ഓർമകളെ തേടി...
ഓർമകൾക്കില്ല ചാവും ചിതയും
ഊന്നുകോലും ജരാനരാദുഃഖവും...
- വിജയലക്ഷ്മി
ഈ അടുത്തകാലത്താണ് ദീപ നിഷാന്ത് എഴുതിയ "കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിർ " എന്ന പുസ്തകം വായിക്കാനിടയായത് . സത്യത്തിൽ ആ പുസ്തകം വായിച്ചപ്പോൾ എൻ്റെ കഥ ആരോ എന്നോട് തന്നെ പറയുന്നതുപോലെയാണ് എനിക്കനുഭവപ്പെട്ടത്. ചിലയിടങ്ങളിൽ അത്രയേറെ സാമ്യതകൾ കണ്ടെത്താനായി. മോഹൻലാലിനെ ആരാധിച്ചിരുന്ന ബാല്യവും ഡാൻസ് പഠിക്കണമെന്നാഗ്രഹിച്ച കൗമാരവും എൻ്റേതു കൂടിയായിരുന്നു... സൈക്കിൾ ബെല്ലിൻ്റെ ശബ്ദം സമ്മാനിച്ച ആകാംക്ഷ , ക്ലാസ് റൂമുകളിൽ കണ്ടുതീർത്ത ദിവാസ്വപ്നം, കാക്കപ്പുള്ളി തപ്പിയ പത്താം ക്ലാസ്കാരി , ഡ്രൈവിങ് അറിയാത്തതിലുള്ള അപകർഷതാബോധം.... ഇതൊക്കെ തന്നെയാണ് ഞാനും...
നമുക്ക് നമ്മുടെ കഥയെഴുതാൻ ജനറൽ knowledge ൻ്റെ ചോദ്യോത്തരവലിയിൽ നമ്മുടെ പേരുണ്ടാവണം എന്നില്ല , എന്ന് എന്നെ ഓർമ്മപ്പെടുത്തിയ അകലങ്ങളിലെ കൂട്ടുകാരി, നിനക്ക് നന്ദി...
എഴുതാൻ വേണ്ടി വിഷയങ്ങളെ ആലോചിച്ചു കൊണ്ടിരിക്കുമ്പോഴാണ് രണ്ടു വിഷയങ്ങൾ, എൻ്റെ കണ്ണുമുന്നിലിരുന്ന് , ഞാൻ ഇരിക്കുന്നത് പോലും വക വെക്കാതെ, പരസ്പരം മുടിക്ക് പിടിച്ചു വലിക്കുന്നത് കണ്ടത്... ! എന്നാ പിന്നെ ഇവരെ പറ്റി എഴുതാം എന്ന് വിചാരിച്ചപ്പോഴും പ്രശ്നം... എന്തെഴുതും? അങ്ങനെ അവളുടെ സ്കൂളിലെ ആദ്യദിനവും അവരുടെ കുഞ്ഞിവാശികളും അവളുടെ കുട്ടി ചോദ്യങ്ങളും ഞാൻ കുട്ടി കഥകളാക്കി... നാളെ നിങ്ങളത് വായിച്ചു നിൻ്റെ ബാല്യത്തെ നീ അറിയുകയാണെങ്കിൽ അതു തന്നെയാണ് എനിക്കു ലഭിക്കാവുന്ന ഏറ്റവും വലിയ അംഗീകാരം...
Part -1
അങ്ങനെ ഒരു ഓണക്കാലത്ത്....
