ഒരു നാല്പതു മിനിറ്റ് മാത്രം...

            "ജീവിതത്തെ കുറിച്ച് എഴുതണമെങ്കിൽ ആദ്യം നിങ്ങളത് ജീവിക്കണം", വാക്കുകൾ എന്റേതല്ല,വോൾട്ടയറിന്റേതാണ്... ഞാൻ ജീവിച്ച നാല്പതു മിനിറ്റുകൾ,"ഒരു നാല്പതു മിനിറ്റ് മാത്രം...", നിങ്ങൾക്കിവിടെ കാണാം. എങ്കിലും ഇത് എന്റെ മാത്രം കഥയല്ല, ഞാൻ പറയുന്നു എന്ന് മാത്രം...
It's based on a real incident...
Just a piece from my memories...
It's about my sweat little Angels...
It's about my little Dinosaurs...                      
Image result for class room cartoon pic
                     
           മേശപ്പുറത്ത് അടുക്കി വച്ചിരിക്കുന്ന പുസ്തകങ്ങളിൽ നിന്നും ഒന്ന്‌ ഞാൻ correction ആയി എടുത്തു. രണ്ടു ദിവസത്തിനുള്ളിൽ correction തീർക്കണം എന്ന് രാവിലെ സർക്കുലർ വന്നിരുന്നു.അതു കൊണ്ടാണ് പുതിയ  portion ഒന്നും തുടങ്ങാതെ correction തീർക്കാം എന്ന് കരുതിയത്. ഓരോ ക്ലാസ്സിലും 40, 42 കുട്ടികളുണ്ട്.  ആറു ക്ലാസ്സുകളും, ഒരു ഫ്രീ പിരീഡും, കണക്കിന് രണ്ടെണ്ണം ഉണ്ട്, പക്ഷേ ഒന്നു സബ്സ്റ്റിട്യൂഷൻ  ഉറപ്പാണ്. ഇങ്ങനെ ക്ലാസ്സിൽ ഇരുന്നു ചെയ്യാതെ തീരില്ല... മൂക്കിൻ തുമ്പിലെ കണ്ണടയ്ക്ക്‌  മുകളിലൂടെ ഇടയ്ക്ക് ഞാൻ എന്റെ കുട്ടിപട്ടാളത്തെയും വീക്ഷിച്ചു... ഞാൻ നോക്കുന്നു എന്ന് മനസ്സിലാകുമ്പോൾ മാത്രം ചില വിരുതന്മാർ പഠിപ്പികളാവും. ആലോചനയിൽ ആണ്ടു പോയ ഭാവത്തിൽ അവർ ഇരിക്കും. പെൺക്കുട്ടികൾ ആണ് മിടുക്കികൾ.. മറ്റുള്ളവരെ ബുദ്ധിമുട്ടിക്കാതെ രഹസ്യങ്ങൾ കൈമാറാൻ അവർക്ക് അറിയാം. ഒന്നാം ക്ലാസ്സ് ആയതുകൊണ്ട്  പോപ്പിൻസ് കൈമാറ്റവും കടലാസ്സുതുണ്ടുകളിലെ മെസ്സേജ് കൈമാറലും  ഉണ്ടാവില്ല എന്നുള്ളത് എന്റെ തെറ്റിദ്ധാരണ ആണെന്ന് ആദ്യകാലങ്ങളിൽ തന്നെ ഇക്കൂട്ടർ തെളിയിച്ചതാണ്. എന്റെ correction ബുദ്ധിമുട്ടില്ലാതെ തീരാനായി ബോർഡിൽ കുറച്ച് questions എഴുതിയിട്ടിരുന്നു. കൂട്ടത്തിൽ ചിലർ ആത്മാർത്ഥമായി അത് ചെയ്യുന്നുമുണ്ട്. correction ഒരു നിമിഷത്തേക്ക് നിർത്തി ഞാൻ അവരെ ശ്രദ്ധിച്ചു.

         എമി നോൺ -സ്റ്റോപ്പ്  ആയി സംസാരിക്കുന്നു. ഇത്രമാത്രം എന്ത് കഥയാണ് ഇവൾ പറയുന്നത്. രാവിലെ വരുന്ന നിമിഷം തന്നെ വീട്ടിലെ കാര്യങ്ങൾ  എന്നോട് പറയാറുണ്ട്. ഞാൻ മുഴുവൻ കേട്ടു എന്ന് ഉറപ്പാകുന്നത് വരെ പറഞ്ഞോണ്ടിരിക്കും . ഞാൻ നോക്കുന്നത് മനസ്സിലാക്കി അവൾ എനിക്ക് ഒരു ചിരി സമ്മാനിച്ചു.
    തനുവിൻെറ മുഖം കരച്ചിലിന്റെ വക്കോളം എത്തി  നിൽക്കുന്നു. 'ഇവൾക്കെന്താ  പറ്റിയത്' എന്ന് ഞാൻ ആലോചിച്ചു തീരും മുൻപേ അവൾ‌ അണക്കെട്ട്  തുറന്ന് കഴിഞ്ഞിരുന്നു.

"Thanu, come here..."

ഞാൻ അവളെ അടുത്തേക്കു വിളിച്ചു. ചുണ്ടുകൾ കടിച്ചു പിടിച്ചു ദയനീയമായി അവളെന്നെ നോക്കി.

"വാടോ..."

അവൾ  വരുന്ന കൂട്ടത്തിൽ പുസ്തകവും കൈയിൽ എടുത്തു. ഹാവൂ.. ഭാഗ്യം ആരായിട്ടും വഴക്ക് കൂടിയതല്ലല്ലോ... പുസ്തകം കൈയിലുള്ളത് കൊണ്ട് ഉറപ്പിക്കാം, അവൾക്കെന്തോ ആ കണക്കുകൾ ചെയ്യാൻ പറ്റാത്ത വിഷമം ആണ്. പുസ്തകം നെഞ്ചോട് ചേർത്ത് പിടിച്ചു ഒരു കൈ കൊണ്ട് മുഖം തുടച്ചു പ്രതീക്ഷയോടെ അവളെന്നെ നോക്കി നിന്നു.

"Why are you crying?"
"അനിൽ പറഞ്ഞൂല്ലെ ഞാൻ ചെയ്തത് wrong ആണെന്ന്..."
"ആണോ? Let me check your answer.."

അവളുടെ നേരെ ഞാൻ പുസ്തകത്തിന് ആയി കൈനീട്ടി. ചെയ്തത് തെറ്റാണെന്ന് അനിൽ പറഞ്ഞത് നേരാണെങ്കിൽ അവൾക്ക് കിട്ടേണ്ട ഒരു സ്റ്റാർ നഷ്ട്ടമാകും എന്ന ഭീതിയുള്ളതിനാലാവണം പുസ്തകം തരാൻ അവളൊന്നു  മടിച്ച് നിന്നു.

