അടുക്കളയുടെ ലിംഗം
"What's your mom cook food? Kitchen"
LKG കാരിയായ മകൾ സ്കൂളിൽ നിന്നും വന്നശേഷം പാടി നടന്ന വാക്കുകളാണിത്. ഇന്ന് സ്കൂളിൽ പഠിപ്പിച്ചതാണ് . ചോദ്യത്തിൽ എന്തെങ്കിലും കുഴപ്പമുണ്ടോ? തെറ്റാണ്, അല്ലേ? കുട്ടിയുടെ ഉത്തരം kitchen എന്നായതുകൊണ്ട് തന്നെ ആ ഉത്തരത്തിന് ശരിയായ ചോദ്യം ," where does your mom cook food?" എന്നാണ്. അവൾ തെറ്റായ രീതിയിലാണ് ടീച്ചർ പഠിപ്പിച്ചത് മനസ്സിലാക്കിയിരിക്കുന്നത്. തിരുത്തണം , വേണ്ടേ? തീർച്ചയായും... പക്ഷേ, എൻ്റെ ആകുലതകൾ അവൾ തെറ്റിച്ചു പഠിച്ച വ്യാകരണത്തിലായിരുന്നില്ല, ആ ചോദ്യത്തിൽ തന്നെയായിരുന്നു.
Where does your mom cook food?"
എന്ന ചോദ്യം എനിക്ക് ഒരു അസ്വസ്ഥത ഉണ്ടാക്കുന്നു.
ഈ ചോദ്യത്തിൽ "your mom" എന്ന് പ്രത്യേകം പറയുന്നതിലൂടെ, പാചകം ചെയ്യുന്നത് അമ്മയുടെ ഉത്തരവാദിത്തമാണെന്നും അമ്മയുടെ സ്ഥാനം അടുക്കളയിലാണെന്നും ഒരു ധാരണ പരോക്ഷമായി സൃഷ്ടിക്കപ്പെടുന്നതായി എനിക്ക് തോന്നുന്നു.
വിവാഹശേഷമാണ് ഞാൻ പാചകത്തെ ഗൗരവമായി പഠിച്ചു തുടങ്ങിയത്. അതിന് മുമ്പ് എനിക്ക് തക്കാളിക്കറിയും ദോശയിനങ്ങളും പോലുള്ള വളരെ ചുരുക്കം വിഭവങ്ങൾ മാത്രമേ ഉണ്ടാക്കാൻ അറിയുമായിരുന്നുള്ളൂ. കാരണം, പാചകം പഠിക്കാൻ എന്റെ അമ്മ എന്നെ ഒരിക്കലും നിർബന്ധിച്ചിരുന്നില്ല.
"പെൺകുട്ടിയായാൽ പാചകം പഠിക്കണം, അത് നിന്റെ കടമയാണ്" എന്ന് അമ്മ ഒരിക്കലും പറഞ്ഞിട്ടില്ല. പകരം, "ഇപ്പോൾ നിന്റെ ജോലി പഠിക്കുകയാണ്. വീട്ടുജോലികളെക്കുറിച്ച് നീ വിഷമിക്കേണ്ട; എന്നാണ് അമ്മ പറയാറുണ്ടായിരുന്നത്.{{Remark: പാചകത്തെ പറ്റി മാത്രം ആയിരുന്നു അമ്മയുടെ ഈ ചിന്താഗതി. അതല്ലാതെ, വെട്ടം വെക്കുന്നതിന് മുൻപ് മുറ്റം തൂക്കണമെന്നും, (അത് അമ്മക്ക് ചെയ്യാൻ പറ്റാത്ത പണി ആണ്, ഇടക്കിടെ ഓപ്പറേഷൻ തിയേറ്ററിൽ കേറുന്ന ഒരു ചെറിയ ഹോബി ഉണ്ടേ)
തെറി പറഞ്ഞാലും സവിനയം കേൾക്കണമെന്നും മുടി അഴിച്ചിട്ട്ഒ നടക്കരുതെന്നും ഉള്ള "സ്ത്രീ വിരുദ്ധ നിലപാട്" അമ്മയുടെയും കൂടെപ്പിറപ്പാണ്..}}.
വിവാഹശേഷം ഞങ്ങൾ രണ്ടുപേർ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. അപ്പോൾ സ്വാഭാവികമായാണ് ഞാൻ പാചകം പഠിച്ചത്. എന്റെ ഭർത്താവിനും പാചകം അറിയാം.
