വീണ്ടും ഒരു കണ്ണീർകഥ



ആദ്യമായി അവൾ കരഞ്ഞത്,
പലരും കേട്ടു...
അതു ഒരു ദുഃഖത്തിൻ്റെ ശബ്ദമായിരുന്നില്ല,
ഒരു പുതിയ ജീവിതത്തിൻ്റെ ആദ്യ -
പ്രഖ്യാപനമായിരുന്നു...

ശൈശവത്തിൽ അവളുടെ ഭാഷതന്നെ
കണ്ണുനീർൻ്റേതായിരുന്നു...
വിശപ്പും ഉറക്കവും ഭയവും വേദനയും
കരച്ചിലായി മാറി...
ആ കരച്ചിൽ ഒരു പരാതിയുടേതല്ല,
അമ്മയോടുള്ള സ്നേഹമാണ്...

കുട്ടിക്കാലത്ത് കരച്ചിലിൻ്റെ ഭാവം മാറി,
കളിപ്പാട്ടത്തിനും വീണമുറിവിനും
ഇഷ്ടഭക്ഷണത്തിനും
ആഗ്രഹിച്ചത് കിട്ടാനും കരഞ്ഞു...
ചേർത്തുനിർത്തിയത്
അച്ഛനായിരുന്നു...

കുറച്ചു കൂടി വളർന്നു...
അവൾ പിന്നെയും കരഞ്ഞു...
മാതാപിതാക്കളുമായി വഴക്കിടുമ്പോൾ
തെറ്റിദ്ധരിക്കപ്പെടുമ്പോൾ
അവൾ സുഹൃത്തിനെയോ കൂടിപ്പിറപ്പിനെയോ-
ചേർത്തുപിടിച്ചു കരഞ്ഞു...

പിന്നീട് വീട് വിട്ടകന്നപ്പോഴും
പൊരുത്തപ്പെടാൻ ബുദ്ധിമുട്ടിയപ്പോഴും
ശാരീരികവും മാനസികവും ആയി മാറിയപ്പോഴും
സ്വപ്നവും ചുമതലയും പോരിലായപ്പോഴും 
അവൾ കരഞ്ഞു...
അവളുടെ ആണിൻ്റെ മാറിൽ ചേർന്ന്....

പിന്നെയും അവൾ കരഞ്ഞു...
ഉറക്കകുറവും നിരന്തരമായ ക്ഷീണവും കാരണം,
സ്വപ്നങ്ങൾ മാറ്റിവെച്ചപ്പോൾ
പിടിവാശികൾക്കുമുന്നിൽ നിസ്സഹായയായപ്പോൾ,
സ്വന്തമായി സമയം ലഭിക്കാതെ വന്നപ്പോൾ
അവൾ കരഞ്ഞു....
കുഞ്ഞിനെ ചേർത്തുപിടിച്ചുകൊണ്ട്...

എന്നാൽ ഇന്ന്, 
അവളുടെ കണ്ണുകളിൽ കണ്ണുനീർ കാണാറില്ല...
ചേർത്തുനിർത്താനും ചേർത്തുപിടിക്കാനും
അവൾ ആരെയും തേടുന്നുമില്ല...
അത് അവൾ കരയാത്തത് കൊണ്ടല്ല,
മറിച്ച്,
ഇന്ന് കരയുന്നത് കണ്ണുകളല്ല,
മനസ്സാണ്...






Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