"Ma'am  നോക്കട്ടെ, ചെയ്തത് തെറ്റാണെങ്കിൽ നമുക്കു തിരുത്തണ്ടേ...." 

അത്രയും നേരം പുസ്തകത്തിൽ നിന്നും കണ്ണെടുക്കാതെ ഇരുന്ന ഇവാൻ ഒരു ഞെട്ടലോടെ ഞാൻ അരുതാത്തത് എന്തോ പറഞ്ഞു എന്ന ഭാവത്തിൽ എന്നെ നോക്കുന്നത് ഞാൻ കണ്ടൂ. ആ നോട്ടത്തിന്റെ അർഥം എനിക്കറിയാം എന്നുള്ളതിനാൽ അവനോടു കാര്യം തിരക്കാതെ ഞാൻ തനുവിന്റെ  ബുക്ക് വാങ്ങി... മടിച്ചു മടിച്ച് ആണെങ്കിലും അവൾ തന്നു. അനിൽ പറഞ്ഞത് നേരായായിരുന്നു, തനു  ചെയ്തതു  മിക്കതും തെറ്റ് തന്നെയാണ്.

" തെറ്റാണല്ലോ ..നമുക്ക്  correct ചെയ്യാം. Look at the first question, find 5+8 , let's do it together..."

തനു അവളുടെ കുഞ്ഞു വിരലുകളിൽ എണ്ണി തുടങ്ങി, അവളോടൊപ്പം ഞാനും..

"5 in mind,8 in fingers....

ഇത് പറയുന്നത് ഒരു  ഈണത്തിലാണ്. 5 in mind  പറയുമ്പോൾ ഒരു വിരൽ തലക്കു നേരെ ചൂണ്ടും പിന്നെ 8 fingers... 8 fingers എടുക്കാൻ തനു കുറച്ചു  കഷ്ടപ്പെടുന്നുണ്ട്‌. അതിനിടയിൽ ഞാൻ ഇവാനേ  ശ്രദ്ധിച്ചു. എന്നോട് എന്തോ പറയാൻ അവൻ വെമ്പി നിൽക്കുകയാണ്‌. ഹാവൂ,,തനുവിന് 8 fingers കിട്ടി,  അവൾ  വീണ്ടും എണ്ണിത്തുടങ്ങി.

" 5  in mind, 8 in fingers ,,after 8...
" Thanu, its wrong. Count after 5..
" Ok ma'am, 5 in mind, 8 in fingers ,after 8..."
" Thanu, മൈൻഡിൽ ഏതു നമ്പർ ആണോ അതു കഴിഞ്ഞു വേണം count ചെയ്യാൻ.."

ഇത്തവണ ഇവാന്റെ ഫുൾ കണ്ട്രോളും പോയി. അവൻ ഉറക്കെ വിളിച്ചു പറഞ്ഞു,

"Ma'am, you are speaking Malayalam.."
" Ok, sorry..."

(Sorry പറയാതെ നിവൃത്തിയില്ല, ഞാൻ ഒരു ഇംഗ്ലീഷ് മീഡിയം സിബിഎസ്ഇ സ്കൂൾ അധ്യാപികയാണ്. ഇംഗ്ലീഷിൽ സംസാരിക്കണമെന്ന് ഇവിടെ നിയമവും ഉണ്ട്. പക്ഷേ ഞാൻ ഇടയ്ക്ക് മലയാളം പറയും. ഉള്ളം തൊട്ടറിഞ്ഞു സംസാരിക്കാൻ മാതൃഭാഷയെക്കാൾ കഴിവ് ഏത് ഭാഷയ്ക്ക് ആണ്. ഒബ്സർവേഷന്  വരുമ്പോൾ കളം മാറ്റി ചവിട്ടും. കംപ്ലീറ്റ് ഇംഗ്ലീഷ്, അല്ലേൽ പണി പോണ കേസ് ആണെ. ഒബ്സർവേർ പോയി കഴിയുമ്പോൾ ചിലര് തുടങ്ങും....

" മാം ഒന്നും മനസ്സിലായില്ല, ഇനി ഇതൊക്കെ ഒന്ന് മലയാളത്തിൽ പറയോ."

നാല്പതു മിനിറ്റ് വേസ്റ്റ്. അവരുടെ വിചാരം അവരെ ഒബ്‌സർ ചെയ്യാനാണ് ആളു വരുന്നതെന്ന്. അതുകൊണ്ട് ബുദ്ധി ജീവികളുടെ ലുക്ക് കൊടുത്തു അവിടെ ഇരിക്കും. സത്യം നമുക്കല്ലെ അറിയൂ. അടുത്ത ദിവസത്തെ  നാല്പതു മിനിറ്റിൽ ഞാൻ പിന്നെ അതൊക്കെ മംഗ്ലീഷിൽ പറയും...)

ഇംഗ്ലീഷ് കമ്മ്യൂണിക്കേഷനിൽ സ്ഥിരം സ്റ്റാർ വാങ്ങുന്ന ഇവാന്റെ  കമൻറ് എന്നെയല്ല  തനുവിനെയാണ് ചൊടിപ്പിച്ചത്. ഇവാന്  നേരെ ദേഷ്യത്തോടെ നോക്കി അവൾ  തുടർന്നു.

"5 in mind, 8 in fingers,after 8 ...അല്ല ,after 5, 6,7,8,9,10,11,12,13..."

ശരിയാണോ എന്നറിയാൻ തനു എന്റെ മുഖത്തേക്ക് നോക്കി, ഞാൻ ചിരിച്ചതിൽ നിന്നും ചെയ്തത് ശരിയാണെന്നു  അവൾ  മനസിലാക്കുകയും ചെയ്തു ...

"13,,13,13"

