറ്റാതെഴുതുവാനൊക്കുകില്ല.
   അക്ഷിതൻ ആ 'ക്ഷ' പിന്നെയും പലവട്ടം
   മൂക്കുകൊണ്ടിക്ഷ വരപ്പിച്ചെന്നെ.. 

   ചെത്തിവടി തന്നുടെ  പാടുകൾ പിന്നെയും
   കൈയ്യതിൽ വന്നു കൊണ്ടേയിരുന്നു.
   റെറ്റിനേം ലെൻസും പ്രതിബിംബങ്ങളും 
   എന്നെ പ്രതിക്കൂട്ടിലാക്കി നിർത്തി .

   സന്ധ്യകളായിരം  പിന്നിലേക്കാകവേ 
   കൈയ്യിലെ പാടുകൾ മാഞ്ഞു പോയി.
   അന്നോർത്തതില്ല ഞാൻ കണ്ണിനെ വർണ്ണിക്കാൻ
   ഡിക്ഷണറി തപ്പിയലയുമെന്ന് .

   പലവട്ടം തെറ്റിച്ച കണ്ണിന്റെ പര്യായം
   അന്നെന്നെയൊന്നു തുറിച്ചു നോക്കി .
  താമരക്കണ്ണുകൾ കണ്ടു കൊതിച്ച ഞാൻ 
   ഒരു മിഴി പയ്യെയടച്ചുകാട്ടി.

   ഒരു നൂറു കഥകൾ പറയുവാൻ കണ്ണിനും 
   കെല്പ്പുണ്ടന്നന്നു മനസിലാക്കി .
   കൈയ്യിലല്ലെൻ ഹൃത്തിലാണന്നു കണ്ണിന്റെ 
   വാൾമുന ചോരപ്പാടേല്പ്പിച്ചത് .

    ചെത്തി വടി നല്കിയൊരാപ്പാടുമാഞ്ഞപോൽ
    ഹൃത്തിലേറ്റീപ്പാടു മാഞ്ഞതില്ല.
  കണ്ണിന്റെ ഒരു കോണിൽ ഒരു കുഞ്ഞുനീർ
   ത്തുള്ളിയിന്നും പതുങ്ങി കളിച്ചീടുന്നു.

    നാളുകൾ പിന്നെയും പിന്നിലേക്കാകവേ
   കണ്ണിൻ മഹാത്മ്യം അറിഞ്ഞു ഞാനും.
   ശൃംഗാര ലാസ്യമാം ഭാവങ്ങളൊക്കെയും 
   ആടി തിമിർത്തെന്റെ കണ്ണുകളും

     കഥനക്കടലിൻ വികാരങ്ങളെ കണ്ണിൻ
     നിർജീവഭാവം മറച്ചുവെച്ചു .
   എങ്കിലും പലവട്ടം കവിളത്തൊരുമ്മയായ് 
   കണ്ണുനീർത്തുള്ളി വിരുന്നുവന്നു .

   ആയിരം കഥകളതുള്ളിലൊളിപ്പിക്കാൻ
    കണ്ണതും വേണ്ടത്ര കഴിവുനേടി .
   എൻ കണ്ണിനുള്ളിലെ കാഴ്ച്ചയെ കണ്ടൊരാ-
  ക്കണ്ണുകൾ അഗ്നിക്കിരയുമായി .

   രോമങ്ങളോരോന്ന് മെല്ലെ വെളുത്തപ്പോൾ
   കണ്ണിനു കണ്ണട കൂട്ടിനെത്തി.
   കൂടെ കളിച്ചു പഠിച്ചു വളർന്നവ-
  രൊക്കെയും മിഴികളടച്ചു മുന്നേ.

  ആകാശത്തെത്തുമാ തോട്ടിതൻ കഥയൊന്നു
   പൗത്രനോടോതുവാൻ ആശയുണ്ട് .
  അവനുണ്ട് കൂട്ടിനു കുത്തുന്ന യന്ത്രവും 
  എന്നെക്കാൾ വലിയൊരു കണ്ണടയും.

    വെള്ളപ്പൂശിച്ചൊരീ ചുവരുകൾക്കപ്പുറം
   ഇന്നെന്റെ കണ്ണെത്തി നോക്കാറില്ല .
   ചാരുകസേരയിൽ ഇവിടെക്കിടന്നു ഞാൻ 
   നേത്രദാനം ചെയ്യാൻ കാത്തു നില്പൂ ...
   നേത്രദാനം ചെയ്യാൻ കാത്തു നില്പൂ...

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