വിടപറയലിൻ്റെ ഭാഷ...

     

    ഞാൻ ഇവിടെ പറയുന്നത് ഒരു "അപ്പി" കഥയാണ്. 
നിങ്ങൾ എന്താണ് ഇപ്പോൾ ചിന്തിക്കുന്നത്?
 'തലക്കെട്ടും പറയാൻ പോകുന്നതും തമ്മിൽ ബന്ധമില്ലല്ലോ?' 🤔🤔🤔
എന്നാണോ? അതോ,
 'അയ്യേ.... അപ്പിക്കഥയോ ?😬😬😬
' എന്നാണോ?
 ആദ്യത്തേതാണെങ്കിൽ ,ഇതെന്താ… തലക്കെട്ട് വേറെ, കഥ വേറെ!” എന്ന് ഇപ്പോൾ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ, അതിൽ തെറ്റൊന്നുമില്ല...സത്യത്തിൽ, ആദ്യവായനയിൽ ഇവ രണ്ടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് തോന്നിയേക്കാം. പക്ഷേ, ബന്ധമുണ്ട്. ഈ കഥയിലൂടെ ആ രണ്ട് കാര്യങ്ങളെയും തമ്മിൽ ബന്ധിപ്പിക്കാനാണ് ഞാൻ പോകുന്നത്. ഇനി നിങ്ങളുടെ ചിന്ത രണ്ടാമത് പറഞ്ഞത് പ്രകാരം ആണെങ്കിൽ , അതിനു ഒരു ഒറ്റ അർഥം മാത്രം ഉള്ളൂ... നിങ്ങൾ ഒരു അമ്മ ആയിട്ടില്ല, അല്ലെങ്കിൽ അമ്മയെ പോലെ തന്നെ കുഞ്ഞിൻ്റെ ദിനചര്യകളിൽ ശ്രദ്ധ പുലർത്തുന്ന ചുരുക്കം ചിലർ അടങ്ങിയ അച്ഛൻ കാറ്റഗറിയിലും നിങ്ങൾ ഉൾപ്പെടുന്നില്ല... ഇതു രണ്ടു കാറ്റഗറിയിലും നിങ്ങൾ ഉൾപ്പെട്ടില്ലെങ്കിലും നിങ്ങൾ ' അയ്യേ ' എന്ന് ചിന്തിച്ചില്ലെങ്കിൽ നിങ്ങൾക്ക് വേറെ ലെവൽ സഹിഷ്ണുത തന്നെയാണ്.👍👍👍. 
ഇനി ഇത് രണ്ടും ചിന്തിക്കാതെ ഞാൻ പറയുന്നത് സുരാജ് വെഞ്ഞാറമൂടും ആ തിരുവനന്തപുരം സ്ലാങ്ങിലെ ‘അപ്പി’യും ആണെന്നാണോ നിങ്ങൾ വിചാരിച്ചത്… ഒന്ന് നിൽക്കണേ! 😄
ഇവിടെ ഞാൻ പറയുന്ന ‘അപ്പി’ അതല്ല കേട്ടോ.
ഇത് സിനിമയിലെ അപ്പിയല്ല… നമ്മുടെ കുഞ്ഞുങ്ങളുടെ ആ അപ്പിയാണ്! !!!

നിങ്ങൾക്ക് തോന്നിയേക്കാം, സ്വന്തം കുഞ്ഞിന്റെ അപ്പി കാണുമ്പോൾ പ്രത്യേകിച്ച് അമ്മമാർക്ക് എന്തുകൊണ്ടാണ് ഒരു അറപ്പും അസ്വസ്ഥതയും തോന്നാത്തതെന്ന്. അതിനൊരു കാരണമുണ്ട്.
അമ്മയായിക്കഴിഞ്ഞാൽ കുഞ്ഞിന്റെ അപ്പിയും അമ്മയുടെ ദൈനംദിന ജീവിതത്തിന്റെ ഒരു ഭാഗമായിത്തീരും. മിക്ക അമ്മമാർക്കും അറിയാം—താൻ ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ, കൃത്യം ആ സമയത്ത് തന്നെ കുഞ്ഞ് അപ്പിയിടാൻ തുടങ്ങുമെന്ന്! അരമണിക്കൂർ നേരത്തെ ഭക്ഷണം കഴിക്കാമെന്ന് കരുതിയാലും, അരമണിക്കൂർ വൈകി കഴിക്കാമെന്ന് തീരുമാനിച്ചാലും, കുഞ്ഞ് ആ പ്രത്യേക നിമിഷത്തിനായി കാത്തിരിക്കുന്നതുപോലെയാണ് തോന്നുക.
അമ്മ ഭക്ഷണം കഴിക്കാൻ ഇരുന്നാൽ മാത്രം കുഞ്ഞിനും അപ്പിയിടാൻ ഒരു പ്രത്യേക താൽപര്യം! 
ഇത് അമ്മയായാൽ മാത്രം മനസ്സിലാകുന്ന ഒരു പ്രകൃതിനിയമം പോലെയാണ്.
അങ്ങനെ, കാലം കഴിയുമ്പോൾ കുഞ്ഞിന്റെ അപ്പി കാണുമ്പോഴുണ്ടായിരുന്ന അറപ്പും അസ്വസ്ഥതയുമൊക്കെ നമ്മൾ പതിയെ മറന്നുപോകും. ഒരുപക്ഷേ, ‘അറപ്പ്’ എന്നൊരു വികാരം തന്നെ എന്താണെന്ന് മറന്നുപോകും.
പക്ഷേ അമ്മയാകുന്നതിന് മുമ്പ് നമ്മളും മറ്റുള്ളവരെപ്പോലെ തന്നെയായിരുന്നു. അപ്പിയെക്കുറിച്ച് കേട്ടാൽ പോലും അതേ അറപ്പും അസ്വസ്ഥതയും തോന്നിയിരുന്നവർ.