അവളുടെ മുഖത്ത് വലിയൊരു കണ്ടുപിടിത്തം നടത്തിയ ചാരിതാർത്ഥ്യം ഉണ്ടായിരുന്നു. ഒരുപക്ഷേ  ഐസക് ന്യൂട്ടൺ ഭൂഗുരുത്വാകർഷണം കണ്ടുപ്പിടിച്ചപ്പോൾ ഇത്രയും സന്തോഷിച്ചു കാണില്ല എന്ന് എനിക്ക് തോന്നി ('ഐസക് ന്യൂട്ടനെ ഇയാൾ  കണ്ടിട്ടുണ്ടോ' എന്ന കമന്റ് നിരോധിച്ചിരിക്കുന്നു.) .ടേബിളിൽ ഇരുന്ന റെഡ് പെൻ  എടുത്തു അവൾ  എന്റെ കൈയിൽ തന്നു, കൈ നീട്ടിപിടിച്ചു അവൾ നിന്നു. എന്തിനാണെന്നോ സ്റ്റാർ കൊടുക്കാൻ. പുസ്തകത്തിലല്ല ഇപ്പോൾ കൈവെള്ളയിൽ സ്റ്റാർ വാങ്ങുന്നതാണ് ട്രെൻഡ് എന്ന് ഈ ന്യൂജൻ കുരുന്നിന് അറിയാമായിരിക്കും. തനുവിനു സ്റ്റാർ കൊടുക്കുന്നത് കണ്ട് സ്വിച്ചിട്ടത്  പോലെ സീറ്റിൽ നിന്നും ചിലർ പൊങ്ങി. ഒരു വിരലറ്റം കൊണ്ട് കണ്ണട ശരിയാക്കി വെച്ച് ഞാൻ അവരെ നോക്കി. ആ നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കിയത് കൊണ്ടാകാം പൊങ്ങിയവരെല്ലാം സീറ്റിൽ തന്നെ ഇരുന്നു. ബാക്കി തനിയെ ചെയ്തോളാം  എന്ന് പറഞ്ഞു തനു ചാടി കളിച്ചു  പോകുമ്പോൾ ഞാൻ കണ്ടൂ കുറച്ച് മുൻപ് വരെ വിഷാദത്തിൽ ആയിരുന്ന മറ്റു രണ്ടു കണ്ണുകൾ ഇപ്പോൾ  തിളങ്ങുന്നത് ... ആരുടെ ആണന്നല്ലെ, ആദിത്യന്റേ.
ആ കഥയിലേക്ക് കടക്കും മുൻപ് ഞാൻ മറ്റൊരു അലർച്ച കേട്ടു.

"ടപ്പേ.. ടപ്പേ... ആ ... എടാ.."

എന്റെ ഈശ്വര പണികിട്ടി. അവിടെ രണ്ടു ഗുണ്ടാ നേതാക്കൾ ഏറ്റുമുട്ടി കഴിഞ്ഞു.

"What's going on?
"Ma'am, ഇവൻ എന്നെ ഇടിച്ചു.

ഒന്നാം നമ്പർ റൗഡിയായ ആസിഫിന്റെ നേരെ വിരൽ ചൂണ്ടി സിനാൻ പറഞ്ഞു.

"He also.."

ആസിഫും വിട്ടുകൊടുത്തില്ല. സിനാന്റെ ഷിർട്ടിൽ നിന്നുള്ള പിടിവിടാതെ അവൻ തുടർന്നു.

" ആദ്യം അവനാണ് ഇടിച്ചത്.

രണ്ടു പക്ഷവും ചേരാനായി കാരാൾപടകൾ സീറ്റിൽ നിന്നും പൊങ്ങി തുടങ്ങി വാദിച്ചു.
"ശരി ആണ് ma'am , ഞാൻ കണ്ടതാ.
" ആസിഫ് സിനാനെ കുനിച്ചിട്ട്‌ ഇടിച്ചു"

കാര്യങ്ങൾ  വ്യക്തമായി കാണാത്തത് കൊണ്ട് ചില വൃകൃതികൾ  ബെഞ്ചിന്റെ മുകളിലേക്ക് കയറി നിന്നു. സ്ഥലത്തെത്തി കാര്യം തിരക്കാൻ ചില നേതാക്കളും മുന്നിട്ടിറങ്ങി.

ഞാൻ എന്ന അവതാരം മുന്നിലുള്ളത് പോലും ശ്രദ്ധിക്കാതെ ഷിർട്ടിൽ  കുത്തി പിടിച്ചു നിൽക്കുന്ന മഹാവീരൻമാർ എന്നിലെ ടീച്ചറിനെ കുറച്ചൊന്നുമല്ല ചൊടിപ്പിച്ചത്. ഈ സമയത്താണ് എന്റെ സഹപ്രവർത്തക എന്തൊക്കെയോ ആംഗ്യങ്ങൾ കാണിച്ചുകൊണ്ട് അതിലൂടെ കടന്നു പോയത്. ആംഗ്യഭാഷ്യയിൽ  ഉൾപ്പെടാത്ത ആംഗ്യങ്ങൾ ആണെങ്കിലും അവർ പറയാൻ ഉദേശിച്ചത്‌ എനിക്ക് മനസ്സിലായി .... പ്രിൻസിപ്പാൾ വരുന്നുണ്ട്. ഇപ്പോഴെങ്ങാനും ആ പ്രിൻസിപ്പാൾ ഇത് വഴി വന്നാൽ എന്നെ നിർത്തി 'ക്ലാസ് മാനേജ്മെന്റ്' പഠിപ്പിക്കും. ഓ ...ആലോചിക്കാൻ കൂടി വയ്യാ... എന്റെ സകല കണ്ട്രോളും പോയെന്ന് പറയണ്ടല്ലോ. പാറമേൽ കല്ലുരക്കുന്ന ശബ്ദത്തിൽ  ഞാൻ അലറി...

" All of you go to your seat. Be quite and do the work assigned .. .

അലർച്ച കേട്ടപാടെ കൂടിനിന്നവർ ചിതറിയോടി സീറ്റിൽ ഇരുന്നു. ഞാൻ നോക്കുമ്പോഴുണ്ട് ഒരുത്തൻ മാത്രം അവിടെ പരുങ്ങി നിൽക്കുന്നു. രൂക്ഷമായി അവനെ ഞാൻ ഒന്ന് നോക്കി.രക്ഷയില്ല, അവൻ നിൽപ്പ് തുടർന്നു .

" തന്നോടു ഞാൻ ഇനി സ്പെഷ്യൽ ആയി പറയണോ . go to your seat.
"Ma'am...
 "What do you want?
"Ma'am,may I go to toilet?

ഓ... അവനു ടോയ്‌ലറ്റിൽ പോകാൻ കണ്ട നേരം. പ്രശ്നം എന്താണെന്ന് വെച്ചാൽ ഒരുത്തനെ വിട്ടാൽ മാലപടക്കം പോലെ കുറെയെണ്ണം പുറകേവരും. കൊറോണ വൈറസിനേക്കാൾ വേഗത്തിൽ വ്യാപിക്കുന്ന ഒന്നാണ് ഇവിടെ മൂത്രശങ്ക... 

"Not now,go to your seat.after this period you can go."
"Ma'am, its very urgent... Please ma'am...

മുഖത്ത് എന്തൊക്കെയോ ഭാവങ്ങൾ. ഇവനെന്താ ജഗതിയെ പോലെ പുതിയ രസങ്ങൾ ആവിഷ്കരിക്കുകയാണോ.., (ഇപ്പൊ ടാങ്ക് പൊട്ടും എന്ന ഭാവം...)കാലുകൾ ഒന്നിനുമേൽ ഒന്നായി വച്ച് ധൃതംഗപുളകിതനായി  അവൻ പറഞ്ഞു...

"Ma'am please...
"പോടോ...

ലോട്ടറി അടിച്ച സന്തോഷത്തിൽ അവൻ ഓടി... ഞാൻ ഒരു മുൻകരുതൽ എടുത്തു.

"ഇനി ആരും പെർമിഷൻ ചോദിച്ചു വരണ്ട. ഞാൻ വിടില്ല. 