ഈ ഓണക്കാലത്ത് ഇത് കുറിക്കുമ്പോൾ ഈ കഥയല്ല ഞാൻ എഴുതണം എന്ന് വിചാരിച്ചിരുന്നത് എന്നു ആദ്യമേ പറയട്ടെ.... എൻ്റെ മകളുടെ അദ്ധ്യായനജീവിതത്തിലെ ആദ്യത്തെ ഓണാഘോഷം, അവളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഓർമ്മകളിലൊന്നാക്കണമെന്നായിരുന്നു എന്റെ ആഗ്രഹം. അവളുടെ കുഞ്ഞി കാലുകൾ ഒരു വേദിയിൽ ചുവട് വെക്കുന്നത് കാണാനുള്ള എൻ്റെ ആഗ്രഹത്തെയും അവളുടെ സ്കൂളിൽ അമ്മമാരുടെ തിരുവാതിരയിൽ പങ്കെടുക്കാനുള്ള എൻ്റെ അവസരത്തെയും തട്ടിത്തെറിപ്പിച്ചു , ഉയർന്ന പനിയെ തുടർന്ന് അവളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു... ആശുപത്രിവാസം കഴിഞ്ഞു തിരികെയെത്തിയെങ്കിലും ഒരു നഷ്ടബോധം മനസിലുണ്ട്... ഇതിന് മുൻപ് എൻ്റെ ഓർമകളിലെ ഓണക്കാലം എൻ്റെ മകളുടെ ഓർമകളിൽ സമ്മാനിക്കാൻ ഞാൻ ശ്രമിച്ചില്ലല്ലോ... കഴിഞ്ഞ വർഷങ്ങളിലെല്ലാം ഓണം മറ്റേത് ദിവസത്തെയും പോലെ തന്നെയാണ് ഞങ്ങൾക്ക് കടന്നുപോയത്... പൂക്കളമൊരുക്കുന്നതും ഓണത്തപ്പനെ വരവേൽക്കുന്നതും അവർക്ക് എന്താണെന്ന് കൂടി അറിയില്ല... കോളേജ് പഠനകാലം മുതലേ പിശുക്കിന് പേരുകേട്ട ഒരാളാണ് ഞാൻ എന്നതുകൊണ്ടും മതപരമായ ആഘോഷങ്ങളിൽ നിന്നും അകലം പാലിക്കുന്ന ഒരു നാസ്തികൻ ആണ് ഭർത്താവ് എന്നതുകൊണ്ടും അല്ല , ഏത് ആഘോഷം വന്നാലും " ബീഫ്" നെ പറ്റി മാത്രം ചിന്തിക്കുന്ന ഒരാളാണ് ഭർത്താവ് എന്നതുകൊണ്ടും പൂക്കൾ കാശുമുടക്കി വാങ്ങി പൂക്കളം ഇടാൻ മക്കളെ പ്രേരിപ്പിച്ചിട്ടില്ല... മുറ്റത്ത് നിൽക്കുന്ന ചെടികളിൽ നിന്നും പൂക്കൾ പറിക്കാതിരിക്കാൻ ഏട്ടൻ കുട്ടികളോട് ചോദിച്ച ചോദ്യം കരച്ചിലിൽ ആണ് അവസാനിച്ചത്,
"നമുക്ക് കൈയും കാലും തലയും ഒക്കെ ഉള്ളതുപോലെ ചെടികൾക്കും ഇലകളും പൂക്കളും കായ്കളുമൊക്കെയുണ്ട്. ആരെങ്കിലും നമ്മുടെ കൈ പിടിച്ചുവലിക്കുകയോ വേദനിപ്പിക്കുകയോ ചെയ്താൽ നമുക്ക് വേദനിക്കും. അതുപോലെ തന്നെ ചെടികളും ജീവനുള്ളവയാണ്. നമ്മൾ പൂക്കളും ഇലകളും വെറുതെ പറിച്ചുകളയുമ്പോൾ അവയ്ക്കും വേദനിക്കും. അതുകൊണ്ട് പൂക്കൾ പറിക്കാതെ ചെടികളെ സ്നേഹത്തോടെ നോക്കണം.”
പറഞ്ഞത് ഇതാണെങ്കിലും കരഞ്ഞു കലങ്ങിയ കണ്ണുകളോടെ മകളുടെ വ്യാഖ്യാനം മറ്റൊന്നായിരുന്നു, " അഛൻ എൻ്റെ കൈ പറിക്കൊന്നു പറഞ്ഞു.!!!!".. ആമയും മുയലിൻ്റെയും ഓട്ടമത്സരത്തിൻ്റെ കഥയിൽ പോലും സയൻ്റിഫിക് ടെംപർ തിരയുന്ന ഒരാളുടെ വിവരണത്തിൽ ഒരു മൂന്നു വയസ്സുകാരി കരഞ്ഞില്ലെങ്കിലെ അത്ഭുതമുള്ളൂ...!!!
