എനിക്കും വേണം ഒരേട്ടനെ ...


                                  Image result for brother images

  എനിക്കും വേണം ഒരേട്ടനെ ... കുഞ്ഞുനാളിൽ അമ്മയോടിതു പറയുമ്പോൾ അമ്മയുടെ മുഖത്ത് വന്ന ഒരു ചിരിയുണ്ട്, ഒരിക്കലും നടക്കാൻ സാധ്യതയില്ലാത്ത ആഗ്രഹം പറഞ്ഞു വന്ന മകളോടുള്ള വാത്സല്യം കലർന്ന ചിരി. പക്ഷേ, ആ ചിരി മതിയായിരുന്നില്ല എനിക്ക് .
 
          ജീവിതത്തിൽ പിന്നീടും പലപ്പോഴും തോന്നി ഒരേട്ടനെ വേണമായിരുന്നു എന്ന്... സ്കൂളിൽ കൂടെ പഠിച്ച ചില സൃഹുത്തുക്കൾ ഏട്ടന്റെ കൈയ്യും പിടിച്ചു വരുന്നത് കാണുമ്പോൾ, ക്ലാസ്സിലെ കൂട്ടുകാരുടെ ബര്ത്ഡേക്കു കിട്ടിയ ചോക്ലേറ്റ് പകുത്തു അനിയത്തിക്ക് നൽകുന്നത് കാണുമ്പോൾ, "ഞാനെന്റെ ഏട്ടനോട് പറയും" എന്ന് പറഞ്ഞുള്ള അവരുടെ ചിണുങ്ങലുകൾ കാണുമ്പോൾ, എന്റെ പിഞ്ചു മനസ്സ് പിന്നെയും പറഞ്ഞു , എനിക്കും വേണം ഒരു ഏട്ടനെ... വീട്ടുപറമ്പിലെ ഏകദിന ക്രിക്കറ്റ് കാണിയായി ഇരിക്കുമ്പോൾ, എന്റെ ഏട്ടനാണ് അതെന്നുള്ള അവളുടെ വീമ്പുപറച്ചിൽ എനിക്ക് സഹിക്കാനാവുമായിരുന്നില്ല പലപ്പോഴും... പിന്നീട് ഹയർ സെക്കന്ററി വിദ്യാഭ്യാസകാലത്തു പ്രൈവറ്റ് ബസിലെ മോശം അനുഭവങ്ങളുടെ സമയത്തും പരിചയമില്ലാത്തവർ പുറകെ വന്നു എന്തൊക്കെയോ പുലമ്പിയപ്പോഴും അപക്വമായ  മനസ്സ്  പിന്നെയും  ആഗ്രഹിച്ചു   ഒരേട്ടനെ...

                  കോളേജിലെ സുഹൃത്തുക്കൾ തലേന്നു ഏട്ടനോടൊപ്പം പോയി കണ്ട സിനിമയുടെ കഥയും ഏട്ടനോടൊപ്പം രാത്രിയിലെ ബൈക്ക് യാത്രയും ബര്ത്ഡേക്കു ഏട്ടൻ സമ്മാനിച്ച സർപ്രൈസ് പാർട്ടിയും ഏട്ടൻ നൽകാറുള്ള  ഗിഫ്റ്റിന്റെ മഹത്വവും ഏട്ടന്റെ ചിലവിൽ നടത്തിയ തകർപ്പൻ ഷോപ്പിങ്ങും....തുടങ്ങിയ പല കഥകളും  ഒരു ഏട്ടനില്ലായ്മയുടെ കുറവ് എന്നെ ഓർമപ്പെടുത്തികൊണ്ടേയിരുന്നു ...

                    ഒരേട്ടനെ ആഗ്രഹിച്ചതു പക്വതയില്ലായ്മയല്ല. എന്റെ സ്വപ്നങ്ങളിലേക്ക് കൈ പിടിച്ചു നടത്താൻ, വഴി തെറ്റുന്ന മനസിനെ പിടിച്ചു നിർത്താൻ, എനിക്കും ഒരേട്ടനെ വേണമായിരുന്നു... എന്റെ മൗനത്തിൽ നിന്നും ഒരായിരം വാക്കുകൾ കേൾക്കാൻ കഴിയുന്ന ഒരേട്ടൻ, എന്റെ പുഞ്ചിരിയുടെ പിന്നിലെ വിങ്ങൽ തിരിച്ചറിയുന്ന ഒരേട്ടൻ, എന്റെ ദേഷ്യത്തിന് പിന്നിലെ വികാരം തിരിച്ചറിയുന്ന ഒരേട്ടൻ, എന്റെ സന്തോഷങ്ങളെ ഏറ്റവും മധുരമുള്ളതാക്കുന്ന ഒരേട്ടൻ, എന്റെ മനസ്സ് തുറന്ന പുസ്തകം  പോലെ വായിക്കുന്ന ഒരേട്ടൻ....