എന്നിട്ടും  ഇടയിൽ ചില കൈകൾ ഉയർന്നു വന്നു.

"Sit there...

എന്നിട്ടും  ഒരു കൈ...

" എന്താടോ
" May I drink water..?

ഞാൻ മൗനം പാലിച്ചു. വെള്ളം കുടി മുട്ടി എന്ന് മനസിലാക്കി അവൻ ഇരുന്നു. എന്തോ മനസനുവദിച്ചില്ല .

"Have some water.  ബാക്കിയുള്ളവർ ആൻസർ വേഗം കണ്ടുപിടിക്ക് .
"Ma'am... , Malayalam

ആരാ എന്നറിയാലോ ... നമ്മുടെ ഇവാൻ

"Evan, do your work. Don't be a busybody...ok

ആ ഡയലോഗിൽ ഇവാൻ ഒന്ന് അടങ്ങിയെന്ന് തോന്നിയപ്പോൾ ഞാൻ എന്റെ ഗുണ്ടാ നേതാക്കളെ നോക്കി. 'ഞാൻ ഒന്നും അറിഞ്ഞില്ലേ രാമാരായണ' എന്ന ഭാവമാണ് രണ്ടിനും...

"Ok tell me . What's the matter? Why did you quarrel?
"ഇവനെന്‍റെ ബുക്കിൽ കുത്തി വരച്ചു.
"Asif, did you?
"yes
"Why?
" Ma'am  അവനു സ്റ്റാർ കൊടുത്തോ?
"Yes, so what?
"അതും കാണിച്ച് അവൻ എന്നെ കളിയാക്കി...
"No ma'am, I didn't.
"Yes ma'am , He did .
"ഞാൻ എനിക്ക് സ്റ്റാർ കിട്ടി, സ്റ്റാർ കിട്ടി എന്ന്  മാത്രം പറഞ്ഞുള്ളൂ...
"ആ പറഞ്ഞില്ലേ, എനിക്ക് കിട്ടിയില്ലല്ലോ, അതല്ലേ ഞാൻ കുത്തി വരച്ചത്..
"രണ്ടും  ഭാവിയിൽ lawyer ആകാനുള്ള ചാൻസ് കാണുന്നുണ്ട്.
"ഇല്ല maam, എനിക്കു പോലീസ് ആയ മതി- ആസിഫ്
"ഇതാണ് സ്വഭാവം എങ്കിൽ നീ എന്നും പോലീസ് സ്റ്റേഷനിൽ തന്നെ ആകും.
പോലീസ് ആയാലും lawyer ആയാലും ആരെയും വെറുതെ ഉപദ്രവിക്കാൻ ഒന്നും പാടില്ല
"വെറുതെ അല്ലല്ലോ, Ma'am അവനു സ്റ്റാർ  കൊടുത്തിട്ടല്ലെ.

 അപ്പോ സ്റ്റാർ ആണ് പ്രശ്നം. പ്രഥമ ദൃഷ്ടിയാൽ കുറ്റക്കാരി ഞാൻ ആണ്. സ്റ്റാർ വരുത്തി വച്ച വിന.

"നിനക്കു സ്റ്റാർ വേണമെങ്കിൽ ആ പ്രോബ്ലം solve ചെയ്തത് കാട്ടണം. അല്ലാതെ അവന്റെ ബുക്കിൽ കുത്തി വരക്കുകയല്ല വേണ്ടത്.

കൈ രണ്ടും പുറകിൽ കെട്ടി ആസിഫ് അവിടെ നിന്ന് ആടി...സിനാന്‌ സന്തോഷം ആയി. ആസിഫിന് ഇപ്പൊ അടി കിട്ടും.

"Sinan, if he did any mistake you have to inform that to me.You are not allowed to beat him.

പണി തനിക്കും കിട്ടും എന്ന് മനസ്സിലാക്കിയ അന്താളിപ്പ്‌ അവന്റെ മുഖത്തും. കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണ് എന്ന് മനസിലാക്കികൊണ്ടാകാം അൽന അവളുടെ long scale എടുത്ത് ടേബിളിൽ വെച്ചു. ബാക്ക് ഗ്രൗണ്ടിൽ ചില സംഗീത കച്ചേരികൾ ഉയർന്നു വന്നു.

"ടപ്പ് ടപ്പ്  ടപ്പ്‌ ടപ്പ്...
ചുമ്മാ നിൽക്കുമ്പോൾ വഴക്കടിക്കുന്ന 
തെമ്മാടി ചില ചെറുക്കന്മാർക്കു  
മിഠായി, ചൂടുമിഠായി  കൊട് അടിമുടി
വയറെരിഞ്ഞ് കത്തണ മിഠായി
ടപ്പ് ടപ്പ് ടപ്പ് ടപ്പ്....

സന്ദർഭോചിതമായി ഇത്തരം ഗാനങ്ങൾ അവതരിപ്പിക്കാൻ കഴിവുള്ള ഒരു കൊച്ചു ഗായക സംഘം ക്ലാസ്സിൽ ഉണ്ട്. ആസിഫ് ആണ് ആ സംഘത്തിന്റെ നേതാവ്. കഴിഞ്ഞ ദിവസം 'The Milkman and his cow' എന്ന ചാപ്റ്റർ എടുത്തപ്പോൾ അവൻ പാടിയത് 'പാൽക്കാരി പെണ്ണേ, പാലൊന്നു തായോ' എന്നാണ്. ഇപ്പോൾ നേതാവിന് വേണ്ടി മറ്റുള്ളവർ ആലപിക്കുകയാണ്. ഞാൻ എന്റെ ആയുധം കൈയിലെടുത്തു. ചൂരൽ അല്ലട്ടോ. അൽന നേരത്തെ ടേബിളിൽ വച്ച long scale. ചൂരൽ നിരോധിച്ചതിൽ പിന്നെ അധ്യാപകരുടെ official weapon ഇതാണ്. ഞാൻ ഒന്നും പറയാതെ തന്നെ അവർ കൈ നീട്ടി. ഒരു കുഞ്ഞ് അടി കൊടുക്കാതെ മാർഗമില്ല.അല്ലെങ്കിൽ   ഇവർക്ക് തോന്നും തല്ലുപിടിച്ചാലും കുഴപ്പമില്ലെന്ന്. ഇടയ്ക്ക് ഓരോന്ന് കിട്ടിയില്ലേൽ എന്റെ മക്കൾ നന്നാവില്ല. എന്നാലും ഈ കുഞ്ഞി കൈകളിൽ അടിക്കുമ്പോൾ ഉള്ളിൽ ഒരു സങ്കടം ഇല്ലാതില്ലാ.
ആദ്യം കൊടുത്തത് സിനാനാണ്. അടി കിട്ടിയ ഉടനെ അവൻ അവിടെ നിന്നും പുളഞ്ഞു. ആസിഫ് പാട്ടും ഇട്ടു കൊടുത്തു.