അതിനാൽ, വീട്ടുജോലികളും പാചകവും സ്ത്രീയുടെ മാത്രം ഉത്തരവാദിത്തമാണെന്ന ചിന്ത എനിക്ക് ഉണ്ടായിട്ടില്ല. എനിക്ക് തോന്നുന്നത്, നാം ഭക്ഷണം കഴിക്കുന്നവരാണെങ്കിൽ, കുറഞ്ഞത് നമുക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവമെങ്കിലും സ്വയം ഉണ്ടാക്കാൻ പഠിക്കണം എന്നതാണ്. ഉദാഹരണത്തിന്, എനിക്ക് ഏറ്റവും ഇഷ്ടമുള്ള തക്കാളിക്കറി ഉണ്ടാക്കാൻ ഞാൻ പഠിച്ചു.
അതിനാൽ, ഭക്ഷണം കഴിക്കുന്ന ഓരോരുത്തരും പാചകത്തിന്റെ അടിസ്ഥാനമെങ്കിലും പഠിക്കണം എന്നാണ് എന്റെ വിശ്വാസം. ആണായാലും പെണ്ണായാലും മറ്റുള്ളവർ എപ്പോഴും നമുക്ക് ഭക്ഷണം ഉണ്ടാക്കി തരേണ്ടത് അവരുടെ കടമയാണ് എന്ന് ചിന്തിക്കുന്നത് ശരിയാണോ?
ഒരുപക്ഷേ അതുകൊണ്ടായിരിക്കാം "Where does your mom cook food?" എന്ന ചോദ്യം എന്നെ അസ്വസ്ഥയാക്കുന്നത്.
ഈ ചോദ്യത്തിൽ "your mom" എന്ന് പ്രത്യേകം എടുത്തുപറയേണ്ട ആവശ്യം എന്താണ്? അതിലൂടെ പാചകം ചെയ്യുക എന്നത് അമ്മയുടെ, അതായത് സ്ത്രീയുടെ, ഉത്തരവാദിത്തമാണെന്ന ഒരു മുൻധാരണ പ്രകടമാകുന്നതായി എനിക്ക് തോന്നുന്നു. അതിൽ ഒരുതരം അസമത്വത്തിന്റെ സൂചനയുണ്ട് എന്നൊരു തോന്നൽ എനിക്കുണ്ട്. സത്യത്തിൽ അത്തരമൊരു ചിന്ത സമൂഹത്തിന് നൽകുന്നത് സ്ത്രീകൾ തന്നെയാണ്. പ്രതേകിച്ചു ആൺമക്കളുള്ള അമ്മമാർ, ഒൻപതാം മാസം പ്രസവത്തിനായി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്യുന്ന ഡേറ്റ് ഭർത്താവിൻ്റെ അമ്മയെ വിളിച്ചു പറഞ്ഞപ്പോൾ എന്നോട് ചോദിച്ച ചോദ്യം എനിക്കോർമ്മ ഉണ്ട്," എൻ്റെ മോനു ആര് ഭക്ഷണം കൊടുക്കും." അങ്ങനെയൊരു ചിന്ത ഭർത്താവിന് ഇല്ലാത്തത് കൊണ്ട്, " എൻ്റെ പ്രിയപ്പെട്ടവനെ, നമുക്ക് സ്നേഹത്തിൽ കഴിയാം".
ഈ ചോദ്യം മനഃപൂർവം അത്തരമൊരു സന്ദേശം നൽകാനാണ് ഉദ്ദേശിച്ചതെന്ന് ഞാൻ പറയുന്നില്ല. പക്ഷേ, ഇത്തരത്തിലുള്ള ചോദ്യങ്ങൾ അറിയാതെയെങ്കിലും പരമ്പരാഗത ലിംഗപരമായ ധാരണകളെ ശക്തിപ്പെടുത്താൻ സാധ്യതയുണ്ട്.
അതുകൊണ്ടുതന്നെ, "Where do people cook in your home?" എന്നതുപോലുള്ള കൂടുതൽ ഉൾക്കൊള്ളുന്നതും മുൻവിധികളില്ലാത്തതുമായ ചോദ്യങ്ങളാണ് എനിക്ക് കൂടുതൽ അനുയോജ്യമെന്ന് തോന്നുന്നത്.
എന്നിരുന്നാലും ഈ ചോദ്യത്തിൻ്റെ അസമത്വത്തെ കുറിച്ച് എൻ്റെ മകളോട് പറയാൻ ഉദ്ദേശിച്ചിട്ടില്ല. അതൊരിക്കലും അവൾ അത് മനസ്സിലാക്കാനുള്ള പ്രായം ആകാത്തത് കൊണ്ടല്ല. ഈ ലോകത്തിൻ്റെ സത്യം അതായത് കൊണ്ടാണ്.