ഈ വർഷം , എന്താണെന്ന് അറിയില്ല, ഓണത്തിനോട് ഒരു പ്രത്യേക കൗതുകം... കുട്ടിക്കാലത്തിലേത് പോലെ ചില ആഗ്രഹങ്ങളും പൂവണിയുന്നു... എൻ്റെ ഓർമകളിലെ ഓണം ഞങ്ങളുടെ തറവാട്ടിൽ ആയിരുന്നു. ഉള്ളിൽ ചെറിയ ചെറിയ പൊട്ടിത്തെറികൾ നടക്കുമ്പോഴും പുറമേ ഒരു മാതൃക കുടുംബം ആയിരുന്നു ഞങ്ങളുടേത്... അല്ലെങ്കിൽ മറ്റുള്ളവർ അറിയുന്ന രീതിയിൽ പ്രശ്നങ്ങളെ വലുതാക്കാൻ ആരും ശ്രമിച്ചില്ല... അച്ഛനൊക്കെ എട്ട് മക്കളാണ്. ഓണവും വിഷുവും എല്ലാം എല്ലാവരും ഒരുമിച്ചാണ് ആഘോഷിച്ചിരുന്നത്. അമ്മ അവർക്കായി അരി ഉണ്ടയും അവലോസുപൊടിയും ഉണ്ണിയപ്പവും ഒക്കെ ഉണ്ടാക്കും.. ചേച്ചിമാർക്ക് അരി ഉണ്ടയായിരുന്നു ഇഷ്ടം.. അവർക്ക് വേണ്ടി ഞാനും അത് ഇഷ്ടപ്പെട്ടു തുടങ്ങി. തിരുവോണ നാളിൽ മുറ്റത്ത് വലിയ പൂക്കളം ഒരുങ്ങും... മറ്റുദിനങ്ങളിൽ ഞാൻ മാത്രമല്ലേ പൂക്കളമിടുന്നത്. ഒരു ചെറിയ വട്ടത്തിൽ അത് അവസാനിക്കും. പറമ്പിലൊക്കെ പോയി പേരറിയാത്ത പൂക്കൾ ഞാൻ പൊട്ടിക്കും... ഒരു നാൾ അടുത്ത വീട്ടിലെ പൂക്കളം കണ്ട് കൊതിച്ചു അമ്മയോട് ഒരു പൂക്കളം ഒരുക്കാൻ ആവശ്യപ്പെട്ടു. പല്ലു തേക്കുന്ന യജ്ഞത്തിലായിരുന്നു അമ്മ. അമ്മക്ക് അതിന് വേണ്ടിയിരുന്നത് ഒരു മണിക്കൂർ ആണ്. ബ്രഷും വായിലിട്ടു പറമ്പിലൂടെ നടക്കും. പുറം പണികളൊക്കെ ആ സമയത്ത് നടക്കും. പിന്നെ വഴിയിലൂടെ പോകുന്നവരോട് കുറച്ചു നാട്ടു വിശേഷം. അതിനിടയിലാണ് എൻ്റെ കടന്നു കയറ്റം. എൻ്റെ കുഞ്ഞി മനസ്സു വേദനിക്കാതിരിക്കാൻ അമ്മ എതിരൊന്നും പറഞ്ഞില്ല. ബ്രഷ് വായിൽ ഒരുവശത്തേക്ക് കടിച്ചുപിടിച്ച്, അമ്മയെപ്പോലൊരാളെക്കൂടി കയറ്റാൻ കഴിയുമായിരുന്ന ആ നൈറ്റി അരയിൽ കുത്തിവെച്ച്, ഉപ്പൂറ്റി മണ്ണിലൂന്നി അമ്മ ഒരു വൃത്തം വരച്ചു... എൻ്റെ പ്രതീക്ഷകൾ ചിറകു വിരിച്ചു... എന്നാൽ അതെല്ലാം തട്ടി തെറിപ്പിച്ചു കൊണ്ട് എൻ്റെ കൈയിൽ നിന്നു പൂവൊക്കെ വാങ്ങി അമ്മ ആ കളത്തിലേക്ക് ഇട്ടു. മഞ്ഞയും വയലറ്റും വെള്ളയും പച്ചയും നിറങ്ങൾ കൂടി കലർന്നു ഒരുമിച്ച് കിടന്നു . അമ്മയുടെ ആത്മഗതം പിന്നാലെ വന്നു, " കൊള്ളാം, അല്ലേ?" ... ദയനീയമായി ഞാൻ അമ്മയെ നോക്കി. ഞാൻ കരഞ്ഞോ ചിരിച്ചോ എന്നുള്ളത് എൻ്റെ ഓർമ്മയിലില്ല. സ്വഭാവഗുണം അനുസരിച്ചു പൊട്ടിത്തെറിക്കാനേ സാധ്യതയുള്ളൂ... പക്ഷേ , ഇന്നാലോചിക്കുമ്പോൾ ഞാൻ മനസ്സിലാക്കുന്നുണ്ട്, സത്യത്തിൽ തെറ്റു എൻ്റേതു തന്നെയാണ്. അമ്മയുടെ പാണ്ഡിത്യം ചിത്ര രചനയില്ലല്ല, അവിയൽ ഉണ്ടാക്കുന്നതാണ് എന്ന് ഞാൻ മനസ്സിലാക്കണമായിരുന്നു...
“നമ്മുടെ ബാല്യകാല ഓർമ്മകൾ നമ്മോടൊപ്പം അവസാനിക്കുന്നില്ല. നമ്മൾ മാതാപിതാക്കളാകുമ്പോൾ, നമ്മുടെ കുട്ടികൾക്കായി പുതിയ ഓർമ്മകൾ സൃഷ്ടിക്കാൻ തുടങ്ങുന്നു.”
Comments
Post a Comment