" തോം തോം തോം...

പിന്നാലെ ആസിഫിനും.

"കണ്ണീർ കായലിൽ ഏതോ...
"എടാ...
"എന്താണ് Ma'am, ഇപ്പൊ ഞാൻ ഒന്നും ചെയ്തില്ലല്ലോ.

കൈമലർത്തി ദയനീയ ഭാവത്തിൽ അവൻ. സത്യത്തിൽ ചിരി വന്നെങ്കിലും സാഹചര്യത്തിന്റെ ഗൗരവം കൈവിടാതിരിക്കാൻ ഞാൻ ചിരിച്ചില്ല. ടോയ്‌ലറ്റിൽ പോയ കക്ഷി തിരിച്ചു വന്നു. ചോദ്യം പറച്ചിലും ഒന്നും ഇല്ല. അവനോടി  സീറ്റിൽ ചെന്നിരുന്നു. പെട്ടെന്ന് എന്തോ ഓർത്തതു പോലെ എഴുന്നേറ്റു, എന്നിട്ടൊരു ചോദ്യം,

"Ma'am,may I come in?
"ഹാ .. ബെസ്സ്, നീ എന്തു പൊട്ടനാട...

തല്ലു ഒന്ന് വാങ്ങിയിട്ടും ആസിഫിനു റസ്റ്റ്  എടുക്കാൻ ഉദേശ്യം ഇല്ല.

"Asif, be careful with your words, and you ... ask permission before entering to the class.

തിരികെ സീറ്റിൽ ചെന്ന് ബുക്ക് കറക്റ്റ് ചെയ്യാൻ എടുത്തപ്പോഴേക്കും ...

"ഇത് കണ്ടോ Ma'am.." ഫിദയാണ്.

ഇതെന്താണാവോ  അടുത്ത കുരിശ്? ഫിദ സ്വല്പം ഗൗരവക്കാരിയാണ്. പഠിക്കാനും പാടാനും ആടാനും ഒക്കെ അവൾ മുൻപിലാണ്. നീട്ടിപ്പിടിച്ച പേപ്പറും ആയി കക്ഷി നിൽക്കുകയാണ്.

"രാഹുൽ തന്നതാണ്.

ഞാൻ ആ പേപ്പർ വാങ്ങി തുറന്ന് നോക്കുന്നതിനിടയിൽ രാഹുലിന്റെ സീറ്റിലേക്ക് നോക്കി. ആളെ അവിടെ കാണാനില്ല. സന്ദീപ് ഇരുന്നു പരുങ്ങുന്നുണ്ട്. വളരെ മനോഹരമായി പൂക്കളൊക്കെ വരച്ച് കളർ ചെയ്തിട്ടുണ്ട്. ഇതിലെന്താ കുഴപ്പം? ഇതേത് പൂവാണ് ഹെർട്ടിന്റെ ഷെയ്പ്പിൽ ... ദൈവമേ... love letter. അപ്പോൾ ഇതാണ് ഫിദയുടെ ദേഷ്യത്തിന് കാരണം. പ്രശ്നം എങ്ങനെ തീർക്കും എന്ന കൺഫ്യൂഷനിലായി ഞാൻ. അവളുടെ അമ്മയും ഇതേ സ്കൂളിലെ അധ്യാപികയാണ്. മകൾക്ക് കിട്ടിയ ലൗ ലെറ്റർ അവരുടെ മാതൃവാത്സല്യത്തെ ചൊടിപ്പിച്ചാൽ പണി പാളും. വളരെ വിശദമായ പരിശോധന  ആ ലെറ്ററിൽ ഞാൻ നടത്തി. മനോഹരമായി വരച്ചു കളർ ചെയ്തിട്ടുണ്ട്. ഏതായാലും വരക്കാൻ അറിയാം.  കളറിംഗ് കുറച്ച് ശ്രദ്ധിക്കാമായിരുന്നൂ. പലയിടങ്ങളിലായി ലൗ എന്ന് എഴുതിയിരിക്കുന്നു. സ്പെല്ലിംഗ് mistake ഒന്നും ഇല്ല, കറക്റ്റ് ആയി എഴുതിയിട്ടുണ്ട്. ടീച്ചർ അല്ലേ, അതും കൂടി പരിഗണിക്കമല്ലോ. മധ്യഭാഗത്തായി എന്താണ് എഴുതിയിരിക്കുന്നത്???

We love you Fidha.... Love you...
             By Rahul and Sandeep
(ഒന്നാം ക്ലാസുകാരുടെ ലൗ ലെറ്ററിൽ നിന്നും ഇതിൽ കൂടുതൽ പ്രതീക്ഷിക്കണ്ട, വികാരങ്ങളെ അക്ഷരങ്ങളുടെ കൂട്ട് പിടിച്ചു പ്രതിഫലിപ്പിക്കാൻ അവർ വളർന്നിട്ടില്ലല്ലോ...)
'സന്ദീപ് നീയും ഈ ചതിയിൽ പങ്കാളി ആയിരുന്നോ?', ഞാൻ അവനെ നോക്കി. Colgate പരസ്യത്തെ തോൽപ്പിക്കും വിധം അവൻ ഒരു ചിരി പാസാക്കി. എന്നാലും ഇതെന്താ we love you. എന്റെ ചിന്ത അതാണ്. ഞാൻ ഒന്നുടെ സന്ദീപിനെ നോക്കി. നോട്ടത്തിന്റെ അർത്ഥം മനസ്സിലാക്കി അവൻ എഴുനേറ്റു വന്നു. എന്നാലും ഈ ഒന്നാം പ്രതി രാഹുൽ എവിടെ?  

"What's this sandeep?
"Love letter.

മറുപടി  ഉടനെ വന്നു.പാഠഭാഗത്ത് നിന്നും എന്തെങ്കിലും ചോദിച്ചാൽ വായ തുറക്കാത്ത സാധനം ആണ്‌. ഇപ്പോൾ ഇത്ര പെട്ടെന്ന് മറുപടി പറഞ്ഞത്.
ആസിഫ് പാടി തുടങ്ങി...

"ലൗ ലൗ ലൗ ലെററർ...

പക്ഷേ എന്റെ നോട്ടത്തിൽ അതു ഒതുങ്ങി.

"എന്താ  ഈ we love you..
"ആആഹ്...അത് എനിക്ക് ഫിദയെ ഇഷ്ട എന്ന് പറഞ്ഞപ്പോ രാഹുൽ പറഞ്ഞു അവനും ഇഷ്ടാന്ന്... 
"ഇതാരാ എഴുതിയത്? നീയാണോ രാഹുലാണോ?
"രണ്ടു പേരും...
"ങ്ങേ?
"ഞാൻ ആണ് വരച്ചത്, എഴുതീത് അവനാ.
"അതെന്താ അവൻ എഴുതിയത്. നിനക്ക് എഴുതാൻ അറിയില്ലേ?
"ഞാൻ എഴുതി കൊടുക്കും എന്നു പറഞ്ഞപ്പോ അവന് പറഞ്ഞ് എന്റെ hand writing കൊള്ളൂലാന്ന്...