ഞാൻ കോളേജിൽ പഠിച്ചിരുന്ന കാലത്ത്, കോളേജ് യൂണിയൻ തിരഞ്ഞെടുപ്പിനിടെ ഒരു സ്ഥാനാർത്ഥി, പ്രചാരണത്തിന് ഇടയിൽ ഞങ്ങളോട് എഴുന്നേറ്റ് നിന്ന് ഒരു കൈ മുന്നോട്ട് നീട്ടാൻ ആവശ്യപ്പെട്ടു. (" കെമിസ്ട്രി" എന്ന മലയാളം സിനിമയിലെ അനന്തു എന്ന വേഷം ചെയ്ത ബിപിൻ ആയിരുന്നു ആ സ്ഥാനാർഥി). കുട്ടിക്കാലം മുതലേ കൈ മുന്നോട്ട് നീട്ടി പ്രതിഞ്ജ ചൊല്ലുന്ന ശീലമുള്ളത് കൊണ്ടാവണം ഓഡിറ്റോറിത്തിലെ ഞാൻ അടക്കം എല്ലാവരും എഴുന്നേറ്റു കൈ മുന്നോട്ട് നീട്ടി പിടിച്ചു. പിന്നീട് ബിപിൻ ആവശ്യപ്പെട്ടത് ഒരടി വലുത് ഭാഗത്തോട്ട് നീങ്ങി നിൽക്കാനാണ്.' എന്തിന്? ഏതിനു? എന്ന ചോദ്യങ്ങളൊന്നും ഇല്ലാതെ അതും അനുസരിച്ചു.
പിന്നീട് അദ്ദേഹം പറഞ്ഞു, ഒരു വാക്കു കൊണ്ട് ഞാൻ ഒറ്റക്ക് വലിയൊരു മാറ്റം സൃഷ്ടിച്ചു... എനിക്കു നിങ്ങളെ എഴുന്നേൽപ്പിച്ചു നിർത്താൻ സാധിച്ചു... നിങ്ങളുടെ വലതു കൈ മുന്നോട്ട് നീട്ടാൻ സാധിച്ചു. ഒരടി വലത്തേക്ക് മാറ്റി നിർത്താനും എനിക്ക് കഴിഞ്ഞു. അപ്പോൾ നമ്മളൊരുമിച്ചാൽ പലതും ചെയ്യാൻ കഴിയും"
അന്നത്തെ ഇരുപത് വയസ്സുള്ള ഒരു പെൺകുട്ടിയെ കൈയടിപ്പിക്കാൻ ആ വാക്കുകൾ മതിയായിരുന്നു. പക്ഷേ, എന്റെ വാക്കുകൾ കൊണ്ടോ എന്റെ ചിന്തകൾ കൊണ്ടോ മാത്രം ഈ ലോകത്തെ മാറ്റിമറിക്കാൻ എനിക്ക് കഴിയും എന്ന് ഇന്ന് ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഒരാൾ വിചാരിച്ചാൽ സമൂഹത്തിൻ്റെ ചിന്താഗതിയെ മാറ്റാൻ കഴിയും എന്ന് വിചാരിക്കുന്ന കോളേജ് യൂണിയൻ നേതാവിൻ്റെ പ്രസംഗത്തിൽ കോരിത്തരിച്ച ഇരുപതുകാരി അല്ല ഞാൻ , യഥാർത്ഥത്തെ തിരിച്ചറിയുന്ന മുപ്പതുകളാണ് എൻ്റെ പ്രായം ...
"ജയ ജയ ജയ ഹേ " എന്ന സിനിമയിൽ ബേസിൽ ജോസഫ് അഭിനയിച്ച രാജേഷ് എന്ന കഥാപാത്രം പറയുന്നത് പോലെ, സ്ത്രീക്ക് ആവശ്യമുള്ളത് , അനുസരണ, പാചകം, കൈപ്പുണ്യം എന്നതൊക്കെയാണ് എന്ന് ഉറച്ചു വിശ്വസിക്കുന്ന മൂഡ സമൂഹത്തിലേക്ക് തന്നെയാണ് എൻ്റെ മകളും നാളെ ഇറങ്ങി ചെല്ലാൻ പോകുന്നത്. "പാചകം അറിയുന്നത് മനുഷ്യൻ്റെ കഴിവാണ്, സ്ത്രീയുടെ ബാധ്യത അല്ല എന്ന് തിരിച്ചറിയുന്ന ലോകം ഇനിയും വിദൂരമാണ്. അതെ , ഞാനും അവളെ പഠിപ്പിക്കുകയാണ് " "where does your mom cook food? " എന്നതിൻ്റെ ഉത്തരം . ഞാൻ പറഞ്ഞില്ലെങ്കിലും അവൾ മനസ്സിലാക്കട്ടെ, " അടുക്കള , പെണ്ണിന് വേണ്ടി മാത്രം ഉള്ളതാണെന്ന സത്യമല്ലാത്ത സത്യം...."
Comments
Post a Comment