ഈ കാര്യത്തിൽ എന്റെ വീടും ഒട്ടും വ്യത്യസ്തമല്ല. എനിക്കും രണ്ട് മക്കളുണ്ട്.💃💃
ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കാൻ പോകുന്നുവെന്ന് അറിഞ്ഞാൽ മതി—രണ്ടുപേർക്കും ഒരേ സമയത്ത് ഓരോ ആവശ്യം തോന്നും.
“എനിക്ക് അപ്പിയിടണം…”
“എനിക്ക് മൂത്രമൊഴിക്കണം…”
എന്നിങ്ങനെ ദിവസവും, കൃത്യം ഞാൻ ഭക്ഷണം കഴിക്കാൻ ഇരിക്കുന്ന സമയത്ത് തന്നെ അവരുടെ പരിപാടികൾ തുടങ്ങും.
ഇനി ഒരാൾ, “എനിക്ക് അപ്പിയിടണം” എന്ന് പറഞ്ഞാൽ മതി, അടുത്ത നിമിഷം മറ്റേയാളും അതേ ആവശ്യം ഉന്നയിക്കും.
പിന്നെ രണ്ടുപേരും തമ്മിൽ തർക്കമാണ്.🤼‍♀️🤼‍♀️🤼‍♀️
“ഞാനാണ് ആദ്യം പോകുന്നത്!”
“അല്ല, ഞാൻ ആദ്യം പോകും!”
ഇത് കാണുമ്പോഴൊക്കെ എനിക്ക് ഓർമ്മ വരുന്നത് റാംജി റാവു സ്പീക്കിംഗ് സിനിമയിലെ ആ രംഗമാണ്. ഇന്നസെന്റ്, മുകേഷ്, സായികുമാർ എന്നിവർ അഭിനയിച്ച ആ സിനിമയിൽ ടോയ്ലറ്റിൽ ആദ്യം പോകുന്നതിനെച്ചൊല്ലിയുള്ള ആ തർക്കം ഓർമ്മയില്ലേ?
ഒടുവിൽ മുകേഷ് ടോയ്ലറ്റിൽ കയറിയപ്പോൾ, സായികുമാറിന്റെ പരാതി—അവൻ മനഃപൂർവ്വം അങ്ങനെ ചെയ്തതാണത്രേ! താൻ ആദ്യം പോകാനിരുന്നതാണെന്നും, അതുകൊണ്ടാണ് മുകേഷ് അങ്ങനെ ചെയ്തതെന്നും!
സിനിമയിൽ കണ്ടിരുന്ന ആ രംഗം അന്ന് ഒരു കോമഡിയായി തോന്നിയെങ്കിൽ, ഇപ്പോൾ അതിന്റെ ഒരു ലൈവ് വേർഷൻ എന്റെ വീട്ടിൽ ദിവസവും അരങ്ങേറുകയാണ്.
വ്യത്യാസം ഇത്രമാത്രം—അവിടെ ടോയ്ലറ്റിലേക്ക് ആദ്യം കയറാനുള്ള മത്സരമായിരുന്നു.
ഇവിടെ അതിനൊപ്പം അമ്മ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും ഒരു പ്രധാന ട്രിഗറാണ്! !!!

രണ്ടുപേരും “ഞാനാദ്യം പോകും! ഞാനാദ്യം പോകും!” എന്ന് പറഞ്ഞുകൊണ്ട് ടോയ്ലറ്റിലേക്ക് ഒരേ സമയം ഓടിയാലും, ആ ഓട്ടത്തിന് ഒരു സസ്പെൻസും ഇല്ല.🏃🏃🏃
ഫലം നേരത്തെ തന്നെ അറിയാം.
ഒന്നര വയസ്സിന്റെ സീനിയോറിറ്റി അവകാശപ്പെടുന്ന മൂത്തയാൾ തന്നെയായിരിക്കും ആദ്യം ടോയ്ലറ്റിൽ എത്തുക! 