Best friend, കൂട്ടുകാരന്റെ പ്രണയത്തിന് അവൻ ഇപ്പോഴേ ആപ് വച്ച്!

"എന്നിട്ട് അവൻ എവിടെ?
"അവിടിണ്ട്.

ഞാൻ പതുക്കെ എഴുന്നേറ്റു. രാഹുലിന്റെ ബെഞ്ചിൽ ഇരിക്കുന്ന മറ്റു കുട്ടികൾ താഴെ നോക്കിയിരുന്നു ചിരിക്കുന്ന കണ്ടപ്പോഴേ എനിക്ക് കാര്യം മനസ്സിലായി.  പതുക്കെ ചെന്ന് ചെവിയിൽ പിടിച്ചു ഞാൻ. 

" Ma'am, njan വരാം.. 
"നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു...

ആസിഫും ടീമും പാട്ട് തുടങ്ങി...

"ആസിഫ്...
"നിർത്തി... ഞാൻ നിർത്തി...

 അവൻ ഒതുങ്ങി.

രാഹുൽ എഴുന്നേറ്റു വന്നപ്പോൾ കൈയിൽ സ്നാക്ക് ബോക്സും ഉണ്ട്, മുഖത്ത് കഴിച്ച ഭക്ഷണത്തിന്റെ അവശിഷ്ടം . ഇത് സ്‌നാക് ബ്രേക്ക് അല്ലല്ലോ.  നയന എന്തോ ആലോചിച്ച പോലെ ഉടനെ ബാഗിൽ തപ്പി, കരച്ചിൽ പുറകെ വന്നു.

"എന്റെ സ്നാക്ക്സ്...
" രാഹുൽ...

എന്റെ ശബ്ദം ദയനീയമായിരുന്നു.

"വിശകണ് Ma'am..
"അതിന് അവളുടെ സ്നാക്ക്സ് കഴിക്കണോ?
"ഞാൻ കൊണ്ടു വരാൻ മറന്നു... പിന്നെ മാം പറഞ്ഞിട്ടുണ്ടല്ലോ, sharing is a good habit എന്ന്.

ഇവിടെയും പ്രതി ഞാൻ തന്നെ.

"ഇതിപ്പോ നീ അവളുടെ permission ഇല്ലാതെ അല്ലേ രാഹുൽ എടുത്തത്.
"ആ മാം, ഞാൻ മര്യാദക്ക് ചോദിച്ചതാണ്, അവള് തന്നില്ല. Bad girl....

 അപ്പോ ഇവനാര്? മര്യാദരാമനോ?..
നയനയുടെ കരച്ചിലിന്റെ ശബ്ദം കൂടി കൂടി വരുന്നു.

"എന്റെ മോളെ കരയാതെ , ഇന്ന് സ്നാക്ക്സ് ക്യാന്റീനിൽ നിന്നും ഞാൻ വാങ്ങി തരാം.

സ്വിച്ച്‌ ഇട്ടത് പോലെ ദാ കരച്ചിൽ നിന്നു.

" എനിക്കും വാങ്ങി തരോ?

അതിന്റെ ഇടയിൽ ഒരു അശരീരി.. ശ്രദ്ധിക്കാൻ പോയില്ല. പിന്നെ പണി പതിനാറിന്റെ ആവും.

"മാം ഏതായാലും അവൾക്ക് വാങ്ങിക്കോലോ, അപ്പോ ഞാൻ ഇത് തീർത്തോട്ടെ_ രാഹുൽ.

ചോദ്യം ചോദിച്ചെങ്കിലും മറുപടിക്ക് അവൻ കാത്തു നിന്നില്ല. അവൻ സമയത്തിന് വില കൽപ്പിക്കുന്ന കൂട്ടത്തിൽ ആണ്. ബാക്കിയുള്ളത് കൂടി തീർക്കാനുളള യഞ്ജത്തിൽ അവൻ ഏർപ്പെട്ടു.

"രണ്ടെണ്ണോം ലഞ്ച് ബ്രേക്കിനു
 സ്റ്റാഫ് റൂമിൽ ഉണ്ടാവണം.കേട്ടല്ലോ...

പറഞ്ഞു തീർന്നതും പാട്ട് മുഴങ്ങി...

" കൊട്ടേം വട്ടീം കൊണ്ടെ പൊയ്ക്കോ
വാരി കൂട്ടാം മിട്ടായി...
കിട്ടും മിട്ടായി...

ക്ലാസ്സിൽ ആകെ ഒരു കൂട്ട ചിരി ഉയർന്നു.

"Keep quiet...

ഈ പ്രശ്നം എങ്ങനെ പരിഹരിക്കും എന്ന് ആലോചിക്കാൻ ഇപ്പൊ ഉച്ച വരെ സമയമുണ്ട്.ഇനി ഏതായാലും ഇരുന്നു കൊണ്ടുള്ള correction വേണ്ട. കൈയിൽ ഒരു ബുക്ക് പിടിച്ചു ബഞ്ചുകൾക്കിടയിലൂടെ ഞാൻ നടന്നു.   ആദിത്യൻ എന്തോ പടം വരയ്ക്കുന്നുണ്ട്. പഠിക്കാൻ മിടുക്കനാണ്, ബോർഡിൽ കൊടുത്തിരുന്ന ചോദ്യങ്ങൾക്കെല്ലാം ഉത്തരം കണ്ടുപിടിച്ച് സ്റ്റാർ വാങ്ങിയ ശേഷം ആണ് ഈ കലാപരിപാടി. എന്താണ് അവൻ വരക്കുന്നത് എന്നറിയാൻ ഞാൻ നോക്കി. അതോടെ അവൻ വര നിർത്തി, പുസ്തകം രണ്ടു കൈ കൊണ്ടും പൊത്തി പിടിച്ചു. മുഖത്ത് ഒരു ദുഃഖഭാവം വരുത്തി ഞാൻ വീണ്ടും നടന്നു. പെട്ടെന്ന് അവനെന്റെ സാരിത്തുമ്പിൽ പിടിച്ചു വലിച്ചു.

"Ma'am..
"Yes
"Don't you want to see the picture.
"Yes, I want. But you are not showing .
"I will, but sit here..its a secret.