                 കൂട്ടുകാരോടൊത്തു കറങ്ങാൻ പോകുമ്പോൾ തുറിച്ചു നോക്കാൻ, വീട്ടിലെത്താൻ വൈകുമ്പോൾ എവിടെയാണെന്നു നോക്കി വന്നു രണ്ടു ചീത്ത പറയാൻ, ഷോപ്പിങ്ങിൽ എന്റെ  സഹായിയാകാൻ, എന്റെ ഡ്രസ്സ് തിരഞ്ഞെടുക്കാൻ , അച്ഛനോടും അമ്മയോടും വഴക്കിടുമ്പോൾ എന്നെ രക്ഷിക്കാൻ, സ്നേഹത്തോടെ തലയിൽ തലോടാൻ, തോളിൽ ചാഞ്ഞുറങ്ങാൻ... എന്റെ പൊട്ടത്തരങ്ങൾക്കു തലയിൽ ഒരു കിഴുക്കു തരാൻ, എനിക്ക് ഇടി പിടിച്ചു പഠിക്കാൻ.... വേണമായിരുന്നു എനിക്കും ഒരേട്ടനെ...

                 അങ്ങനെ ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ പാതിവഴിയിൽ ഞാൻ വേണ്ടെന്നു വെച്ച എന്റെ കുഞ്ഞു കുഞ്ഞു സ്വപ്നങ്ങൾ പോലും നടന്നേനെ... മഞ്ചാടിക്കുരുവും ടെഡി ബിയറും  സ്വന്തമാകാതെ പോയ ബാല്യവും സൈക്കിൾ ചവിട്ടാൻ പഠിക്കണമെന്ന് ആഗ്രഹിച്ചു ഇറങ്ങിതിരിച്ചപ്പോൾ, അന്ന്  വീണുണ്ടായ മുറിവ് നൽകിയ അപകർഷതാബോധം കാരണം  സൈക്കിളിനോടുള്ള മോഹം മാറ്റിവെച്ച കൗമാരവും എനിക്കുണ്ടാവില്ലായിരുന്നു ...

                അതെ, മാറ്റിവെച്ച പലതും ഞാൻ നേടിയേനെ, ഒരേട്ടൻ എനിക്കും ഉണ്ടായിരുന്നെങ്കിൽ. തനിച്ചാണെന്നു തോന്നുമ്പോൾ തോളിൽ കൈയിടാൻ, കണ്ണു നിറയുമ്പോൾ അത് തുടച്ചുനീക്കാൻ, എന്റെ ഇഷ്ടങ്ങളും ആഗ്രഹങ്ങളും പലപ്പോഴും ആരും മനസിലാക്കാതെ വരുമ്പോൾ, തലക്കൊരു കിഴുക്ക് തന്നു "എന്തുവാടി" എന്ന് ചോദിക്കാൻ, എനിക്കും വേണമായിരുന്നു ഒരേട്ടനെ ....  മനസ് എപ്പോഴോ കാട്ടി കൂട്ടിയ വികൃതി മുളയിലേ നുള്ളിയെറിയാൻ ഒരേട്ടൻ ഉണ്ടായിരുന്നെങ്കിൽ, ജീവിതം ഇന്ന് എനിക്ക് മുൻപിൽ ഇത്രയേറെ ചോദ്യശരങ്ങൾ എറിയില്ലായിരുന്നു. മനസ്സ് തളർന്നു തുടങ്ങുമ്പോൾ, ജീവിതത്തിനു നേരെ പകച്ചു നിൽകുമ്പോൾ , കൈ പിടിച്ചു "ഞാൻ ഇല്ലേടി  കൂടെ" എന്ന് പറയാൻ .... "ഒരേട്ടൻ", എനിക്കും വേണമായിരുന്നു ... ഒരു ഏട്ടനില്ലായ്മ ഒരു കുറവ് തന്നെയാണ്... ജീവിതത്തിലെ ഏറ്റവും വലിയ കുറവ് ...

Comments

Post a Comment

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