    പതിവുപോലെ അന്നും മൂത്തയാൾ തന്നെയാണ് ആ റേസിൽ വിജയിച്ചത്. അവൾ കാര്യം സാധിച്ച ശേഷം ഇറങ്ങി, അവളെ കഴുകിക്കുന്നതിന് ഇടയിൽ ഇളയവൾ കൃത്യനിർവഹണത്തിന് കയറി. മൂത്തയാളെ കഴിക്കുന്നതിനിടയിൽ ആണ് ഞാൻ ഓർത്തത് ചോറ് മൂടി വെച്ചിട്ടില്ല 🍛🍛. കഴിക്കാൻ പോയപ്പോഴാണ് ഈ മത്സരയോട്ടം നടന്നത്. അകത്തേക്ക് കയറി ചോറും കറികളും മൂടി വെയ്ക്കുന്നതിനിടെ ടോയ്‌ലറ്റിൽ എന്തൊക്കെയോ സംസാരം കേട്ടു. ഇവൾ ഇത് ആരോടാണ് സംസാരിക്കുന്നത്? 🤔🤔🤔. മൂത്തയാൾ എന്നോടൊപ്പം പോന്നതാണ്.അൽപം അങ്കലാപ്പ് തോന്നാതിരുന്നില്ല. അവൾ അവളുടെ പാവകളോട് സംസാരിക്കാറുണ്ട്, അവരുടെ ലോകത്തിൽ അവയും ജീവനുള്ളതല്ലേ. പക്ഷേ  ഇത് ആരോടാണ്? ഞാൻ ടോയ്‌ലറ്റിലേക്ക് ചെന്നു, 😯
ക്ലോസറ്റിലേക്ക് നോക്കി, അവൾ എന്തൊക്കെയോ പറയുന്നുണ്ടായിരുന്നു, കൈകൾ കൊണ്ടുള്ള ആംഗ്യങ്ങളുടെ അകമ്പടിയും ഉണ്ടായിരുന്നു. അവൾ ആരോടാണ് സംസാരിക്കുന്നതെന്ന് എനിക്ക് മനസ്സിലായി—അവളുടെ സ്വന്തം അപ്പിയോട്! 😂
ഫ്ലഷ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അവൾ അപ്പിയോട് പറഞ്ഞു:
“ടാറ്റാ!”
അങ്ങനെ, ഫ്ലഷ് ചെയ്യുന്നതിന് മുമ്പ് സ്വന്തം അപ്പിക്ക് ഒരു സ്നേഹപൂർവ്വമായ യാത്രയയപ്പും നൽകി! !!!

ഇപ്പോൾ ഈ തലക്കെട്ടിന്റെ അർത്ഥം നിങ്ങൾക്ക് മനസ്സിലായെന്ന് ഞാൻ കരുതുന്നു...

ഒരു കുട്ടിയുടെ ലോകം നമ്മുടേതിൽ നിന്ന് തികച്ചും വ്യത്യസ്തമാണ്. അവർ ഓരോന്നിനും വില കൽപ്പിക്കും. ചുറ്റുമുള്ള ഓരോ വസ്തുവിനെയും അവർ എത്രമാത്രം വിലപ്പെട്ടതായി കാണുന്നു!
മുതിർന്നവരായ നമ്മൾ പലപ്പോഴും നമ്മുടെ സ്വന്തം ജീവിതത്തിന് പോലും വേണ്ടത്ര വില കൽപ്പിക്കാറില്ല. എന്നാൽ ഒരു കുട്ടിയെ സംബന്ധിച്ചിടത്തോളം, അവളുടെ അപ്പി പോലും വിലപ്പെട്ട ഒന്നാണ്.
അവൾ അതിനോട് ഒരു ജീവനുള്ള വ്യക്തിയോടെന്നപോലെ സംസാരിക്കുന്നു. അവൾ തന്റെ കളിപ്പാട്ടങ്ങളോടും പാവകളോടും സംസാരിക്കുന്നതുപോലെ തന്നെ.
ഒരു കുട്ടിയുടെ കണ്ണിലൂടെ നോക്കുമ്പോൾ, ജീവനുള്ളതും ജീവനില്ലാത്തതും തമ്മിലുള്ള അതിരുകൾ പോലും ചിലപ്പോൾ മാഞ്ഞുപോകുന്നു. അവരുടെ ലോകത്ത് ഓരോന്നിനും സ്വന്തമായൊരു സ്ഥാനവും പ്രാധാന്യവുമുണ്ട്...

Comments

Popular posts from this blog

ത്രികോണമിതി - ബ്ലാക്ക് ബോർഡിലെ ചോക്ക് വരകൾക്കപ്പുറം ....

ത്രികോണം, ആകൃതിയിലെ ആദ്യം ....

ഒരു കണ്ണീർക്കഥ