ബെഞ്ചിന്റെ അരികിലായി സ്ഥലം ഒഴിച്ചിട്ട്‌ ആദി പറഞ്ഞു. ബെഞ്ചിൽ ഞാൻ ഇരുന്നതോടെ ചില കുസൃതികുടുക്കകൾ എന്റെ സാരിയിലും മുടിയിലും കമ്മലിലും പിടിച്ച് കളി തുടങ്ങി. ഇക്കാര്യത്തിൽ ഇവിടെ ആൺ പെൺ വ്യത്യാസമൊന്നും ഇല്ല.
ആദിക്കാണെങ്കിൽ ഒന്നും പറയാൻ പറ്റാത്ത സങ്കടം. ബുക്ക് അടച്ചു വെച്ച് അവൻ മറ്റെവിടെയോ നോക്കി നിന്നു. കൂടി നിന്നവരെ അനുനയിപ്പിച്ച് പറഞ്ഞയച്ചു ഞാൻ ആദിയുടെ തലയിൽ തഴുകി കൊണ്ടു ചോദിച്ചു (വഴക്ക് പറയാൻ പറ്റില്ല, ഞാനും ഇങ്ങനെ ഒക്കെ തന്നെയായിരുന്നു.)

"എന്താടാ ബുജി?

ഞാൻ ഇടയ്ക്ക് അവനെ അങ്ങനെ വിളിക്കാറുണ്ട്. ചിലപ്പോഴെല്ലാം അവൻ കവിളുകൾ വീർപ്പിച്ചു പിടിച്ചു ഇരു ചെവികളും വലിച്ചു പിടിച്ചു കുരങ്ങനെ അനുസ്മരിക്കും വിധം കണ്ണുരുട്ടി കാണിക്കും. കുരങ്ങൻ ഇവിടെ അൺപാർലിമെന്ററി വേഡ് ആയത് കൊണ്ട് ഞാൻ ബുജി എന്ന് വിളിക്കും.

"അതേയ്..
"Mm..
"I want to say one thing.

അപ്പോൾ പടം വരച്ചത് കാട്ടനല്ല വിളിച്ചുവരുത്തിയത്. പതിവില്ലാത്ത ഭാവങ്ങൾ അവന്റെ മുഖത്ത് മിന്നിമാഞ്ഞു. നവരസങ്ങളിൽ ഏത് ഭാവമാണ് ഇതെന്ന്  ഞാൻ ആലോചിക്കുന്നതിനിടയിൽ അവൻ പറഞ്ഞു,

"അല്ലെങ്കിൽ വേണ്ട, nothing ma'am.

വിളിച്ചിരുത്തിയിട്ട് സദ്യയില്ലെന്നോ. ഈ മറുപടിയിൽ അൽപ്പം പന്തികേട് തോന്നാതിരുന്നില്ല. അവൻ പടം വരച്ചുകൊണ്ടിരുന്ന പുസ്തകം എടുത്ത് ഞാൻ പേജുകൾ മറിച്ചു.

" Please,ma'am നോട് പറയെടാ.
"അതേയ്,അതേയ് ...എനിക്ക് ഒരാളെ ഇഷ്ട്ടാണ്. 
"അതിനെന്താ? ഇഷ്ടപ്പെടുന്നത് നല്ലകാര്യം അല്ലേ. നമ്മൾ എല്ലാവരെയും സ്നേഹിക്കണം.
"ആ ഇഷ്ട്ടല്ല...
"പിന്നെ ഏത് ഇഷ്ടം????
"മറ്റേ ഇഷ്ടം..
"What?
"കല്യാണം കഴിക്കണ ഇഷ്ടം...
"ആരോട്???

അപ്പോഴേക്കും അവൻ വരച്ച് കൊണ്ടിരുന്ന പടം എന്റെ ശ്രദ്ധയിൽ പെട്ടു. ഒരാൺ കുട്ടിയെയും പെൺകുട്ടിയെയും വരക്കാനാണ് അവൻ ശ്രമിച്ചത് എന്ന് എനിക്ക് മനസിലായി. തനു എന്നും ആദിത്യനെന്നും പേര് കൊടുത്തിട്ടുണ്ട്.
ദിവസങ്ങൾക്ക് മുമ്പേ ഇവിടെ ഒരു വൈറസ് കുടിയേറിയത് ഞാൻ അറിയാതെ പോയതിൽ കുറ്റബോധം തോന്നി.  ഇവിടെ ഇതു മൂത്രശങ്ക പോലത്തെ മറ്റൊരു വികാരം ആണ്. അവനുണ്ടെങ്കിൽ എനിക്കും വേണം, അതാണ് ന്യായം.  ഇതു അറിയുന്നവർക്ക് ഒക്കെ പിന്നെ പ്രേമിക്കണം. കൊറോണ വൈറസ് സോപ്പിട്ടു കഴുകി പ്രതിരോധിക്കാം, ഇതിനു അതും നടക്കില്ല.

"തനുവോ.. ഞാൻ ചോദിച്ചു.
" Mm

'അയ്യേ' എന്നൊരു ശബ്ദം എവിടെ നിന്നോക്കെയോ ഒഴുകിയെത്തി. തനുവിന്റെ ഭാവമാറ്റങ്ങൾ ഇവനെ ബാധിച്ച കാര്യം ഇപ്പോൾ മനസ്സിലായി. 'ആദി, നീയും'... രണ്ടു കാമുകന്മാരെ എങ്ങനെ മനസിലാക്കി കൊടുക്കും  എന്ന് ചിന്തിച്ചിരുന്ന എന്റെ മുൻപിലേക്ക് ഇതാ മൂന്നാമൻ. 

" അതെന്താ തനുവിനോട് പ്രത്യേക ഇഷ്ടം?
"അവള് നല്ല വെളുത്തിട്ടല്ലെ.പിന്നെ...

വെളുപ്പാണ് അപ്പോൾ ഇവനെ സംബന്ധിച്ച് സൗന്ദര്യ ലക്ഷണം.

"പിന്നെ..?
"Maam, അവളുടെ കണ്ണ് നോക്കിയോ , എന്ത് ഭംഗിയാണ്.
"ആദി... 

 എടാ ജാംഗോ.. നീ അറിഞ്ഞ? ഞാൻ പെട്ടു, എന്ന സിനിമ ഡയലോഗ് ആലോചിച്ചു കൊണ്ടിരിക്കുമ്പോൾ ആണ് ആ പാട്ട് ഞാൻ കേട്ടത്.

" മറിയന്റെമ്മെടെ ആട്ടിൻകുട്ടി
മറിയന്റെമ്മെടെ സോപ്പും പെട്ടി.
"ആസിഫ്... 
എന്റെ ശബ്ദം കുറച്ച് കൂടുതൽ ആയിരുന്നു.

"ഇല്ല മാം, ഒന്നും ഇല്ല...
"എന്തില്ലാന്ന്?
"ഞാൻ ഒന്നും ചെയ്തില്ല.ഞാൻ ദേ ...ഈ ആട്ടിൻകുട്ടിയെ ആണ്  വിളിച്ചത്.

പുസ്തകത്തിന്റെ   കവറിൽ ഉള്ള പിക്ചർ കാട്ടി അവൻ പറഞ്ഞു. ഒരു ആടിന്റെ പടം, അതിന് മീശയും താടിയും ഒക്കെ നമ്മുടെ കലാകാരൻ വരച്ചിട്ടുണ്ട്. അതു കണ്ടപ്പോൾ ആദി വരച്ച പടം ഞാൻ ഒന്നു നോക്കി... . കിട്ടിപോയ്..  ഒന്നല്ല, രണ്ടല്ല, ഒരായിരം ലഡ്ഡു മനസ്സിൽ പൊട്ടി... ആസിഫ് നീ എന്റെ മുത്താണെട..

"ഇഷ്ടപ്പെടുന്നത് ഒക്കെ നല്ലതാ.but തനൂന് നിന്നെ ഇഷ്ട്ടാണോ?

അവൻ നിഷേധ അർത്ഥത്തിൽ തലയാട്ടി. ഹാവൂ രക്ഷപെട്ടു, അപ്പോ ഈ ഐഡിയ ഏൽക്കും.

"അതെന്താണെന്നു അറിയോ?
അവൾക്ക് മീശ ഉള്ളവരെ ആണ് ഇഷ്ട്ടം. അതുകൊണ്ട് തൽക്കാലം നീ അവളോട് പറയണ്ട. കുറെ വലുതായി മീശയൊക്കെ വന്നിട്ട് പറയാം. Ok...

അവന്റെ മുഖം കണ്ടപ്പോ മനസ്സിലായി പണി ഏറ്റെന്ന്... ശ്ശോ... എന്നെ കൊണ്ടു വയ്യ... അൽപ്പം വിഷമിച്ചാണെങ്കിലും അവൻ ok പറഞ്ഞു. ഒരു മാതിരി ചന്ദ്രികയെ നഷ്ട്ടപ്പെട്ട രമണന്റെ ഭാവം.... എനിക്കാണെങ്കിൽ ചിരി സഹിക്കാൻ പറ്റുന്നില്ല... ആദി വരച്ച പടത്തിലെ ആൺക്കുട്ടിക്ക്‌ മീശ ഉണ്ടായിരുന്നത് എന്റെ ഭാഗ്യം.  തൽക്കാലം ഒരു യമണ്ടൻ പ്രേമകഥക്കു തിരശ്ശീല ഇട്ട ചാരിതാർത്ഥൃത്തിൽ ഞാൻ എഴുന്നേറ്റു. (ഒരു കഥ ബാക്കിയുണ്ട് എന്ന് മറന്നിട്ടില്ല). രാവിലെ കിട്ടിയ ഒരു ചോക്ലേറ്റ് കൈയിൽ ഉണ്ടായിരുന്നു, അത് ആസിഫിനു
 കൊടുത്തു. ഇത് എന്തിന് എന്ന ഭാവത്തിൽ അവൻ എന്നെ നോക്കി. സാധാരണ ടെസ്റ്റ് പേപ്പറിൽ ഫുൾ മാർക്ക് വാങ്ങുന്നവർക്കാണ് ഞാൻ ചോക്ലേറ്റ് കൊടുക്കാറ്.

" ഇതെന്താ മാം
" ചുമ്മാ,ഇരിക്കട്ടടാ...
"Thank you ma'am.

Correction നു വേണ്ടി അടുത്ത ബുക്ക് എടുത്തപോഴേക്കും പിരീഡ് അവസാനിച്ച ബെൽ എന്റെ കാതുകളിൽ മുഴങ്ങി. നാല്പതു മിനിറ്റ് ഗോവിന്ദ... ആകെ രണ്ടു ബുക്ക് ആണ് കറക്റ്റ് ചെയ്തത്. ഉയരത്തിൽ വലിയ വ്യത്യാമൊന്നുമില്ലാതെ ആ പുസ്കതകകെട്ട്‌ എന്നെ നോക്കി ചിരിച്ചു. ബെല്ലിന്റെ ശബ്ദം കേട്ട ഉടനെ 'thank you ma'am' എന്ന ഗാനവും മുഴങ്ങി. ബോർഡിലെ ചോദ്യങ്ങൾക്ക് ഉത്തരം എഴുതി  കഴിയാത്തവർ അത് തീർത്ത് ലഞ്ച് ബ്രേക്കിനു  സബ്മിറ്റ് ചെയ്യണം എന്ന് പറഞ്ഞ് ബുക്ക് എടുത്തു ഞാൻ നടന്നു... ജാഥ പോലെ കുറച്ചുപേർ പുറകെ കൂടി.
"May I go to loo, May I drink water. ഈ വാക്കുകളെ കൊണ്ട് അന്തരീക്ഷം ശബ്ദ മുഖരിതമായി.
"Ok...
എല്ലാവരും ഹാപ്പി... ഇനി ഇവരെ അടക്കിയിരുത്താതെ പോയാൽ ശരീരത്തിലെ ഏതൊക്കെ ഭാഗങ്ങൾ ആർക്കൊക്കെ നഷ്ടപ്പെടും എന്ന് പറയാൻ പറ്റില്ല. 'ഭീകരനാണവൻ കൊടും ഭീകരൻ',ആ ഡയലോഗ് ഇവിടത്തെ ചില സന്തതികളെ ഉദേശിച്ചിട്ടുള്ളതാണ് .
ഒരുവിധം ഒതുക്കി ഇരുത്തി ഇറങ്ങിയപ്പോൾ മുൻപിൽ ആദി.

"Mm?
"Maam ,  അതില്ലേ  എന്നെ അവളുടെ അടുത്ത് ഇരുത്തോ?

ഇവനോട് ഏത് രീതിയിൽ പറഞ്ഞു കൊടുക്കും എന്ന് ആലോചിക്കാൻ സമയം ഇല്ലാത്തതിനാൽ ഞാൻ ആക്രോശിച്ചു...
" പോയിരിക്കെടോ.

ഓടിയ ഓട്ടത്തിനിടയിൽ ഒരിക്കൽ കൂടി തിരിഞ്ഞ് നിന്ന് ആദി ചോദിച്ചു, 

"മാം, ഒരു പ്രാവശ്മെങ്കിലും.
"ആദി...

പിന്നെ അവൻ നിന്നില്ല.
അടുത്ത ക്ലാസിലേക്ക് പോകാൻ ഞാൻ വേഗത്തിൽ നടന്നു. എന്റെ ചുണ്ടിന്റെ കോണുകളിൽ ഒരു പുഞ്ചിരി ഒളിപ്പിച്ചു കൊണ്ട്, ഒരു നാലാം ക്ലാസുകാരിയുടെ പ്രണയകഥ ഓർത്തപ്പോഴുള്ള പുഞ്ചിരി..
അടുത്ത നാല്പതു മിനിറ്റ് എനിക്ക് സമ്മാനിക്കാൻ പോകുന്നത് എന്താണെന്ന  ചിന്തയുമായി  ഞാൻ ക്ലാസ്സിലേക്ക് കയറി...
"Good morning ma'am
" Good morning, sit down...
അടുത്ത അങ്കത്തിനായി ഞാൻ കച്ച മുറുക്കി....

Comments

Post a Comment

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